'മകള്‍ സ്‌കൂളില്‍ പോകാന്‍ തുടങ്ങി, അവളുടെ ഷെഡ്യൂള്‍ എന്നേക്കാള്‍ തിരക്കേറിയതാണ്'-പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും മകള്‍ക്കൊപ്പം | Photo: instagram/ priyanka chopra
പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും മകള്‍ക്കൊപ്പം | Photo: instagram/ priyanka chopra

സ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് നടി പ്രിയങ്ക ചോപ്ര. ഒരിടവേളക്ക് ശേഷം ഇന്ത്യന്‍ സിനിമയിലേക്ക് തിരിച്ചെത്തുന്ന പ്രിയങ്ക ഈ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്കില്‍നിന്ന് ഇന്ത്യയിലേക്കും തിരിച്ച് ന്യൂയോര്‍ക്കിലേക്കും യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്. 

മകള്‍ മാല്‍തി മേരി ചോപ്രയെ കാണാനും അവള്‍ക്കൊപ്പം സമയം ചെലവഴിക്കാനുമാണ് പ്രിയങ്ക ന്യൂയോര്‍ക്കിലേക്ക് പറന്നെത്തുന്നത്. അടുത്തിടെ തന്റെ പുതിയ ചിത്രമായ ഹെഡ്‌സ് ഓഫ് സ്റ്റേറ്റിന്റെ പ്രൊമോഷന്റെ ഭാഗമായി പങ്കെടുത്ത ഷോയില്‍ മകളെ കുറിച്ച് പ്രിയങ്ക വാചാലയായിരുന്നു. മൂന്നര വയസുകാരിയായ മാല്‍തി ന്യൂയോര്‍ക്കില്‍ സ്‌കൂളില്‍ പോകാന്‍ തുടങ്ങിയെന്നും അവളുടെ ഷെഡ്യൂള്‍ ഇപ്പോള്‍ തന്നേക്കാള്‍ തിരക്കേറിയതാണെന്നും പ്രിയങ്ക പറയുന്നു. 

'അവള്‍ പ്രായത്തിനേക്കാള്‍ കൂടുതല്‍ ബുദ്ധിയുള്ള കുട്ടിയാണ്. തമാശക്കാരിയായ അവള്‍ ചെറിയൊരു ഹാസ്യ നടിയാണ്. താന്‍ തമാശക്കാരിയാണെന്ന് അവള്‍ക്ക് അറിയുകയും ചെയ്യാം. അത് കൂടുതല്‍ നല്ലതാണ്. അവളിപ്പോള്‍ ഞങ്ങളുടെ ജീവിത്തതിലെ പ്രകാശമാണ്. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം. മകള്‍ ഇപ്പോള്‍ സ്‌കൂളില്‍ പോകുന്നുണ്ട്. അവള്‍ക്ക് കൂട്ടുകാരികളുണ്ട്. അവളുടെ ഷെഡ്യൂള്‍ എന്റേതിനേക്കാള്‍ തിരക്കേറിയതാണ്. ഒരുപാട് ക്ലാസുകളുണ്ട്. ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നു. അവള്‍ക്ക് മറ്റ് കുട്ടികളുമായി ഇടപഴകാന്‍ ഒരുപാട് ഇഷ്ടമാണ്. 'കൂട്ടുകാരിയുടെ അമ്മയ്ക്ക് മെസ്സേജ് അയക്കുമോ, എനിക്ക് അവളെ നാളെ കാണണം' എന്നെല്ലാം അവള്‍ എന്നോട് പറയും. അത് വളരെ ക്യൂട്ടാണ്.'-പ്രിയങ്ക പറയുന്നു. അച്ഛന്‍ നിക്ക് ജൊനാസിന്റേയും സഹോദരന്‍മാരുടേയും മ്യൂസിക് ബാന്റ് ആയ ജൊനാസ് ബ്രദേഴ്‌സിനെ അവള്‍ വിളിക്കുന്നത് 'ഡോനട്ട് ബ്രദേഴ്‌സ്' എന്നാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ക്കുന്നു. 


 

Content Highlights: priyanka chopra reveals malti marie is going to school in new york