'മുത്തച്ഛന്റെ സാന്നിധ്യത്തില്‍ ആര്‍ത്തവത്തെ കുറിച്ച് തുറന്ന് സംസാരിക്കുന്നത് തന്നെ പുരോഗതിയാണ്'

മുത്തച്ഛന് അമിതാഭ് ബച്ചന്റെ സാന്നിധ്യത്തില്‍ ആര്‍ത്തവത്തെ കുറിച്ച് പൊതുവേദിയില്‍ ചര്‍ച്ച ചെയ്യാന്‍ സാധിച്ചത് പുരോഗതിയുടെ അടയാളമാണെന്ന് കൊച്ചുമകള്‍ നവ്യ നവേലി നന്ദ. ഇത്തരം കാര്യങ്ങളെല്ലാം തുറന്ന് സംസാരിക്കാന്‍ സാധിക്കുന്ന ഒരു കുടുംബത്തിലാണ് ജനിച്ചത് എന്നതില്‍ അഭിമാനമുണ്ടെന്നും നവ്യ പറഞ്ഞു.
അടുത്തിടെ സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ അമിതാഭ് ബച്ചനൊപ്പം പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നവ്യ. നടിമാരായ ദിയ മിര്‍സ, രശ്മിക മന്ദാന എന്നിവരും ഈ പരിപാടിയുടെ ഭാഗമായി.
ആര്‍ത്തവത്തെ കുറിച്ചും സ്വന്തം ശരീരത്തെ കുറിച്ചും തുറന്നു സംസാരിക്കാന്‍ സാധിക്കുന്ന ഒരു കുടുംബാന്തരീക്ഷമല്ല ഇപ്പോഴും പല പെണ്‍കുട്ടികള്‍ക്കുമുള്ളതെന്ന് രശ്മിക മന്ദാന അഭിപ്രായപ്പെട്ടു. ഇതിനെ പിന്തുണച്ചാണ് അമിതാഭ് ബച്ചന് സംസാരം തുടങ്ങിയത്. ആര്‍ത്തവത്തെ പെണ്‍കുട്ടികളുടെ പുനരുദ്ധാരണമായി കണക്കാക്കണം എന്നും അദ്ദേഹം പറഞ്ഞു.
മുത്തച്ഛന് പറഞ്ഞതുപോലെ ആര്‍ത്തവം മറച്ചുവെയ്ക്കേണ്ട കാര്യമില്ലെന്നും അത് ജീവിതത്തിന്റെ അടയാളപ്പെടുത്തലാണെന്നും നവ്യ പ്രതികരിച്ചു. 'ആര്‍ത്തവം നമ്മള് മറച്ചുപിടിക്കേണ്ട ഒന്നല്ല. അത് നിഷിദ്ധമായ ഒരു കാര്യം ആണെന്നായിരുന്നു കുറച്ചുകാലം മുമ്പ് വരേയുള്ള ധാരണ. പക്ഷേ ഇപ്പോള്‍ അതില്‍ പുരോഗതി വന്നിട്ടുണ്ട്. മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഞാന്‍ ഇന്ന് എന്റെ മുത്തച്ഛനോടൊപ്പം സ്റ്റേജില്‍ ഇരുന്ന് ആര്‍ത്തവത്തെ കുറിച്ച് സംസാരിക്കുന്നു. അത് തന്നെ പുരോഗതിയുടെ അടയാളമാണ്. ഇത്തരം തുറന്ന പ്ലാറ്റ്ഫോമുകളില്‍ ഒരുപാട് പേരുടെ മുന്നില്‍ പണ്ട് നിഷിദ്ധമായ ഒരു കാര്യത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ഒരു സ്ത്രീ എന്ന നിലയില്‍ മാത്രമല്ല, ഒരു രാജ്യമെന്ന നിലയിലും നമ്മള് പുരോഗതി കൈവരിച്ചു എന്നാണ് വ്യക്തമാക്കുന്നത്.'-നവ്യ പറയുന്നു.
സ്ത്രീകളോടൊപ്പം പുരുഷന്മാരും ഈ സംഭാഷണങ്ങളില്‍ പങ്കാളികളാകുന്നു എന്നത് സമൂഹം മാറ്റത്തിന്റെ പാതയിലെത്തി എന്നതിനുള്ള തെളിവാണെന്നും നവ്യ കൂട്ടിച്ചേര്‍ത്തു. 'ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ വീട്ടില്‍ നിന്ന് തുടങ്ങണം. തങ്ങളുടെ ശരീരത്തില്‍ വളരെ സുരക്ഷിതരാണെന്ന് സ്ത്രീകള്‍ക്ക് വീട്ടിനുള്ളില്‍ നിന്ന് തന്നെ തോന്നണം. വീട്ടില്‍ നിന്ന് ലഭിക്കുന്ന പിന്തുണയാണ് ഒരു സ്ത്രീയെ ആത്മവിശ്വാസമുള്ള, കരുത്തുള്ള വ്യക്തിയായി മാറ്റാന്‍ സഹായിക്കുന്നത്. ഇക്കാര്യത്തില്‍ ഞാന്‍ ഭാഗ്യവതിയാണ്. എല്ലാ കാര്യങ്ങളെ കുറിച്ചും തുറന്ന് സംസാരിക്കാന്‍ സ്വാതന്ത്ര്യമുള്ള ഒരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും'-നവ്യ വ്യക്തമാക്കുന്നു.
അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത ബച്ചന്റേയും ബിസിനസുകാരന് നിഖില്‍ നന്ദയുടേയും മകളാണ് നവ്യ നവേലി നന്ദ. 25-കാരിയായ നവ്യ ഒരു സംരഭകയും മെന്റല്‍ ഹെല്‍ത്ത് അഡ്വക്കേറ്റുമാണ്.
Content Highlights: navya naveli nanda says that discussing menstruation with grandpa is a sign of progress