‘വിജയ്‌യെ കാണണം, സെൽഫിയെടുക്കണം’; മുഹമ്മദ് റാഫിയും ഷഹനയും താനൂരിൽനിന്ന് ചെന്നൈയിലേക്ക് നടക്കുന്നു

#Lifestyle Desk
വിജയ്, മുഹമ്മദ് റാഫിയും ഭാര്യ ഷഹനയും പട്ടാമ്പിയിലെത്തിയപ്പോൾ
വിജയ്, മുഹമ്മദ് റാഫിയും ഭാര്യ ഷഹനയും പട്ടാമ്പിയിലെത്തിയപ്പോൾ

പട്ടാമ്പി: 'ഇളയ ദളപതിയെ കാണണം, ആശംസ അറിയിക്കണം. തിരഞ്ഞെടുപ്പിൽ വലിയ വിജയം കൂടി നേടിയപ്പോൾ ഈ യാത്രയ്ക്ക് വലിയ സന്തോഷമാണുള്ളത്...' മുണ്ടക്കയം കല്ലുപുരയ്ക്കൽ വീട്ടിൽ മുഹമ്മദ് റാഫിയും ഭാര്യ താനൂർ സ്വദേശി സി.പി. ഷഹനയും പറഞ്ഞു.

കടുത്തവെയിലിൽ തളർച്ചയില്ലാതെ വിജയ്‌യെ കാണാനുള്ള കാൽനടയാത്രയിലാണ് ഇരുവരും. വിജയ് കൈകൂപ്പി നിൽക്കുന്ന ഫോട്ടോ പതിച്ച പ്ലക്കാർഡും കഴുത്തിൽ തൂക്കിയാണ് യാത്ര. വ്യാഴാഴ്ച ഉച്ചയോടെ താനൂരിൽനിന്ന് തുടങ്ങിയ യാത്ര വെള്ളിയാഴ്ച ഉച്ചയോടെ പട്ടാമ്പിയിലെത്തി.

ചെറുപ്പം മുതൽ ഇരുവരും വിജയ് ആരാധകരാണ്. ഇറങ്ങുന്ന സിനിമകളുടെയെല്ലാം ആദ്യ പ്രദർശനംതന്നെ കാണാൻ ശ്രമിക്കാറുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ ടി.വി.കെ. സഖ്യം വൻ വിജയം നേടിയതോടെ യാത്ര ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഇരുവരും പറയുന്നു.

താനൂർ മുതൽ ചെന്നൈവരെ 650 കിലോമീറ്റർ ദൂരമുണ്ട്. കുറ്റിപ്പുറം വഴി തൃത്താലയിലെത്തി. വ്യാഴാഴ്ച രാത്രി ആലൂരിലാണ് തങ്ങിയത്. കോയമ്പത്തൂർ വഴി യാത്ര തുടരാനാണ് ലക്ഷ്യം. പെട്രോൾ പമ്പുകളിലും കടമുറികളിലും മറ്റു സുരക്ഷിതമായ ഇടങ്ങളിലും രാത്രി ടെന്റ് കെട്ടി താമസിക്കും. ചെന്നൈയിൽ എത്തി, മുഖ്യമന്ത്രിയാകുന്ന വിജയ്‌ക്കൊപ്പം സെൽഫി എടുക്കണമെന്നാണ് ആഗ്രഹം.

ലോറി ഡ്രൈവറായ മുഹമ്മദ് റാഫി വ്ളോഗർ കൂടിയാണ്. കഴിഞ്ഞവർഷം ഇരുവരും കശ്മീരിലേക്ക് കാൽനടയാത്ര തുടങ്ങിയെങ്കിലും പ്രതികൂല കാലാവസ്ഥമൂലം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു.

Content Highlights: A couple from Kerala, Muhammad Rafi and Shahana, are walking 650 km from Tanur to Chennai to meet Vijay and take a selfie following his party's assembly election victory.