വിശ്വസുന്ദരി മത്സരത്തിനിടെ നാടകീയ രംഗങ്ങള്‍, മത്സരാര്‍ഥി ഇറങ്ങിപ്പോയി; വൈറലായി വീഡിയോ

ബാങ്കോക്കില്‍ നടന്ന വിശ്വസുന്ദരി 2025 സൗന്ദര്യമത്സരത്തിനിടെ നാടകീയ രംഗങ്ങള്‍. സംഘാടകരില്‍ ഒരാള്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് മിസ് മെക്‌സിക്കോ ഫാത്തിമ ബോഷ് പ്രതിഷേധിച്ച് വേദിവിട്ട് ഇറങ്ങിപ്പോയി. ഇതോടെ അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മത്സരാര്‍ഥികളില്‍ പലരും വേദിവിട്ടു. തത്സമയം സംപ്രേഷണം ചെയ്തിരുന്ന സാഷ് സെറിമണിക്കിടയിലാണ് ഈ പ്രശ്‌നങ്ങള്‍ ഉണ്ടായതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടുചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇതോടെ മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.
മിസ് മെക്‌സിക്കോ ഫാത്തിമ ബോഷിനോട് മത്സരത്തിന്റെ സംഘാടകരില്‍ ഒരാളായ നവാത് ഇത്സാരഗ്രിസിലിന്റെ മോശമായ പെരുമാറ്റമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഫാത്തിമ ബോഷ് ഒരു പ്രൊമോഷണല്‍ ഷൂട്ട് ഒഴിവാക്കിയെന്ന് ആരോപിച്ച അദ്ദേഹം എല്ലാവരുടെയും മുന്നില്‍ എഴുന്നേറ്റ് നിന്ന് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടു. അവര്‍ അതിന് തയ്യാറായില്ല. ഇതോടെ വാക്കുതര്‍ക്കം രൂക്ഷമായി. ഇത്സാരഗ്രിസില്‍ ക്യാമറയ്ക്ക് മുന്നില്‍ വെച്ച് ബോഷിനെ 'വിഡ്ഢി' എന്ന് വിളിച്ചുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബോഷ് സ്വയം പ്രതിരോധിക്കുകയും മോശം പെരുമാറ്റത്തെ ചോദ്യം ചെയ്യുകയും ചെയ്തു. 'നിങ്ങള്‍ അപമാനിക്കുകയാണ്. നിങ്ങള്‍ എന്നെ ഒരു സ്ത്രീയായോ എന്റെ രാജ്യത്തിന്റെ പ്രതിനിധിയായോ ബഹുമാനിക്കുന്നില്ല.' ഇതോടെ അവര്‍ക്ക് മത്സരാര്‍ത്ഥികളില്‍നിന്ന് കയ്യടിയും പിന്തുണയും ലഭിച്ചു. നിമിഷങ്ങള്‍ക്കകം സ്ഥിതിഗതികള്‍ വഷളായി. നിലവിലെ മിസ് യൂണിവേഴ്‌സ് വിക്ടോറിയ കെയര്‍ തെല്‍വിഗ് ഉള്‍പ്പെടെ ഒരു ഡസനിലധികം മത്സരാര്‍ത്ഥികള്‍ ബോഷിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വേദിവിട്ട് ഇറങ്ങിപ്പോയി.
നാടകീയ രംഗങ്ങളുടെ വീഡിയോ ക്ലിപ്പുകള്‍ വൈറലാവുകയും, #StandWithFatima, #RespectQueens തുടങ്ങിയ ഹാഷ്ടാഗുകളോടെ പ്രചരിക്കുകയും ചെയ്തു. അതിനിടെ, കടുത്ത വിമര്‍ശനങ്ങളെ തുടര്‍ന്ന് ഇത്സാരഗ്രിസില്‍ പരസ്യമായി മാപ്പ് പറഞ്ഞു.
മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. മത്സരങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും ഭാവിയില്‍ എല്ലാ മത്സരാര്‍ത്ഥികള്‍ക്കും ബഹുമാനപൂര്‍ണ്ണവും തൊഴില്‍പരവുമായ അന്തരീക്ഷം ഉറപ്പാക്കാനും മുതിര്‍ന്ന എക്‌സിക്യൂട്ടീവിനെ തായ്‌ലന്‍ഡിലേക്ക് അയക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു.
Content Highlights: Drama at Miss Universe 2025 in Bangkok! Miss Mexico leads a walkout after confronting a Thai executive over disrespectful comments. See the viral protest.