'എന്റെ ശമ്പളത്തിന്റെ പാതി ലാഭിക്കാം'; മോദിയുടെ വർക്ക് ഫ്രം ഹോം ആഹ്വാനത്തെ പിന്തുണച്ച് സോഷ്യൽ മീഡിയ

പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം നേരിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങൾക്ക് മുമ്പാകെ ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചത് കഴിഞ്ഞദിവസമാണ്. ഒരുവർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കുക, യാത്രയ്ക്ക് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുക, ചരക്കുനീക്കത്തിന് റെയിൽവേയ്ക്ക് മുൻഗണന നൽകുക, കാർ പൂളിങ് പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെ പോകുന്നു പ്രധാനമന്ത്രിയുടെ നിർദേശങ്ങൾ. അക്കൂട്ടത്തിലൊന്നാണ് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള നിർദേശവും.
കോവിഡ് കാലത്ത് ഏറെ കേട്ടുപരിചയിച്ച വീട്ടിലിരുന്നുള്ള ജോലി അഥവാ വർക്ക് ഫ്രം ഹോം. വർഷങ്ങൾക്ക് ശേഷം വർക്ക് ഫ്രം ഹോം (ഡബ്ല്യുഎഫ്എച്ച്) ഇന്ത്യയിൽ വീണ്ടും ചർച്ചയാകുന്നത് പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തുടർന്നാണ്. രാജ്യത്തെ പ്രൊഫഷണലുകൾ ഇരുകൈയും നീട്ടിയാണ് ഇത് സ്വീകരിച്ചത്. വർക്ക് ഫ്രം ഹോം നിർദേശം സ്വാഗതം ചെയ്തുകൊണ്ട് ഒട്ടേറെ പേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിട്ടത്.
വർക്ക് ഫ്രം ഹോം അനുവദിക്കപ്പെട്ടാൽ തങ്ങൾക്ക് ഒരുപാട് പണം ലാഭിക്കാൻ കഴിയുമെന്നാണ് പലരും പറയുന്നത്. 'എന്റെ കമ്പനിയോട് വർക്ക് ഫ്രം ഹോം നൽകാൻ പറയൂ. എന്റെ ശമ്പളത്തിന്റെ പാതി എനിക്ക് ലാഭിക്കാൻ കഴിയും' എന്നാണ് ഒരാൾ എക്‌സിൽ കുറിച്ചത്. 'വർക്ക് ഫ്രം ഹോമിനോട് ഞാൻ യോജിക്കുന്നു. എല്ലാ ദിവസവും ഇന്ധനവും കത്തിച്ച്, നിങ്ങൾ കാണണമെന്ന് ആഗ്രഹിക്കാത്തവരുടെ മുഖം കാണാനായി ഓഫീസിലേക്ക് പോകുന്നതിൽ ഒരർഥവുമില്ല' എന്നാണ് സ്‌നേഹ എന്ന യുവതി എക്‌സിൽ പോസ്റ്റിട്ടത്.
ദിവസവും ഓഫീസിൽ വന്ന് ജോലി ചെയ്യുന്നത് തങ്ങളുടെ തിരഞ്ഞെടുപ്പല്ല എന്നാണ് ഒട്ടേറെ പേർ ചൂണ്ടിക്കാട്ടിയത്. 'വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് പ്രധാനമന്ത്രി മോദി പൗരന്മാരോട് ആഹ്വാനം ചെയ്തത്. ഐടി മേഖലയിൽ ഇത് സാധ്യമാണെന്ന് മാത്രമല്ല കൂടുതൽ ഉത്പാദനക്ഷമവുമാണ്. എന്താണ് അത് ചെയ്യുന്നതിൽ നിന്ന് നമ്മളെ തടയുന്നത്?' എന്ന് ഋഷിക ഗുപ്ത എന്ന യുവതി ലിങ്ക്ഡ് ഇന്നിൽ കുറിച്ചു.
Content Highlights: Prime Minister Narendra Modi recently urged citizens to adopt austerity measures, including working from home (WFH), to combat inflation triggered by West Asia's conflicts. This suggestion has received strong support from Indian professionals who view it as a major opportunity to save on commuting costs and fuel expenses.