'ഈ ജീവിതകാലം മുഴുവന്‍ അച്ഛന്റെ ഓര്‍മകള്‍ എന്നോടൊപ്പമുണ്ടാകും'- ധര്‍മേന്ദ്രയ്ക്ക് 90-ാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഇഷ

ഡിസംബര്‍ എട്ടിന് 90 വയസ് പൂര്‍ത്തിയാകേണ്ടിയിരുന്ന നടന്‍ ധര്‍മേന്ദ്ര തന്റെ ജന്മദിനത്തിന് രണ്ടാഴ്ച്ച മുമ്പാണ് അന്തരിച്ചത്. മുംബൈയിലെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. ഇപ്പോഴിതാ ധര്‍മേന്ദ്രയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു നീണ്ട കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മകളും നടിയുമായ ഇഷ ഡിയോള്‍. അച്ഛനൊപ്പമുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പമുണ്ട്.
ഹൃദയത്തില്‍ വളരെ വിലപ്പെട്ടതായി അച്ഛന്‍ തന്ന സ്‌നേഹം സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും ഈ സ്‌നേഹത്തിനും വാത്സല്യത്തിനും പകരമാകാന്‍ മറ്റൊന്നിനും കഴിയില്ലെന്നും ഇഷ കുറിച്ചു. അച്ഛനെപ്പോലെ തന്നെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് ആളുകളിലേക്ക് അച്ഛന്റെ സ്‌നേഹം പകരാന്‍ താന്‍ എന്റെ പരമാവധി ശ്രമിക്കുമെന്നും ഇഷ പറയുന്നു.
'പ്രിയപ്പെട്ട അച്ഛാ, നമ്മുടെ ഉടമ്പടി, ഏറ്റവും ശക്തമായ ബന്ധം, എല്ലാ ജന്മങ്ങളിലും എല്ലാ ലോകങ്ങളിലും അതിനപ്പുറവും നമ്മെ ഒരുമിപ്പിക്കുന്നു. നമ്മള്‍ എപ്പോഴും ഒന്നിച്ചാണ്. സ്വര്‍ഗമായാലും ഭൂമിയായാലും നമ്മള്‍ ഒന്നാണ്. ഇപ്പോള്‍ ഞാന്‍ നിങ്ങളെ എന്റെ ഹൃദയത്തില്‍ വളരെ മൃദുവായി ശ്രദ്ധയോടെ വിലപ്പെട്ടതായി സൂക്ഷിച്ചിരിക്കുന്നു. ഈ ജീവിതകാലം മുഴുവന്‍ എന്നോടൊപ്പമുണ്ടാകും.
ഓര്‍മകള്‍, ജീവിത പാഠങ്ങള്‍, ഉപദേശങ്ങള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ഊഷ്മളത, നിരുപാധികമായ സ്‌നേഹം, അന്തസ്സ്, ശക്തി എന്നിവയെല്ലാം ഒരു മകളെന്ന നിലയില്‍ നിങ്ങള്‍ എനിക്ക് നല്‍കിയത് മറ്റൊന്നിനും പകരംവെക്കാനോ തുലനം ചെയ്യാനോ കഴിയില്ല. അച്ഛാ നിങ്ങളെ വല്ലാതെ മിസ് ചെയ്യുന്നു. ഏറ്റവും സുഖപ്രദമായ പുതപ്പ് പോലെ തോന്നിയ നിങ്ങളുടെ ആലിംഗനങ്ങള്‍, എന്റെ പേര് വിളിക്കുന്ന നിങ്ങളുടെ ശബ്ദം, അതിനെ തുടര്‍ന്നുള്ള അനന്തമായ സംഭാഷണങ്ങള്‍, ചിരി, ഷായിരികള്‍. 'എപ്പോഴും വിനയത്തോടെ, സന്തോഷത്തോടെ, ആരോഗ്യത്തോടെ, ശക്തനായിരിക്കുക' എന്ന് നിങ്ങള്‍ എപ്പോഴും പറയുന്നതെല്ലാം മനസിലേക്കെത്തുന്നു.
അഭിമാനത്തോടെയും ബഹുമാനത്തോടെയും നിങ്ങളുടെ പൈതൃകം തുടരും. നിങ്ങളെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് ആളുകളിലേക്ക് നിങ്ങളുടെ സ്‌നേഹം പകരാന്‍ ഞാന്‍ പരമാവധി ശ്രമിക്കും. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു അച്ഛാ. നിങ്ങളുടെ പ്രിയപ്പെട്ട മകള്‍, നിങ്ങളുടെ ഇഷ, നിങ്ങളുടെ ബിട്ടു.'-ഇഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Content Highlights: on dharmendras 90th birth anniversary a loving wish from daughter esha deol