ഇന്ത്യയില്‍ നിരോധിച്ച ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ VPN വഴി കമന്റിട്ട് ആരാധകര്‍; വികാരാധീനയായി പാക് നടി

ഹാനിയ ആമിര്‍ | Photo: instagram/ hania aamir
ഹാനിയ ആമിര്‍ | Photo: instagram/ hania aamir

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് കലാകാരന്‍മാരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചിച്ചിരുന്നു. ഗായകരായ ആതിഫ് അസ്‌ലം, നുസ്‌റത് ഫതേഹ് അലി ഖാന്‍, അഭിനേതാക്കളായ മഹിറാ ഖാന്‍, ഫവാദ് ഖാന്‍, ഹാനിയ ആമിര്‍ തുടങ്ങിയവരുടെ ഇന്‍സ്റ്റഗ്രാമുകളാണ് ഇന്ത്യയില്‍ നിന്ന് അപ്രത്യക്ഷമായത്. ഇന്ത്യയില്‍ ഏറെ ആരാധകരുള്ള പാക് കലാകാരന്‍മാരാണ് ഇവര്‍.

ഇതോടെ ഇഷ്ട സെലിബ്രിറ്റിയുടെ വിശേഷങ്ങള്‍ അറിയാനും പ്രിയ താരങ്ങളുടെ ചിത്രങ്ങള്‍ കാണാനും ചിലര്‍ വിപിഎന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്കുകള്‍) സൗകര്യം ഉപയോഗിച്ചിരിക്കുകയാണ്. നിരോധനം നിലവില്‍ വന്നിട്ടും ഇന്ത്യന്‍ ആരാധകരില്‍നിന്ന് നടി ഹാനിയ ആമിറിന് സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. ഹാനിയയുടെ പോസ്റ്റിന് താഴെ ഇക്കാര്യം പറയുന്ന കമന്റുകള്‍ കാണാം. 

വിപിഎന്‍ സബ്‌സ്‌ക്രിപ്ഷന്‍ എടുത്തത് താങ്കള്‍ക്ക് വേണ്ടി മാത്രമാണെന്നായിരുന്നു ഒരു ഇന്ത്യന്‍ ആരാധകന്റെ കമന്റ്. ഈ കമന്റിന് ഹാനിയ 'ലവ് യൂ' എന്ന് മറുപടി നല്‍കി. മറ്റൊരു കമന്റില്‍, ഇന്ത്യക്കാര്‍ വിപിഎന്‍ ഉപയോഗിക്കുന്നതിനാല്‍ വിഷമിക്കേണ്ടെന്ന് ഒരു ആരാധകന്‍ പറഞ്ഞപ്പോള്‍, വികാരാധീനയായ ഹാനിയ 'ഞാന്‍ കരഞ്ഞുപോകും' എന്ന് മറുപടി നല്‍കി. ഈ സംഭാഷണങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയും ചെയ്തു. 

ഹാനിയയുടെ അക്കൗണ്ട് ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ടെങ്കിലും രാജ്യത്തിന് പുറത്ത് ലഭ്യമാണ്. ഒരു ഉപയോക്താവിന് അവരുടെ ഐപിയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം മാറ്റാന്‍ അനുവദിക്കുന്ന സംവിധാനമാണ് വിപിഎന്‍. ഇത് ആ വ്യക്തി ലോകത്ത് മറ്റെവിടെയെങ്കിലും നിന്നാണ് നെറ്റ് ഉപയോഗിക്കുന്നതെന്ന് നെറ്റ്‌വര്‍ക്കിനെ തെറ്റിദ്ധരിപ്പിക്കുന്നു. ഹാനിയയുടെ നിരവധി ആരാധകര്‍ ഇത് ഉപയോഗിച്ചാണ് അവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കമന്റുകള്‍ പങ്കുവെച്ചത്. 


 


 

Content Highlights: pak actor hania aamir is overwhelmed at indian fans using vpn after India bans her instagram