ചെസ് ചാമ്പ്യൻ മുതൽ സംരംഭകവരെ; പ്രധാനമന്ത്രിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്ത് വനിതകൾ

ചെസ് ചാമ്പ്യന്‍, ശാസ്ത്രജ്ഞര്‍, സംരംഭക... അങ്ങനെ നീളുന്നു വനിതാ ദിനത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്തവരുടെ ലിസ്റ്റ്.
നാരി ശക്തിയുടെ ഭാഗമായി വനിതാ ദിനത്തില്‍ പ്രധാന മന്ത്രിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ സ്ത്രീകള്‍ കൈകാര്യം ചെയ്യുമെന്ന് ഫെബ്രുവരിയില്‍ അറിയിച്ചിരുന്നു. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച സ്ത്രീകളാണ് അവരുടെ അനുഭവങ്ങള്‍ പ്രധാനമന്ത്രിയുടെ എക്സ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ കുറിപ്പുകളായി പങ്കുവെച്ചത്.
ഗ്രാന്റ്മാസ്റ്റര്‍ പദവിയിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടം സ്വന്തമാക്കിയ ചെസ് ഗ്രാന്റ്മാസ്റ്റര്‍ വൈശാലിയാണ് വനിതാ ദിനത്തില്‍ പ്രധാന മന്ത്രിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്ത് പോസ്റ്റ് പങ്കുവെച്ച ആദ്യ താരം. സഹോദരന് രമേശ് ബാബു പ്രഗ്നാനന്ദയുടെ നേട്ടത്തിനു പിന്നാലെയായിരുന്നു സഹോദരി വൈശാലി രമേശ് ബാബുവിന്റെ വിജയം. ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന ചരിത്രത്തിലെ ആദ്യ സഹോദരനും സഹോദരിയുമെന്ന അപൂര്‍വ നേട്ടവും ഇരുവരും സ്വന്തമാക്കിയിരുന്നു.
2015-ല്‍, അണ്ടര്‍ 14 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഏഷ്യന്‍ യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പ് നേടിയാണ് വൈശാലി അന്താരാഷ്ട്ര ചെസ് രംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത്. പിന്നാലെ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ (ഐഎം) പദവിയും വൈശാലിക്ക് ലഭിച്ചു.
ജീവതത്തില്‍ ചെസ് ഏറെ മാറ്റങ്ങളുണ്ടാക്കി, താന്‍ സ്നേഹിക്കുന്ന ഈ കായികത്തിനായി കൂടതല്‍ സംഭവാനകള്‍ നല്കാന് ആഗ്രഹിക്കുന്നു. പെണ്‍കുട്ടികളുടെ കഴിവുകള്‍ വിശ്വസിച്ച് അവര്‍ക്ക് മികച്ച പിന്തുണ നല്കിയാല് അവര്‍ അസാമാന്യ പ്രകടനം കാഴ്ചവെക്കുമെന്നും വൈശാലി പ്രധാനമന്ത്രിയുടെ സമൂഹിക മാധ്യമങ്ങളിലൂടെ കുറിച്ചു.
ഐ.എസ്.ആര്.ഒ അഹമദാബാദ് സെന്ററില്‍ 24 വര്‍ഷമായി ശാസ്ത്ര രംഘത്ത് പ്രവര്‍ത്തിക്കുന്ന ആണവ ശാസ്ത്രജ്ഞ ശില്പി സോണി, ബാബ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ ബഹിരാകാശ ശാസ്ത്രജ്ഞ എലീന മിശ്ര എന്നിവരും പ്രധാനമന്ത്രിയുടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രവർത്തനമേഖലയെപ്പറ്റി കുറിപ്പ് പങ്കുവെച്ചു. ആണവ മേഖലയില്‍ ഇന്ത്യയിലെ സ്ത്രീകള്‍ കൈവരിച്ച വലിയ നേട്ടങ്ങളെ പ്രശംസിച്ചാണ് ഇരുവരും കുറിപ്പ് പങ്കുവെച്ചത്.
ഒമ്പത് വര്‍ഷം മുമ്പ് സ്വന്തമായി സ്റ്റാര്‍ട്ടപ്പ് കമ്പനി ആരംഭിച്ച ബിഹാറിലെ സ്വയംസംരംഭകയായ അനിത ദേവിയും തന്റെ അനുഭവക്കുറിപ്പ് പങ്കുവെച്ചു. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അനിത മികച്ച തൊഴിൽദാതാവുകൂടിയാണ്.
ഗ്രാമങ്ങളിലെ 35000-ത്തോളം സ്ത്രീകളെ സ്വയം പ്രാപ്തരാകാന്‍ സഹായിച്ച അജയ്ത ഷായും തൻ്റെ അനുഭവക്കുറിപ്പ് പങ്കുവെച്ചു. മൂന്ന് പതിറ്റാണ്ടായി സമര്‍ത്ഥ്യം സെന്റര്‍ ഫോര്‍ യൂണിവേഴ്സല്‍ ആക്സസബിലിറ്റിയുടെ സ്ഥാപകയായ അഞ്ജലി അഗര്‍വാളും പ്രധാന മന്ത്രിയുടെ സാമൂഹിക മാധ്യമ അക്കൗണ്ട് കൈകാര്യം ചെയ്തു.
Content Highlights: Chess Grandmaster to entrepreneurs, women who took over PM`s social media accounts