'അച്ഛനായത് ചിന്തകളെ മാറ്റിമറിച്ചു'; മനസ്സ് തുറന്ന് ഗായകൻ നിക് ജോനാസ്

#Lifestyle desk
നിക് ജോണസും പ്രിയങ്ക ചോപ്രയും മകൾക്കൊപ്പം| ഫോട്ടോ: Instagram/@Nick Jonas
നിക് ജോണസും പ്രിയങ്ക ചോപ്രയും മകൾക്കൊപ്പം| ഫോട്ടോ: Instagram/@Nick Jonas

അച്ഛനായതിന് ശേഷം തന്റെ ചിന്തകളിലും കരിയറിലും വലിയ മാറ്റങ്ങളുണ്ടായതായി പ്രശസ്ത പോപ്പ് ഗായകനും നടനുമായ നിക് ജോനാസ്. ഭാര്യയും നടിയുമായ പ്രിയങ്ക ചോപ്രയ്ക്കൊപ്പം മകൾ മാൾട്ടി മേരിയെ വളർത്തുന്നതിനെക്കുറിച്ചും തിരക്കുകൾക്കിടയിലും കുടുംബത്തിന് സമയം കണ്ടെത്തുന്നതിനെക്കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്മാർട്ട്‌ലെസ്സ്' പോഡ്‌കാസ്റ്റിലാണ് താരം തന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.

അഭിനയമാണോ സംഗീതമാണോ നിലവിൽ കൂടുതൽ ആവേശം നൽകുന്നത് എന്ന ചോദ്യത്തിന്, മകളുടെ വരവോടെ ജീവിതത്തിലെ പല കാര്യങ്ങളെയും സമീപിക്കുന്നതിൽ വലിയ മാറ്റങ്ങളുണ്ടായെന്നായിരുന്നു നിക്കിന്റെ മറുപടി.

‘അച്ഛനായത് സംഗീതത്തിലും അഭിനയത്തിലും എന്നെ സർഗ്ഗാത്മകമായി ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. മകളുടെ കണ്ണുകളിലൂടെ ഈ ലോകത്തെ നോക്കിക്കാണാൻ തുടങ്ങിയതോടെ ചുറ്റുമുള്ള കാര്യങ്ങളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും എന്റെ ലോകവീക്ഷണം വിശാലമാക്കാനും എനിക്ക് സാധിക്കുന്നുണ്ട്’- നിക് ജോനാസ് പറഞ്ഞു.

ജുമാൻജി പോലുള്ള വലിയ ബിഗ് ബജറ്റ് ചിത്രങ്ങളും ഒപ്പം ചെറിയ ബജറ്റ് ചിത്രങ്ങളും ഒരുപോലെ ചെയ്യാൻ തനിക്കിഷ്ടമാണെന്നും താരം കൂട്ടിച്ചേർത്തു. മുൻപ് ഉണ്ടായിരുന്ന ടീൻ ഹാർട്ട്ത്രോബ് (യുവതികളുടെ ഹരമായ താരം) എന്ന ഇമേജിൽ നിന്ന് മാറി കൂടുതൽ ഗൗരവമുള്ളതും വൈകാരികവുമായ തലത്തിലേക്ക് ഉയരാൻ പിതൃത്വം സഹായിച്ചതായും അദ്ദേഹം പങ്കുവെച്ചു.

നിലവിൽ പ്രിയങ്ക ചോപ്ര തന്റെ പുതിയ ചിത്രമായ വാരാണസിയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഇന്ത്യയിലാണ്. ഈ സമയത്ത് മകളുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് യാത്രകളിലാണ് നിക്. അടുത്തിടെ ഹവായിയിൽ മകൾക്കൊപ്പം ചെലവഴിച്ച നിമിഷങ്ങളും ഡെൽഫിൻ സ്വിമ്മിങ്ങിന് കൊണ്ടുപോയതുമെല്ലാം അദ്ദേഹം പോഡ്‌കാസ്റ്റിൽ പങ്കുവെച്ചു. തന്റെ സംഗീത പരിപാടിക്കും മാൾട്ടിയെ താരം ഒപ്പം കൂട്ടാറുണ്ട്. കഴിഞ്ഞ ദിവസം ലാസ് വെഗാസിൽ നടന്ന കൺസേർട്ടിനിടെ മകൾ സദസ്സിലുണ്ടെന്ന് വിളിച്ച് പറഞ്ഞ് താരം കാണികൾക്ക് മുന്നിൽ വെച്ച് മാൾട്ടിക്ക് പ്രത്യേക സ്നേഹപ്രകടനവും നടത്തിയിരുന്നു.

2018-ൽ ജയ്‌പൂരിൽ വെച്ച് പ്രൗഢഗംഭീരമായ ചടങ്ങുകളോടെയായിരുന്നു പ്രിയങ്ക ചോപ്രയുടെയും നിക് ജോനാസിന്റെയും വിവാഹം. തുടർന്ന് 2022-ൽ വാടകഗർഭധാരണത്തിലൂടെയാണ് ഇരുവർക്കും മകൾ മാൾട്ടി മേരി ജനിക്കുന്നത്. മകളുടെ സ്വകാര്യത മാനിച്ചുകൊണ്ട് തന്നെ തങ്ങളുടെ കുടുംബജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.

Content Highlights: Pop star and actor Nick Jonas revealed on the 'SmartLess' podcast that becoming a father to daughter Malti Marie has deeply influenced his career, shifted his perspective, and helped him transition from a teen heartthrob to a more mature artist.