മിസ് യൂണിവേഴ്‌സ് തലവനെതിരെ മയക്കുമരുന്ന് കടത്തടക്കം കേസുകള്‍, മത്സരം കഴിഞ്ഞിട്ടും വിട്ടൊഴിയാതെ വിവാദങ്ങള്‍

#ലൈഫ്‌സ്റ്റൈല്‍ ഡെസ്‌ക്
1. മിസ് യൂണിവേഴ്‌സ് മത്സരത്തില്‍നിന്ന് 2. റൗൾ റോച്ച | File Photo - AP
1. മിസ് യൂണിവേഴ്‌സ് മത്സരത്തില്‍നിന്ന് 2. റൗൾ റോച്ച | File Photo - AP

വിവാദങ്ങള്‍ അവസാനിക്കാതെ തായ്‌ലന്‍ഡില്‍ നടന്ന മിസ് യൂണിവേഴ്‌സ് 2015 മത്സരം. സംഘാടകരില്‍ ഒരാളുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ മനംനൊന്ത് മിസ് മെക്‌സിക്കോ ഫാത്തിമ ബോഷ് വേദിവിട്ട് ഇറങ്ങിപ്പോയതോടെയാണ് മത്സരം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പുറംലോകത്ത് എത്തുന്നത്.

പിന്നീട് ഫാത്തിമ ബോഷ് തന്നെ കിരീടം ചൂടിയെങ്കിലും വിവാദങ്ങള്‍ കെട്ടടങ്ങിയില്ല. മത്സരം നടത്തിപ്പിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ട് വിധി കര്‍ത്താക്കള്‍ പ്രാഥമിക റൗണ്ടുകള്‍ക്കിടെ രാജിവെച്ചിരുന്നു. രാജിവെച്ച വിധികര്‍ത്താക്കളില്‍ ഒരാള്‍ പിന്നീട് മിസ് മെക്‌സിക്കോ ഫാത്തിമ ബോഷിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തി. മത്സരത്തിന്റെ സംഘാടകര്‍ക്ക് ഫാത്തിമ ബോഷിന്റെ പിതാവുമായി ബിസിനസ് ബന്ധങ്ങളുണ്ടെന്ന ആരോപണമടക്കം ഉന്നയിക്കപ്പെട്ടു.

ഏറ്റവും ഒടുവില്‍ മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് റൗള്‍ റോച്ചയ്ക്കെതിരെ മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത്, അനധികൃത ഇന്ധന വിതരണം എന്നീ കേസുകളില്‍ കുറ്റം ചുമത്തിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മെക്‌സിക്കോയിലും ഗ്വാട്ടിമാലയിലുമായി വ്യാപിച്ചുകിടക്കുന്നതാണ് റൗള്‍ റോച്ചയുടെ കുറ്റകൃത്യങ്ങള്‍ എന്നാണ് മെക്‌സിക്കന്‍ പത്രമായ റിഫോര്‍മയുടെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

റോച്ച ക്രിമിനല്‍ സംഘത്തിന് നേതൃത്വം നല്‍കുന്ന വ്യക്തിയോ?

വിവാദങ്ങളില്‍ മുങ്ങിയ മിസ് യൂണിവേഴ്‌സ് 2025 മത്സരത്തിനുശേഷം വിജയിയെ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് റോച്ചയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുന്നത്. ഒരു ബഹുരാഷ്ട്ര ക്രിമിനല്‍ സംഘത്തിന് നേതൃത്വം നല്‍കുന്നത് മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്‍ തലവനാണെന്ന് പറയപ്പെടുന്നു.

നിയമാനുസൃതമായ ബിസിനസുകളുടെ മറവില്‍ പ്രവര്‍ത്തിക്കുന്ന ഒരു വമ്പന്‍ ക്രിമിനല്‍ സംഘടനയ്ക്ക് റൗള്‍ റോച്ച നേതൃത്വം നല്‍കിയതായി പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നു. ഗ്വാട്ടിമാലയില്‍ നിന്ന് മെക്‌സിക്കോയിലേക്ക് ഇന്ധനം കടത്ത്, അതിന്റെ ഉറവിടം മറച്ചുവെക്കാനുള്ള നീക്കങ്ങള്‍ എന്നിവയടക്കം കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വിശദീകരിക്കുന്നു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇതേ ശൃംഖല ഒന്നിലധികം മെക്‌സിക്കന്‍ സംസ്ഥാനങ്ങളിലെ ക്രിമിനല്‍ സംഘങ്ങള്‍ക്ക് തോക്കുകള്‍ വാങ്ങി നല്‍കിയതായും ആരോപണമുണ്ട്.

അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് റൗള്‍ ശിക്ഷായിളവ് നേടാനുള്ള നീക്കങ്ങള്‍ തുടങ്ങിയെന്നാണ് സൂചന. ക്രിമിനല്‍ ശൃംഖലയില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കെതിരെ മൊഴി നല്‍കാനുള്ള സന്നദ്ധത അറിയിച്ച് ശിക്ഷയില്‍ ഇളവ് നേടാനാണ് നീക്കമെന്ന് നിയമ വിദഗ്ധര്‍ പറയുന്നു.

നിരീക്ഷണത്തിലായ മിസ് യൂണിവേഴ്‌സ് ബ്രാണ്ട്

റൗള്‍ റോച്ചയുടെ കേസിന്റെ വിവരങ്ങള്‍ പുറത്തുവരുന്നതിന് മുമ്പുതന്നെ മിസ് യൂണിവേഴ്‌സ് ബ്രാന്‍ഡ് നിരീക്ഷണത്തിലായിരുന്നു എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഒരു മുതിര്‍ന്ന എക്‌സിക്യൂട്ടീവും മിസ് മെക്‌സിക്കോ ഫാത്തിമ ബോഷും തമ്മിലുള്ള തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ പുറംലോകത്ത് എത്തിച്ചത്. നിരവധി മത്സരാര്‍ത്ഥികള്‍ ഇതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയതായിരുന്നു. പ്രാഥമിക റൗണ്ടിന് മുമ്പുതന്നെ സംഘാടകര്‍ ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തിരുന്നു എന്ന ആരോപണം ഉന്നയിച്ചാണ് വിധികര്‍ത്താവ് ഒമര്‍ ഹര്‍ഫൂച്ച് രാജിവെച്ചത്. ഇതോടെ സ്ഥിതിഗതികള്‍ വഷളായി. മത്സരത്തില്‍ കൂടുതല്‍ സുതാര്യത ആവശ്യപ്പെട്ട് റൗള്‍ റോച്ചയെ സമീപിച്ചിരുന്നുവെന്നും തന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് താന്‍ രാജിവെച്ചതെും ഒമര്‍ പിന്നീട് പറഞ്ഞിരുന്നു.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്റെ തലപ്പത്തുനിന്ന് മാറാന്‍ ആഗ്രഹിക്കുന്നുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ റൗള്‍ റോച്ച പറഞ്ഞിരുന്നു. 'ഇതൊരു പരീക്ഷണം പോലെയാണ്, ഒരു റിലേ ഓട്ടം പോലെ. ആര്‍ക്കാണ് ഞാന്‍ ഈ ബാറ്റണ്‍ കൈമാറേണ്ടത്?' അദ്ദേഹം ചോദിച്ചിരുന്നു. 'എനിക്ക് ആകെ മടുത്തു. ഈ ആരോപണങ്ങളെല്ലാം കേട്ട് മനസ് മടുത്തു. അത്തരം കാര്യങ്ങള്‍ക്ക് ഞാന്‍ നിന്നുകൊടുക്കില്ല.' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Miss Universe President Raul Rocha faces drug trafficking, weapons smuggling, and fuel fraud charges. A multinational criminal organization is alleged. Read the full story and controversies.