താടിയുണ്ടെങ്കിൽ ഡേറ്റിങ് ഇല്ല; പെണ്‍കുട്ടികളുടെ വിചിത്രമായ ആവശ്യം, പകച്ച് യുവാക്കള്‍ | വീഡിയോ

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ഡേറ്റിങ് കള്‍ച്ചര്‍ അതിവേഗം വ്യാപിക്കുകയാണ് ഇന്ത്യയില്‍. ഡേറ്റിങ് ആപ്പുകള്‍ക്ക് രാജ്യത്ത് ലഭിക്കുന്ന പ്രചാരം ഇതിന് തെളിവാണ്. ഡേറ്റിങ്ങിനായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും വ്യത്യസ്തമായ നിബന്ധനകള്‍ മുന്നോട്ടുവെക്കാറുണ്ട്. ഇത് പലപ്പോഴും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെ ആശ്രയിച്ചുള്ളതാണ്. 

എന്നാല്‍ മധ്യപ്രദേശിലെ ഇന്ദോറിലുള്ള ഒരുകൂട്ടം പെണ്‍കുട്ടികള്‍ ഡേറ്റിങ്ങിന് പൊതുവായ നിബന്ധന മുന്നോട്ടുവെച്ചിരിക്കുകയാണ്. തങ്ങളുടെ ആവശ്യം മുദ്രാവാക്യമായി മുഴക്കി പെണ്‍കുട്ടികള്‍ പ്രകടനം നടത്തുന്നത് കൂടെ കണ്ടപ്പോള്‍ ആകെ അമ്പരന്നിരിക്കുകയാണ് ഇന്ദോറിലെ ചെക്കന്മാര്‍! 

പൂര്‍ണമായി ഷേവ് ചെയ്ത്, മുഖത്ത് ഒരു രോമം പോലുമില്ലാത്ത ബോയ്ഫ്രണ്ട്‌സിനെയാണ് തങ്ങള്‍ക്ക് വേണ്ടതെന്നാണ് പെണ്‍കുട്ടികള്‍ ആവശ്യപ്പെടുന്നത്. 'ബിയേഡ് ഹഠാവോ', 'നോ ക്ലീന്‍ ഷേവ്, നോ ലവ്' എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കി പെണ്‍കുട്ടികള്‍ നടത്തുന്ന പ്രകടനത്തിന്റെ വീഡിയോ ഇതിനകം സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. വീഡിയോ വൈറലായതോടെ താടി വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ആണുങ്ങള്‍ക്ക്  താടിയുള്ളതാണോ ഇല്ലാത്തതാണോ എന്നത് സംബന്ധിച്ച വാദപ്രതിവാദങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. 

ഇൻസ്റ്റാ​ഗ്രാമിലും എക്സിലുമാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. കോളേജ് വിദ്യാർഥികളെന്ന് തോന്നിക്കുന്ന പെൺകുട്ടികളാണ് വീഡിയോയിലുള്ളത്. അതേസമയം ഇതിന്റെ ആധികാരികത സംബന്ധിച്ചും ചിലർ ചോദ്യം ‌ഉയർത്തിയിട്ടുണ്ട്. വീഡിയോ തമാശയ്ക്ക് വേണ്ടി ചെയ്തതാണെന്ന് ചിലർ അഭിപ്രായപ്പെട്ടു. മറ്റ് ചിലർ ഇത് വെറും പബ്ലിസിറ്റി സ്റ്റണ്ടാണെന്നും അതല്ല, റീൽസിന് വേണ്ടി ചിത്രീകരിച്ചതാണെന്നും പറഞ്ഞു. എന്നാൽ ഇത് ഒരു ​ഗ്രൂമിങ് ഉത്പന്നത്തിന്റെ പരസ്യത്തിന്റെ ഭാ​ഗമായി ചെയ്തതായിരുന്നു.

Content Highlights: ‘No clean shave, no love’: Indore women's dating demands sparks discussion, watch viral video