ലോകകപ്പിൽ നിന്ന് മൊറോക്കോ പുറത്തായതിന് പിന്നാലെ കണ്ണീരണിഞ്ഞ് നടി നോറാ ഫത്തേഹി; വീഡിയോ വൈറൽ

ഇത്തവണത്തെ ഫിഫാ ലോകകപ്പിനുള്ള ഔദ്യോഗികഗാനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരിൽ പ്രധാനിയായ ഇന്ത്യക്കാരിയാണ് ബോളിവുഡ് നടിയും ഗായികയുമായ നോറാ ഫത്തേഹി. ഇപ്പോഴിതാ അതേ ലോകകപ്പിന്റെ ഒരു മത്സരവേദിയിൽ നിന്നുള്ള നോറയുടെ വീഡിയോ വൈറലായിരിക്കുകയാണ്. ഫ്രാൻസിനോട് തോറ്റ് മൊറോക്കോ ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ സങ്കടം സഹിക്കാൻ കഴിയാതെ കണ്ണീരണിയുന്ന നോറയാണ് വീഡിയോയിലുള്ളത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് താരത്തെ ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം.
തന്റെ പ്രിയപ്പെട്ട ടീമായ മൊറോക്കോയ്ക്ക് പിന്തുണയുമായാണ് ഫ്രാൻസുമായുള്ള ക്വാർട്ടർ ഫൈനൽ മത്സരം കാണാനായി നോറ യുഎസ്സിലെ മസാച്യുസെറ്റ്‌സിലുള്ള ബോസ്റ്റൺ സ്‌റ്റേഡിയത്തിലെത്തിയത്. മൊറോക്കോയുടെ ചുവന്ന ജേഴ്‌സിയായിരുന്നു നോറ ധരിച്ചിരുന്നത്. ഗ്യാലറിയിലിരുന്ന് തന്റെ ടീമിനായി കൈയടിക്കുകയും ആർപ്പുവിളിക്കുകയുമെല്ലാം ചെയ്‌തെങ്കിലും ഒടുവിൽ ടീം പരാജയപ്പെടുകയും നോറ കരയുകയുമായിരുന്നു.
മൊറോക്കൻ വംശജയായതിനാലാണ് നോറാ ഫത്തേഹി ടീമിനെ പിന്തുണച്ചത്. കാനഡയിലാണ് ജനിച്ചതെങ്കിലും നോറയുടെ മാതാപിതാക്കൾ മൊറോക്കോ സ്വദേശികളാണ്. സ്വന്തം നാടുമായും അതിന്റെ പാരമ്പര്യവും സംസ്‌കാരവുമായുമെല്ലാം ശക്തമായ ബന്ധമാണ് നോറയ്ക്കുള്ളത്. മൊറോക്കോയുടെ എല്ലാ അന്താരാഷ്ട്ര ഫുട്‌ബോൾ മത്സരങ്ങളും നേരിൽ കാണാനായി നോറാ ഫത്തേഹി പോകാറുണ്ട്.
ലോകകപ്പും നോറയും
ഇത്തവണത്തെ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ സീർ സീർ ആലപിച്ചത് നോറാ ഫത്തേഹിയാണ്. കൂടാതെ ഗാനത്തിന്റെ വരികളെഴുതുന്നതിലും അവർ സഹകരിച്ചിട്ടുണ്ട്. ഇത്തവണത്തെ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങ് ജൂൺ 12-ന് കാനഡയിലെ ടൊറന്റോയിൽ നടന്നപ്പോൾ നോറയും ചുവടുവെച്ചിരുന്നു. സീർ സീർ ചിട്ടപ്പെടുത്തുന്നതിൽ മലയാളിയായ രജിത് ദേവും പങ്കുവഹിച്ചിട്ടുണ്ട്. മുംബൈയിൽ ജനിച്ച രജിതിന്റെ വേരുകൾ ഷൊർണൂരിലാണ്. ഒരുപതിറ്റാണ്ടോളമായി നോറയുമായി ചേർന്ന് പ്രവർത്തിക്കുന്നയാളാണ് രജിത്. അങ്ങനെയാണ് അദ്ദേഹത്തിന് ഈ അവസരം ലഭിച്ചത്.
Content Highlights: Bollywood star Nora Fatehi, who co-wrote and sang the official World Cup anthem Seer Seer, broke down in tears at the Boston Stadium after Morocco lost their quarter-final match against France.