പ്രണയമല്ല, പണമാണ് മുഖ്യം; യുഎസ്സിൽ പങ്കാളികൾ ഒന്നിച്ച് ജീവിക്കുന്നതിന്റെ കാരണം വ്യക്തമാക്കി സർവ്വേ

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

പരസ്പരം പ്രണയിക്കുന്നവര്‍ ഒന്നിച്ചുജീവിക്കുന്നത് ഇന്ന്  സ്വാഭാവികമായ ഒരു കാര്യമാണ്. യുഎസ് പോലെയുള്ള വികസിതരാജ്യങ്ങളില്‍ അത് പണ്ടുമുതലേ തുടര്‍ന്നുപോരുന്ന പതിവാണ്. വേർപിരിയാൻ കഴിയാത്ത അഗാധ പ്രണയവും പരസ്പരം താങ്ങായി തുടരാനുള്ള ഇഷ്ടവുമെല്ലാമാണ് അങ്ങനെ ഒന്നിച്ച് ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍. 

എന്നാല്‍ യുഎസ്സില്‍ നിന്ന് ഏറ്റവും പുതിയതായി പുറത്തുവരുന്ന സര്‍വ്വേയില്‍ പറയുന്നത് ഇപ്പോള്‍ പങ്കാളികള്‍ ഒന്നിച്ചുജീവിക്കാന്‍ കാരണം ഇതൊന്നുമല്ല എന്നാണ്. 'സെല്‍ഫ് ഫിനാന്‍ഷ്യല്‍' എന്ന സ്ഥാപനം ദേശീയതലത്തില്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. യുഎസ്സിലെ നാലിലൊരാള്‍ ബന്ധങ്ങളില്‍ 'കുടുങ്ങിക്കിടക്കുന്നത്' പങ്കാളിയെ ഒഴിവാക്കിയുള്ള ജീവിതം അവര്‍ക്ക് സാമ്പത്തികമായി താങ്ങാന്‍ കഴിയാത്തതിനാലാണ് എന്നാണ്. 

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 24 ശതമാനം പേരാണ് ഇത്തരത്തില്‍ ബന്ധങ്ങളില്‍ തുടരുന്നത്. വീടുകളുടെ വില, പണപ്പെരുപ്പം, ദൈനംദിന ജീവിതച്ചെലവുകള്‍ എന്നിവയെല്ലാം കുതിച്ചുയരുമ്പോള്‍ 'ബ്രേക്ക് അപ്പ്' എന്നത് സാമ്പത്തികാവസ്ഥയെ തകിടംമറിക്കുന്ന ഒന്നായി മാറുന്നുവെന്നാണ് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നത്. 

ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള വന്‍ നഗരങ്ങളില്‍ ഈ സാമ്പത്തിക ബുദ്ധിമുട്ട് ഗുരുതരാവസ്ഥയിലെത്തിയിട്ടുണ്ട്. ഒന്നിച്ചുജീവിക്കുന്നതിലൂടെ മാന്‍ഹട്ടാനിലെ 'ജീവിതപങ്കാളികൾ' പ്രതിവര്‍ഷം 50,000 ഡോളറാണ് ലാഭിക്കുന്നതെന്ന് ജെന്‍ സി തലമുറയില്‍ പെട്ടവര്‍ക്കായുള്ള ഫിനാന്‍സ് ആപ്പായ ഫ്രിച്ച് പറയുന്നു. തങ്ങളുടെ പക്കലുള്ള ഡാറ്റ വിശകലനം ചെയ്താണ് ഫ്രിച്ച് ഇക്കാര്യം വിശദീകരിക്കുന്നത്. ഒറ്റയ്ക്ക് ജീവിക്കുന്നവര്‍ അതിനേക്കാള്‍ കൂടിയ തുകയാണ് വീട്ടുവാടകയായി നല്‍കേണ്ടത്. 'സിംഗിള്‍ ടാക്‌സ്' എന്നാണ് ഇത്തരത്തില്‍ അധികമായി നല്‍കുന്ന തുക അറിയപ്പെടുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ സിംഗിള്‍ ടാക്‌സ് 40 ശതമാനമാണ് വര്‍ധിച്ചതെന്നും ഫ്രിച്ച് ചൂണ്ടിക്കാട്ടുന്നു. 

പങ്കാളികളെ ഒന്നിച്ച് താമസിക്കാന്‍ പ്രേരിപ്പിക്കുന്നതില്‍ മാത്രമല്ല, ബന്ധം വഷളാക്കുന്നതിലും പണത്തിന് പങ്കുണ്ടെന്ന് സെല്‍ഫ് ഫിനാന്‍ഷ്യല്‍ സര്‍വ്വേ പറയുന്നു. പണത്തിന്റെ പേരില്‍ പങ്കാളിയുമായി വഴക്കുണ്ടാക്കിയിട്ടുണ്ടെന്ന് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 86 ശതമാനം പേര്‍ പറഞ്ഞു. തങ്ങളുടെ ബ്രേക്ക് അപ്പിന്റെ മുഖ്യകാരണം സാമ്പത്തികമായിരുന്നുവെന്നാണ് മറ്റൊരു ചോദ്യത്തിന് മറുപടിയായി 41 ശതമാനം പേരും പറഞ്ഞത്. 

Content Highlights: It's not love, it's rent! American couples are staying together because of the economy