ബിക്കിനി വീഡിയോ വൈറലായി, പിന്നാലെ ശകാരവര്‍ഷം; പോസ്റ്റ് മുക്കി പാക് മോഡല്‍

ബിക്കിനി വീഡിയോ പങ്കുവെച്ചതിന് സൈബര്‍ ആക്രമണം നേരിട്ടതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് പാകിസ്താനി മോഡല്‍. മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ 2024 മത്സരാര്‍ഥിയായ റോമ മൈക്കിളാണ് അസഭ്യവര്‍ഷത്തിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ബിക്കിനി വീഡിയോ ഡിലീറ്റ് ചെയ്തത്. മത്സരത്തിന്റെ ഭാഗമായ ബിക്കിനി റൗണ്ടില്‍ പങ്കെടുക്കുന്ന വീഡിയോയാണ് റോമ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നത്.
സ്വര്‍ണ നിറത്തിലുള്ള ബിക്കിനി ധരിച്ച് ആത്മവിശ്വാസത്തോടെ റാമ്പില്‍ ചുവടുവയ്ക്കുന്ന റോമയെയാണ് വീഡിയോയില്‍ കാണാനാവുക. നിരവധി പേരാണ് റോമയെ അഭിനന്ദിച്ചും പിന്തുണ അറിയിച്ചും വീഡിയോയ്ക്ക് കമന്റിടുകയും വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തത്. എന്നാല്‍ അധികം താമസിയാതെ റോമ സാമൂഹികമാധ്യമങ്ങളില്‍ നിന്നും വീഡിയോ നീക്കം ചെയ്യുകയായിരുന്നു.
പാകിസ്താനില്‍ നിന്നുമുള്ളവരുടെ വിദ്വേഷകമന്റുകള്‍ കാരണമാണ് റോമ വീഡിയോ പിന്‍വലിച്ചതെന്നാണ് നെറ്റിസണ്‍സിന്റെ കണ്ടുപിടിത്തം. യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഏഷ്യയില്‍നിന്നും ടെക്‌നോളജിയില്‍ എന്‍ജിനിയറിങ് ബിരുദം കരസ്ഥമാക്കിയ റോമ നടിയും മോഡലും ഇന്‍ഫ്‌ളുവന്‍സറുമാണ്. മിസ്സ് ഗ്രാന്‍ഡ് പാകിസ്താന്‍ 2024, മിസ്സ് ചാം പാകിസ്താന്‍ 2023 എന്നീ സൗന്ദര്യ മത്സരങ്ങളിലും വിജയി ആയിരുന്നു. നിരവധി പാകിസ്താനി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
Content Highlights: pakistani model roma michael deleted bikini video following hate comments