മിസ് യൂണിവേഴ്‌സ് മത്സരത്തിനിടെ വേദിയില്‍നിന്ന് വീണ മിസ് ജമൈക്കയുടെ തലച്ചോറില്‍ രക്തസ്രാവം; ഐസിയുവില്‍ തുടരുന്നു

ബാങ്കോക്കില്‍ നടന്ന മിസ് യൂണിവേഴ്‌സ് മത്സരത്തിനിടെ വേദിയില്‍ നിന്ന് വീണ മിസ് ജമൈക്ക ഗബ്രിയേല്‍ ഹെന്റി ഗുരുതരാവസ്ഥയില്‍ തുടരുന്നു. പ്രാഥമിക റൗണ്ടിലെ ഈവനിങ് ഗൗണ്‍ മത്സരത്തിനിടെ റാംപില്‍ നടക്കുമ്പോഴാണ് ഗബ്രിയേല്‍ വേദിയില്‍ നിന്ന് താഴെ വീണത്. തുടര്‍ന്ന് അബോധാവസ്ഥയിലായ മിസ് ജമൈക്കയുടെ തലച്ചോറില്‍ രക്തസ്രാവമുണ്ടാകുകയും എല്ലു പൊട്ടുകയും മുഖത്ത് മുറിവേല്‍ക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം മിസ് യൂണിവേഴ്‌സ് സംഘാടകരും ഗബ്രിയേലയുടെ കുടുംബാംഗങ്ങളും ചേര്‍ന്ന് ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കി.ഗബ്രിയേല പരിക്കുകളില്‍ നിന്ന് സുഖം പ്രാപിക്കുകയാണെന്നും ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്നും കുറിപ്പില്‍ പറയുന്നു. അവര്‍ നിരന്തരമായ നിരീക്ഷണത്തിലാണെന്നും അവര്‍ സൂചിപ്പിച്ചു. നിലവില്‍ ബാങ്കോക്കിലെ ആശുപത്രിയിലുള്ള 28-കാരിയെ വൈകാതെ ജമൈക്കയിലേക്ക് മാറ്റുമെന്നും കുറിപ്പിലുണ്ട്.
ഗബ്രിയേലയുടെ ചികിത്സാ ചെലവുകള്‍ മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഏറ്റെടുത്തിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. നിലവില്‍ ഗബ്രിയേലയുടെ കൂടെ അമ്മയും സഹോദരിയുമുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു. മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന് നന്ദി അറിയിക്കുന്നുവെന്ന് ഗബ്രിയേലയുടെ കുടുംബം വ്യക്തമാക്കി.
മിസ് ജമൈക്ക വീണത് എങ്ങനെ?
തായ്‌ലന്‍ഡിലെ പാക് ക്രെറ്റിലുള്ള ഇംപാക്റ്റ് അറീനയില്‍ നടന്ന ഈവനിംഗ് ഗൗണ്‍ റൗണ്ടിനിടെയാണ് അപകടമുണ്ടായത്. തിളക്കമുള്ള ഓറഞ്ച് ഗൗണ്‍ ധരിച്ച ഗബ്രിയേല ആത്മവിശ്വാസത്തോടെ വേദിയിലൂടെ നടക്കുന്നതിനിടെ പെട്ടെന്ന് താഴേക്ക് വീഴുകയായിരുന്നു. ഇതോടെ കാണികള്‍ അമ്പരന്ന് എഴുന്നേറ്റു. മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് റൗള്‍ റോച്ചയും മിസ് യൂണിവേഴ്‌സ് തായ്‌ലന്‍ഡ് ഡയറക്ടര്‍ നവാത് ഇത്സാരഗ്രിസിലും ഉടന്‍ തന്നെ വേദിയില്‍ നിന്നിറങ്ങി സഹായം എത്തിക്കാനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിച്ചു.
നേത്രരോഗ വിദഗ്ധയും യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഓഫ് വെസ്റ്റിന്‍ഡീസിലെ റെസിഡന്റുമാണ് ഗബ്രിയേല. മിസ് യൂണിവേഴ്‌സ് ജമൈക്ക 2025 കിരീടം നേടിയ അവര്‍ തന്റെ 'സീ നൗ ഫൗണ്ടേഷനി'ലൂടെ കാഴ്ചാ പരിമിതിയുള്ളവര്‍ക്കുവേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശ്രദ്ധേയയാണ്.
Content Highlights: miss jamaica in icu suffered fracture after miss universe stage fall