'ഹൈ-പ്രോട്ടീൻ ഡയറ്റുകൾ വെറും വിഡ്ഢിത്തം'; നീന ഗുപ്തയുടെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു

ഫിറ്റ്നസ് ലോകത്ത് ഏറെ ജനപ്രീതിയാർജ്ജിച്ച ഒന്നാണ് ഹൈ-പ്രോട്ടീൻ ഡയറ്റുകൾ. എന്നാൽ ഇത്തരം ഭക്ഷണരീതികൾ വെറും വിഡ്ഢിത്തമാണെന്ന് അഭിപ്രായപ്പെടുകയാണ് പ്രശസ്ത താരം നീന ഗുപ്ത. ദി നോഡ് മാധ്യമത്തിന് നൽകിയ റാപ്പിഡ്-ഫയർ അഭിമുഖത്തിലാണ് താരം തന്റെ വിയോജിപ്പ് വ്യക്തമാക്കിയത്. ‘ഈ ഡയറ്റുകളെല്ലാം... പ്രത്യേകിച്ച് ഹൈ-പ്രോട്ടീൻ ഡയറ്റ്, വെറും വിഡ്ഢിത്തമാണെന്നാണ് എനിക്ക് തോന്നുന്നത്’- നീന ഗുപ്ത പറഞ്ഞു.
പ്രോട്ടീൻ പൗഡറുകൾക്കും ഹൈ-പ്രോട്ടീൻ ഭക്ഷണങ്ങൾക്കും പിന്നാലെ ആളുകൾ പായുന്ന കാലഘട്ടത്തിൽ നീനയുടെ പ്രസ്താവന പോഷകാഹാര ചർച്ചയ്ക്കാണ് വഴിതുറന്നിരിക്കുന്നത്.
ശരീരത്തിന് പ്രോട്ടീൻ ആവശ്യമല്ലേ?
ഗുണങ്ങൾ ഉണ്ട്, പക്ഷേ അമിതമാകരുത്: പേശികളുടെ ആരോഗ്യം സംരക്ഷിക്കാനും പെട്ടെന്ന് വിശക്കാതിരിക്കാനും ശരീരഭാരം നിയന്ത്രിക്കാനും പ്രോട്ടീൻ സഹായിക്കും. എന്നാൽ പ്രോട്ടീൻ കൂടിയാൽ എല്ലാം ശരിയായി എന്ന് കരുതുന്നത് തെറ്റാണ്.
മറ്റ് പോഷകങ്ങളുടെ കുറവ്: പ്രോട്ടീനിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ പലരും നാരുകൾ, ശരീരത്തിനാവശ്യമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, കാർബോഹൈഡ്രേറ്റുൾ എന്നിവ അടങ്ങിയ പച്ചക്കറികളും പഴവർഗ്ഗങ്ങളും ധാന്യങ്ങളും ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുന്നു. ഇത് ദഹനക്കേടിനും കുടലിന്റെ ആരോഗ്യത്തെ ബാധിക്കാനും കാരണമാകും.
ആവശ്യങ്ങൾ വ്യത്യസ്തമാണ്: കഠിനമായ വ്യായാമം ചെയ്യുന്ന കായികതാരങ്ങൾക്കും പ്രായമായവർക്കും ആവശ്യമായ പ്രോട്ടീന്റെ അളവല്ല സാധാരണക്കാരായ ആളുകൾക്ക് വേണ്ടത്.
ട്രെൻഡുകൾക്ക് പിന്നാലെ പോകരുത്: ശരീരത്തിന് യഥാർത്ഥത്തിൽ ആവശ്യമുണ്ടോ എന്ന് നോക്കാതെ പ്രോട്ടീൻ സപ്ലിമെന്റുകൾ കഴിക്കുന്നതാണ് പ്രധാന പ്രശ്നം. ഇതിനിടയിൽ ആവശ്യത്തിന് വെള്ളം കുടിക്കുക, കൃത്യമായ ഉറക്കം, മാനസിക സമ്മർദ്ദം കുറയ്ക്കുക തുടങ്ങിയ കാര്യങ്ങൾ പലരും മറന്നുപോകുന്നു.
യഥാർത്ഥ ഫിറ്റ്നസ് എന്നത് ഏതെങ്കിലും ഒരു പ്രത്യേക പോഷകം മാത്രം കഴിക്കുന്നത് മാത്രമല്ല, മറിച്ച് എല്ലാ പോഷകങ്ങളും അടങ്ങിയ സമീകൃതാഹാരത്തിലൂടെയും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും കൂടിയാണ്.
Content Highlights: Renowned actress Neena Gupta has sparked a major nutrition debate by calling popular fitness trends, especially high-protein diets, "rubbish" in a recent rapid-fire interview, urging people to focus on a well-balanced diet instead.