മയക്കുമരുന്ന് ജീവിതം തകര്‍ത്തെന്ന് മൈക്കല്‍ ജാക്‌സന്റെ മകള്‍; മൂക്കില്‍ ദ്വാരംവീണു, ആറുവര്‍ഷം കഴിഞ്ഞിട്ടും ദുരിതം

പാരിസ് ജാക്‌സൺ | File Photo - AP, AFP
പാരിസ് ജാക്‌സൺ | File Photo - AP, AFP

മുന്‍കാല മയക്കുമരുന്ന് ഉപയോഗം ജീവിതം തകര്‍ത്തതിനെപ്പറ്റി തുറന്നുപറഞ്ഞ് പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ മകളും ഗായികയുമായ പാരിസ് ജാക്‌സണ്‍. ടിക് ടോക് വീഡിയോയിലൂടെയാണ് തുറന്നുപറച്ചില്‍. തന്റെ 'പെര്‍ഫൊറേറ്റഡ് സെപ്റ്റം' (മൂക്കിനുള്ളിലെ ദ്വാരം) അവര്‍ വീഡിയോയിലൂടെ വെളിപ്പെടുത്തി.

'ഇപ്പോള്‍ ശ്വാസമെടുക്കുമ്പോള്‍ ഒരു വലിയ വിസില്‍ ശബ്ദം കേള്‍ക്കാം' - ഫോണിന്റെ ഫ്‌ളാഷ്​ലൈറ്റ് മൂക്കിനുള്ളിലേക്ക് തെളിച്ചുകൊണ്ട് അവര്‍ പറഞ്ഞു. എനിക്ക് പെര്‍ഫൊറേറ്റഡ് സെപ്റ്റം എന്ന അവസ്ഥയുണ്ട്. കുട്ടികളേ നിങ്ങള്‍ മയക്കുമരുന്ന് ഉപയോഗിക്കരുത്'- അവര്‍ അഭ്യര്‍ഥിച്ചു.

മുന്‍കാല മയക്കുമരുന്ന് ഉപയോഗം ജീവിതം നശിപ്പിച്ചു. മയക്കുമരുന്ന് ഉപയോഗിക്കാന്‍ ആരെയും പ്രോത്സാഹിപ്പിക്കില്ല. ആറ് വര്‍ഷമായി ലഹരിയില്‍ നിന്ന് മുക്തയാണ്. പക്ഷേ, ലഹരി ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇപ്പോഴും അനുഭവിക്കുന്നുണ്ട്.

ശസ്ത്രക്രിയയ്ക്ക് വിധേയയാകുമ്പോള്‍ ഗുളികകള്‍ കഴിക്കേണ്ടിവരും എന്നതിനാല്‍ മൂക്ക് ശരിയാക്കാനുള്ള ശസ്ത്രക്രിയ നടത്താന്‍ പദ്ധതിയില്ല. 20 വയസ് കടുത്ത ബുദ്ധിമുട്ടുകളുണ്ടെന്നും അത് തന്റെ സംഗീത ജീവിതത്തെ ബാധിക്കുമെന്നും 27-കാരിയായ അവര്‍ കൂട്ടിചേര്‍ത്തു.

മുന്‍പ് പാരീസ് ഫാഷന്‍ വീക്കില്‍ താന്‍ ധരിച്ച സുതാര്യമായ വസ്ത്രത്തെ പരിഹസിച്ച വിമര്‍ശകര്‍ക്ക് കടുത്ത മറുപടിയുമായി അവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. 'എന്തിനാണ് മനുഷ്യശരീരം ഇത്രയധികം ആളുകളില്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അത് ശരീരം മാത്രമാണ്. ഒരു മൃഗമായ മനുഷ്യന്റെ ശരീരം മാത്രം.' - അവര്‍ പറഞ്ഞിരുന്നു.

മൈക്കല്‍ ജാക്‌സണ്‍ന്റെ രണ്ടാമത്തെ കുട്ടിയാണ് പാരീസ്. ജാക്സണ്‍-ഡെബ്ബി റോവ് ദന്തകികള്‍ക്ക് 1998 ലാണ് പാരിസ് ജനിക്കുന്നത്. 1999 ല്‍ ജാക്സണും ഡെബ്ബിയും വേര്‍പിരിഞ്ഞു. ഗായികയായ പാരീസ് മോഡലിങ് രംഗത്തേക്കും കടന്നതോടെ ഈ ഒരൊറ്റ ഫോട്ടോഷൂട്ട് കൊണ്ടുതന്നെ വമ്പന്‍ കരാറുകള്‍ സ്വന്തമാക്കിയിരുന്നു. മൈക്കിള്‍ ജാക്സണെ കൊലപ്പെടുത്തിയതാണെന്ന് ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പാരിസ് ആരോപിച്ചിരുന്നു.

അമിതമായ മരുന്ന് ഉപയോഗമാണ് ജാക്സന്റെ മരണത്തിന് കാരണമായി പറയപ്പെടുന്നത്.2009 ജൂണ്‍ 25 ന് ലോസ് ആഞ്ജലിസിലെ തന്റെ വാടക വീട്ടില്‍ ജാക്സണ്‍ ബോധരഹിതനായി വീഴുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

Content Highlights: Paris Jackson on the Physical Damage of Her Past: A Direct Message to Fans