'ഐശ്വര്യാ റായ്‌യെ ഞാൻ 'ഐഷ്' എന്ന് വിളിച്ചപ്പോൾ അഭിഷേക് ബച്ചൻ അസ്വസ്ഥനായി, എന്നെ രൂക്ഷമായി നോക്കി'

#Lifestyle Desk
അഭിഷേക് ബച്ചനും ഐശ്വര്യാ റായ്‌യും | Photo: PTI
അഭിഷേക് ബച്ചനും ഐശ്വര്യാ റായ്‌യും | Photo: PTI

ലോകമെങ്ങും സെലിബ്രിറ്റികളെ പിന്തുടർന്ന് ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി ആരാധകരിലെത്തിക്കുന്നവരാണ് പാപ്പരാസികൾ. ഇന്ത്യയിലും ധാരാളം പാപ്പരാസികളുണ്ട്. സിനിമാതാരങ്ങളിലാണ് ഇവർ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പാപ്പരാസികൾ പകർത്തി പങ്കുവെച്ച ഒട്ടേറെ ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അങ്ങനെയുള്ള ഇന്ത്യൻ പാപ്പരാസി ഫോട്ടോഗ്രാഫർമാരിൽ പ്രധാനപ്പെട്ടയാളാണ് സ്‌നേഹ്കുമാർ സാല. സെലിബ്രിറ്റികളുടെ പിന്നാലെയുള്ള ഓട്ടത്തിനിടെയുണ്ടായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് അദ്ദേഹം.

ബോളിവുഡ് താരദമ്പതിമാരായ ഐശ്വര്യാ റായ്‌യും അഭിഷേക് ബച്ചനും വളരെ മാന്യമായി പെരുമാറുന്നവരാണെന്ന് അദ്ദേഹം പറയുന്നു. മകൾ ആരാധ്യ ഒപ്പമുള്ള സമയങ്ങളിൽ പലപ്പോഴും അവർ മൂവരും ഒന്നിച്ച് പുഞ്ചിരിയോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യാറുമുണ്ട്. അതേസമയം അഭിഷേക് ബച്ചൻ ഒറ്റയ്ക്ക് യാത്ര പോകുമ്പോൾ ഫോട്ടോയെടുക്കാൻ അനുവദിക്കാറില്ലെന്നും സ്‌നേഹ്കുമാർ പറഞ്ഞു. ഹിന്ദി റഷ് എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

'എന്റെ ജോലിയുടെ തുടക്കകാലത്ത് ഒരിക്കൽ വിമാനത്താവളത്തിൽ വെച്ച് ഐശ്വര്യയേയും അഭിഷേകിനേയും കണ്ടു. ഞാൻ ഐശ്വര്യയെ 'ഐഷ്' എന്ന് വിളിച്ചു. ആ സമയം അഭിഷേക് എന്നെ രൂക്ഷമായി നോട്ടം നോക്കി. അപ്പോൾ എനിക്ക് മനസിലായി, ഞാൻ അവരെ 'ഐഷ്' എന്ന് വിളിക്കാൻ പാടില്ലായിരുന്നുവെന്ന്.' -സ്‌നേഹ്കുമാർ തുടർന്നു.

'വിരാട് കോലിയും അനുഷ്‌കാ ശർമയും വളരെ സൗഹാർദപരമായാണ് പെരുമാറാറ്. അവർ ചിത്രങ്ങളെടുക്കാൻ പോസ് ചെയ്യുന്നവരാണ്. കുട്ടികളെ കാറിലിരുത്തിയശേഷം വന്നാണ് അവർ പോസ് ചെയ്യുക. ഒരിക്കൽ അവർ അവധി ആഘോഷിക്കാനായി പോകുകയായിരുന്നു. മകൻ അകായ്‌ കോലിയേയും എടുത്തുകൊണ്ടാണ് അനുഷ്‌ക വരുന്നത്. തന്റെ ചിത്രങ്ങൾ മാത്രമേ എടുക്കാവൂ, ഭാര്യയുടേയും മകന്റേയും ചിത്രങ്ങളെടുക്കരുതെന്ന് വിരാട് ഞങ്ങളോട് പറഞ്ഞു. ആ സമയം ഫോട്ടോഗ്രാഫർമാർ ആരാധകരെ പോലെ പെരുമാറി. അവർ വിരാടിനൊപ്പം ചിത്രമെടുക്കാൻ ശ്രമിച്ചു. അനുഷ്‌കയും കുഞ്ഞും കാത്തിരിക്കുകയാണെന്ന് മനസിലാക്കി അവർ ആ സമയം അദ്ദേഹത്തെ പോകാൻ അനുവദിക്കണമായിരുന്നു.' -സ്‌നേഹ്കുമാർ പറഞ്ഞു.

സെലിബ്രിറ്റികളിൽ അടുക്കാൻ പറ്റാത്തത് ബോളിവുഡ് നടി താപ്‌സി പന്നുവാണെന്നും അദ്ദേഹം പറഞ്ഞു. 'സെലിബ്രിറ്റികൾ സാധാരണ പരുഷമായി പെരുമാറാറില്ല. ചിലപ്പോഴൊക്കെ ചിത്രമെടുക്കരുതെന്ന് ഞങ്ങളോട് പറയും. അത്രമാത്രം. എന്നാൽ താപ്‌സി പന്നു പരുഷമായാണ് പെരുമാറുക. ഫോട്ടോ എടുക്കേണ്ട എന്നാണെങ്കിൽ അവർക്കത് പറഞ്ഞാൽ പോരേ. അവരെ കുറിച്ച് ഞാൻ മോശമായൊന്നും പറയുന്നില്ല. പക്ഷേ പെരുമാറ്റം പരുഷമാണെന്ന് മാത്രം.' -സ്‌നേഹ്കുമാർ പറഞ്ഞു.

Content Highlights: Renowned paparazzo Snehkumar Zala revealed that actor Abhishek Bachchan was displeased when he called Aishwarya Rai 'Aish' at an airport. He also shared insights on interactions with other stars like Virat Kohli, Anushka Sharma, and Taapsee Pannu.