'ഞാന്‍ മിസ് വേള്‍ഡ് കിരീടം നേടിയപ്പോള്‍ നിക്കിന് ഏഴ് വയസ്,അവനും അമ്മയും അന്ന് എന്നെ ടിവിയില്‍ കണ്ടു'

പ്രിയങ്ക ചോപ്ര മിസ് വേള്‍ഡ് കിരീടം നേടിയപ്പോള്‍/ പ്രിയങ്കയും നിക്ക് ജൊനാസും | Photo: instagram/ priyanka chopra
പ്രിയങ്ക ചോപ്ര മിസ് വേള്‍ഡ് കിരീടം നേടിയപ്പോള്‍/ പ്രിയങ്കയും നിക്ക് ജൊനാസും | Photo: instagram/ priyanka chopra

2000-ത്തില്‍ മിസ് വേള്‍ഡ് കിരീടം നേടിയപ്പോള്‍ തന്റെ ഭര്‍ത്താവ് നിക്ക് ജൊനാസ് ഏഴു വയസ്സുള്ള കുട്ടിയായിരുന്നുവെന്ന് വെളിപ്പെടുത്തി നടി പ്രിയങ്ക ചോപ്ര. ലണ്ടനില്‍ നടന്ന മത്സരത്തില്‍ കിരീടം ചൂടിയപ്പോള്‍ അമേരിക്കയിലെ വീട്ടിലിരുന്ന് ആ ചടങ്ങ് നിക്കും അമ്മ ഡെനീസ് മില്ലര്‍ ജൊനാസും ഒരിമിച്ചിരുന്ന് കണ്ടുവെന്നും പ്രിയങ്ക പറയുന്നു. ഇക്കാര്യം ഡെനീസ് മില്ലര്‍ തന്നെയാണ് വിവാഹശേഷം തന്നോട് പറഞ്ഞതെന്നും നടി വ്യക്തമാക്കുന്നു.

ലവ് എഗെയ്ന്‍ എന്ന പുതിയ ഹോളിവുഡ് ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജെന്നിഫര്‍ ഹഡ്‌സണന്റെ ടോക്ക് ഷോയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഈ ചിത്രത്തില്‍ നിക്കും അഭിനയിക്കുന്നുണ്ട്. 

'നിക്ക് ചെറിയ കുട്ടിയായിരുന്നപ്പോഴാണ് എന്നെ ആദ്യമായി കണ്ടത്. അതും ടെലിവിഷനിലൂടെ. വിവാഹശേഷം നിക്കിന്റെ അമ്മ തന്നെയാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. അതു കേട്ടപ്പോള്‍ കൗതുകവും അമ്പരപ്പും തോന്നി. പതിനെട്ടാം വയസ്സിലാണ് എനിക്ക് ലോകസുന്ദരി പട്ടം കിട്ടുന്നത്. ആ ചടങ്ങ് നിക്ക് കണ്ടിരുന്നുവെന്ന് അമ്മ പറഞ്ഞു. എന്നെ അന്ന് ടെലിവിഷനില്‍ കണ്ടതായി ഓര്‍ക്കുന്നുവെന്നും അവര്‍ പറഞ്ഞു. 2000 നവംബറില്‍ ആയിരുന്നു ഈ ചടങ്ങ്. അതിന് തൊട്ടുമുമ്പുള്ള ജൂലൈയില്‍ എനിക്ക് 18 വയസ്സ് പൂര്‍ത്തിയായിരുന്നു. പക്ഷേ ഞാന്‍ എന്താണ് ചെയ്യുന്നത് എന്നതിനെ കുറിച്ച് എനിക്ക് ഒരു ധാരണയും ഇല്ലായിരുന്നു. നിക്കിന്റെ അച്ഛന്‍ കെവിന്‍ സീനിയറിന് സൗന്ദര്യ മത്സരങ്ങള്‍ കാണുന്നത് വലിയ താത്പര്യമുണ്ടായിരുന്നു. അങ്ങനെയാണ് അന്ന് അവര്‍ മിസ് വേള്‍ഡ് മത്സരം കണ്ടത്. ഇതിനിടയില്‍ നിക്കും അവര്‍ക്ക് അരികിലെത്തി മത്സരത്തിന്റെ അവസാനഭാഗങ്ങള്‍ കാണുകയായിരുന്നുവെന്നും അമ്മ പറഞ്ഞു.'-പ്രിയങ്ക ചോപ്ര ടോക്ക് ഷോയില്‍ പറയുന്നു. 

2017-ലെ ഗലെ പുരസ്‌കാര വേദിയിലാണ് നിക്കും പ്രിയങ്കയും ആദ്യമായി കണ്ടുമുട്ടുന്നത്. തുടര്‍ന്ന് പ്രണയിക്കുകയും 2018 ഡിസംബറില്‍ വിവാഹിതരാകുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഇരുവര്‍ക്കും വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞ് പിറക്കുകയും ചെയ്തു. 
 

Content Highlights: nick jonas watched priyanka chopra win miss world as a seven year olad boy