മൗനി റോയിയും സൂരജ് നമ്പ്യാരും വേർപിരിയുന്നു? ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തു

ബോളിവുഡ് നടി മൗനി റോയിയും ഭർത്താവും മലയാളിയുമായ സൂരജ് നമ്പ്യാരും വിവാഹമോചനത്തിലേക്കെന്ന് അഭ്യൂഹം. സോഷ്യൽ മീഡിയയിലാണ് ഇത്തരമൊരു പ്രചാരണം നടക്കുന്നത്. മൗനിയും സൂരജും ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തത് ആരാധകരുടെ ശ്രദ്ധയിൽപെട്ടതോടെയാണ് ഇത്തരമൊരു അഭ്യൂഹം പ്രചരിക്കാൻ തുടങ്ങിയത്. ഇരുവരുമായി അടുത്ത ബന്ധമുള്ള നടി ദിഷാ പഠാണിയും സൂരജിനെ അൺഫോളോ ചെയ്തതോടെ അഭ്യൂഹങ്ങൾ ബലപ്പെട്ടു.
2022 ജനുവരിയിലാണ് മൗനി റോയിയും സൂരജ് നമ്പ്യാരും വിവാഹിതരായത്. അതിന് ശേഷം ഒന്നിച്ചുള്ള ഒട്ടേറെ ചിത്രങ്ങളും വീഡിയോകളും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള പ്രണയത്തിന്റെ നേർക്കാഴ്ചയായിരുന്നു ഈ ദൃശ്യങ്ങൾ. അതിനിടെയാണ് പൊടുന്നനെ ഇരുവരും പരസ്പരം അൺഫോളോ ചെയ്യുന്നത്. വിവാഹമോചനത്തിന്റെ സൂചനയല്ലാതെ മറ്റൊന്നുമല്ല ഇതെന്നാണ് പലരും വിലയിരുത്തുന്നത്.
അതേസമയം പരസ്പരം അൺഫോളോ ചെയ്‌തെങ്കിലും വിവാഹചിത്രങ്ങൾ ഉൾപ്പെടെ നേരത്തേ പോസ്റ്റ് ചെയ്ത ഒന്നിച്ചുള്ള ചിത്രങ്ങൾ ഇരുവരും നീക്കിയിട്ടില്ല. സൂരജിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് ചോദ്യങ്ങളുമായി രംഗത്തെത്തിയത്. ദാമ്പത്യബന്ധത്തിന്റെ സ്ഥിതി എന്താണ്?, വിവാഹമോചനം ഉടനെ ഉണ്ടാകുമോ?, വേർപിരിയാൻ കഴിയാത്തവരെ പോലെയാണല്ലോ കണ്ടത് എന്താണ് സംഭവിച്ചത്? എന്നിങ്ങനെ പോകുന്നു ചോദ്യങ്ങൾ. അതേസമയം പ്രചരിക്കുന്ന അഭ്യൂഹങ്ങളോട് മൗനിയോ സൂരജോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നടിയും സംരംഭകയുമാണ് മൗനി. 2022 ജനുവരിയിൽ ഗോവയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. മലയാളി, ബംഗാളി പാരമ്പര്യങ്ങൾ പ്രകാരമുള്ള ചടങ്ങളുകളുണ്ടായിരുന്നു. മലയാളി ആചാരങ്ങളോടെയാണ് ചടങ്ങ് ആരംഭിച്ചത്, വൈകുന്നേരത്തോടെ ബംഗാളി വിവാഹവും നടന്നു. 'ഞാനെന്റെ പങ്കാളിയെ കണ്ടെത്തി.. കൈകോർത്ത്, കുടുംബത്തിന്റെയും കൂട്ടുകാരുടെയും അനുഗ്രഹത്തോടെ, ഞങ്ങൾ വിവാഹിതരായി! നിങ്ങളുടെ സ്‌നേഹവും അനുഗ്രഹങ്ങളും വേണം. സ്‌നേഹത്തോടെ, സൂരജും മൗനിയും.' -ഇതായിരുന്നു അന്ന് വിവാഹചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മൗനി കുറിച്ചത്.
Content Highlights: Actress Mouni Roy and husband Suraj Nambiar have sparked separation rumors after unfollowing each other on Instagram. Close friend Disha Patani also unfollowed Suraj as fans raise concerns over the couple's 2022 marriage status.