കാഴ്ചപരിമിതിയുള്ള കുഞ്ഞുങ്ങൾ പിറന്നാളാശംസിച്ച് പാടി; വികാരാധീനയായി രാഷ്ട്രപതി ദ്രൗപദി മുർമു | വീഡിയോ

കാഴ്ചപരിമിതിയുള്ള കുട്ടികളുടെ പാട്ടുകേട്ട് രാഷ്ട്രപതി ദ്രൗപദി മുർമു വികാരാധീനയായപ്പോൾ | Photos: PTI
കാഴ്ചപരിമിതിയുള്ള കുട്ടികളുടെ പാട്ടുകേട്ട് രാഷ്ട്രപതി ദ്രൗപദി മുർമു വികാരാധീനയായപ്പോൾ | Photos: PTI

ദെഹ്‌റാദൂൺ (ഉത്തരാഖണ്ഡ്): ജന്മദിന ആശംസ നേര്‍ന്ന് കാഴ്ചപരിമിതിയുള്ള കുട്ടികള്‍ പാടിയ പാട്ട് കേട്ട്‌ രാഷ്ട്രപതി ദ്രൗപദി മുർമു വികാരാധീനയായി. പിറന്നാൾദിനത്തിൽ ദെഹ്‌റാദൂണിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെന്റ് ഓഫ് പേഴ്‌സൺസ് വിത്ത് വിഷ്വൽ ഡിസെബിലിറ്റീസിൽനടന്ന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അവർ. പാട്ടിലൂടെയായിരുന്നു കുട്ടികൾ രാഷ്ട്രപതിക്ക് ജന്മദിനാശംസകൾ നേർന്നത്.

കുട്ടികൾ മനോഹരമായി പാടിയപ്പോൾ താൻ വികാരാധീനയായെന്ന് രാഷ്ട്രപതി പറഞ്ഞു. എനിക്ക് കരച്ചിൽ അടക്കാനായില്ല. ഹൃദയത്തിൽനിന്നാണ് അവർ വളരെ മനോഹരമായി പാടിയത്. ശാരീരിക വെല്ലുവിളികളാൽ ജനിക്കുന്ന കുട്ടികൾക്ക് ചില പ്രത്യേക കഴിവുകളുണ്ടാകും. അവരുടെ വിജയം സുനിശ്ചിതമാണെന്നും രാഷ്ട്രപതി പറഞ്ഞു.

രാഷ്ട്രപതിക്ക് 67, ആശംസകളുമായി നേതാക്കൾ

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അറുപത്തിയേഴാം ജന്മദിനത്തിൽ രാഷ്ട്രീയനേതാക്കളും മന്ത്രിമാരും ആശംസകൾ നേർന്നു. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾക്ക് രാഷ്ട്രപതിയുടെ ജീവിതവും നേതൃത്വവും പ്രചോദനംനൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പൊതുസേവനരംഗത്ത് രാഷ്ട്രപതി ഉന്നതനിലവാരം സൃഷ്ടിച്ചതായി ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ പറഞ്ഞു. കോൺഗ്രസ് പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയും ജന്മദിനാശംസകൾ നേർന്നു.

Content Highlights: President Droupadi Murmu Turns Emotional As Visually Impaired Children Sing Birthday Song | Video