'പച്ചക്കറി അരിയുമ്പോള്‍ സ്ത്രീകള്‍ക്ക്‌ എന്ത് സമ്മര്‍ദ്ദമാണുള്ളത്?'- 'മിസിസി'നെതിരെ പുരുഷാവകാശ സംഘടന

മിസിസില്‍ സന്യ മല്‍ഹോത്ര/ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ നിമിഷ സജയന്‍ | Photo: X
മിസിസില്‍ സന്യ മല്‍ഹോത്ര/ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ നിമിഷ സജയന്‍ | Photo: X

ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ ഹിന്ദി റീമേക്കായ 'മിസിസ്' ഏറെ ശ്രദ്ധ നേടിയിരുന്നു. സന്യ മല്‍ഹോത്ര നായികയായ ചിത്രം നേരിട്ട് ഒ.ടി.ടിയിലാണ് റിലീസ് ചെയ്തത്. ഇതിന് പിന്നാലെ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായി. 

ചിത്രത്തെ വിമര്‍ശിച്ച് പുരുഷാവകാശ സംഘടനയായ ദി സേവ് ഇന്ത്യന്‍ ഫാമിലി ഫൗണ്ടേഷന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രം ഫെമിനിസ്റ്റ് ഗെയിം കളിക്കുകയാണെന്നും പച്ചക്കറി അരിയുമ്പോള്‍ സ്ത്രീകള്‍ എന്ത് സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നതെന്നും എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ സേവ് ഇന്ത്യന്‍ ഫാമിലി ഫൗണ്ടേഷന്‍ ചോദിക്കുന്നു.

'ദുര്‍ബല വിഭാഗങ്ങളുടെ സംരക്ഷണത്തെ പറ്റിയുള്ള നയങ്ങളില്‍ 80 ശതമാനവും സ്ത്രീകളുടെ പ്രശ്‌നങ്ങളാണ്. സ്ത്രീകള്‍ കഷ്ടപ്പെടുന്നു, കുട്ടികള്‍ക്ക് കുടുംബത്തില്‍നിന്ന് ഒരു പീഡനവും ഏല്‍ക്കുന്നില്ല. സ്ത്രീകള്‍ കഷ്ടപ്പെടുന്നു, പുരുഷന്‍മാര്‍ ഒരു കുറ്റകൃത്യവും നേരിടുന്നില്ല. സ്ത്രീകള്‍ കഷ്ടപ്പെടുന്നു, മുതിര്‍ന്ന പൗരന്‍മാര്‍ ഒരു അധിക്ഷേപവും നേരിടുന്നില്ല. സ്ത്രീകള്‍ കഷ്ടപ്പെടുന്നു, ശാരീരികവും മാനസികവുമായ പ്രശ്‌നമുള്ളവര്‍ക്ക് ഒരു കഷ്ടപ്പാടുമില്ല.'-സംഘടന പരിഹസിക്കുന്നു. 

പച്ചക്കറി അരിയുന്നതിലും പാചകം ചെയ്യുന്നതിലും കയ്യുറ ഉപയോഗിച്ച് പാത്രം കഴുകുന്നതിലും സ്ത്രീകള്‍ക്ക് എന്താണ് പ്രശ്‌നമെന്നും സത്യത്തില്‍ പാചകം ഒരു ധ്യാനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇതിന് താഴെ നിരവധി പേരാണ് വിമര്‍ശനവുമായെത്തിയത്.

സംഘടനയിലുള്ളവര്‍ ഒരാഴ്ച്ചയെങ്കിലും അടുക്കള പണി ചെയ്യണമെന്നും അതില്‍ സന്തോഷം കണ്ടെത്തുമെങ്കില്‍ അത് തുടരണമെന്നും ഒരാള്‍ കമന്റ് ചെയ്തു. ഒരു വിഭാഗം പുരുഷന്‍മാരെ ഈ സിനിമ പ്രകോപിപ്പിക്കും എന്നത് ഉറപ്പാണെന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്. 

സംഘടനയെ അനുകൂലിച്ചും ചിലര്‍ പ്രതികരിച്ചിട്ടുണ്ട്. വിവാഹം എന്നാല്‍ പുരുഷന്‍മാര്‍ക്ക് കുഴിബോംബില്‍ ചവിട്ടുന്നത് പോലെയാണെന്നും മരണമാണ് നല്ലതെന്ന് തോന്നുന്നത് വരെ ഒഴിഞ്ഞുമാറാനാവില്ലെന്നുമാണ് ഒരാള്‍ കുറിച്ചത്. വര്‍ഷങ്ങളായി പുരുഷന്‍മാര്‍ ദുരിതം അനുഭവിക്കുകയാണെന്നും നാം സ്വയം സംരക്ഷിക്കേണ്ട സമയമായെന്നും മറ്റൊരാള്‍ കുറിച്ചു.

Content Highlights: mrs movie faces backlash by men