'ഇന്ത്യക്കാര്‍ക്ക് പിആർ വേണ്ട, ഹീറോകള്‍ നമുക്കിടയിലുണ്ട്'-10 ലക്ഷത്തിന്റെ ക്യാമറ തിരിച്ചുനല്‍കാന്‍ കിലോമീറ്ററുകള്‍ താണ്ടിയ ഡ്രൈവര്‍

നിഖില്‍ സൈനി | Photo: x/ nikhil saini
നിഖില്‍ സൈനി | Photo: x/ nikhil saini

മണാലിയിലെ ടാക്‌സി ഡ്രൈവറുടെ സത്യസന്ധതയ്ക്ക് കൈയടിച്ച് സോഷ്യല്‍ മീഡിയ. ഏകദേശം 10 ലക്ഷം രൂപ വിലമതിക്കുന്ന ക്യാമറ ഉപകരണങ്ങള്‍ ഉടമസ്ഥന് നല്‍കിയാണ് ടാക്‌സി ഡ്രൈവര്‍ എല്ലാവരുടേയും അഭിനന്ദനമേറ്റു വാങ്ങിയത്. മുംബൈ സ്വദേശിയായ നിഖില്‍ സൈനിക്കാണ് ക്യാമറയടങ്ങിയ തന്റെ ബാഗ് മണാലിയില്‍വെച്ച് നഷ്ടമായത്.

ടാക്‌സിയില്‍ മറന്നുവെച്ച ഈ ബാഗ് ഡ്രൈവര്‍ കാണുകയും വീണ്ടും വണ്ടിയോടിച്ചെത്തി തിരിച്ചുനല്‍കുകയുമായിരുന്നു. ഡ്രൈവറുടെ സത്യസന്ധതയെ അഭിനന്ദിച്ച് നിഖില്‍ എക്‌സില്‍ വീഡിയോ പങ്കുവെയ്ക്കുകയും ചെയ്തു. യാത്രക്കിടെ തന്റെ ക്യാമറാ ബാഗ് എങ്ങനെ നഷ്ടപ്പെട്ടുവെന്ന് നിഖില്‍ വീഡിയോയില്‍ വിവരിക്കുന്നുണ്ട്. ബാഗ് തിരികെ നല്‍കാന്‍ ഡ്രൈവര്‍ സതീഷ് കുമാര്‍ ഏറെ ദൂരം വണ്ടിയോടിച്ച് തിരിച്ചെത്തിയെന്നും അദ്ദേഹം പറയുന്നു. 'ഇന്ത്യക്കാര്‍ അതിശയോക്തിയില്‍ വിശ്വസിക്കുന്നില്ല. വലിയ രീതിയിലുള്ള പിആര്‍ സംസ്‌കാരവും ഞങ്ങള്‍ക്കില്ല. സത്യസന്ധരായ ഹീറോകള്‍ നമുക്കിടയില്‍ തന്നെയുണ്ട്' എന്നാണ് നിഖില്‍ വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയത്.

'എന്നെ ഹോട്ടലില്‍ ഇറക്കിവിട്ടപ്പോള്‍, കാറില്‍ വെച്ച ക്യാമറയുടെ കാര്യം ഞാന്‍ മറന്നുപോയിരുന്നു. അത് പൂര്‍ണമായും എന്റെ ഓര്‍മ്മയില്‍ നിന്ന് വിട്ടുപോയി. ഈ ക്യാമറയ്ക്ക് ഏകദേശം 4 ലക്ഷം രൂപയും മറ്റൊന്നിന് 4-5 ലക്ഷം രൂപയും വിലവരും. ഞാന്‍ അദ്ദേഹത്തോട് വളരെ നന്ദിയുള്ളവനാണ്. ഇത്രയും ആത്മാര്‍ത്ഥതയുള്ള ആളുകളെ കണ്ടെത്താന്‍ പ്രയാസമാണ്. ഇത് തിരികെ ഏല്‍പ്പിച്ച ഡ്രൈവര്‍ക്ക് ഞാന്‍ എന്റെ ഹൃദയത്തില്‍ നിന്നും നന്ദി പറയുന്നു.'-വീഡിയോയില്‍ നിഖില്‍ പറയുന്നു.

'ഇന്ത്യ വിടുന്നതിന്റെ ഗുണങ്ങള്‍- നിങ്ങളുടെ മാക്ബുക്ക് നഷ്ടപ്പെട്ടാല്‍ അധികാരികള്‍ അത് നിങ്ങള്‍ക്ക് തിരികെ നല്‍കും' എന്ന എക്‌സിലെ മറ്റൊരു വൈറല്‍ പോസ്റ്റിനുള്ള മറുപടിയായാണ് നിഖില്‍ ഈ വീഡിയോയും കുറിപ്പും പങ്കുവെച്ചത്. ഇതിന് താഴെ ഒട്ടേറെപ്പേരാണ് നിഖിലിനെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. ഭൂമിശാസ്ത്രപരമായ അതിരുകളില്‍ ഒതുങ്ങുന്ന ഒന്നല്ല സത്യസന്ധതയെന്നും അറിയപ്പെടാത്ത എണ്ണമറ്റ നായകന്മാര്‍ ഓരോ ദിവസവും നിശബ്ദമായി അത് ഉയര്‍ത്തിപ്പിടിക്കുന്നുവെന്നുമുള്ള ഓര്‍മപ്പെടുത്തലാണ് ഇതെന്നും ഒരാള്‍ കുറിച്ചു. 'ആളുകള്‍ ഇന്ത്യയെ വിമര്‍ശിക്കുമ്പോള്‍ മറ്റ് പല രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ രാജ്യത്തിന് ഒരുപാട് നല്ല വശങ്ങളും നേട്ടങ്ങളുമുണ്ടെന്ന് അവര്‍ അറിഞ്ഞിരിക്കണം' എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്.

Content Highlights: mumbai man thanks manali driver who brought back his lost bag worth rs 10 lakh