പുഞ്ചിരിച്ച് കൈവീശി മത്സരാര്‍ഥി, അടുത്തനിമിഷം എല്ലാം മാറിമറിഞ്ഞു; വൈറലായി വീഡിയോ

സൗന്ദര്യമത്സരത്തിലെ ടോപ്പ് 22-ല്‍ ഇടംപിടിച്ചുവെന്ന് തെറ്റിദ്ധരിച്ച് മുന്നോട്ടുവന്ന് പുഞ്ചിരിച്ച് കൈവീശിയ മത്സരാര്‍ഥിക്ക് തൊട്ടടുത്ത നിമിഷം നിരാശയോടെ പിന്മാറേണ്ടിവന്നു. അവതാരകന്‍ തന്റെ പേരല്ല വിളിച്ചതെന്ന് അവര്‍ തിരിച്ചറിഞ്ഞതോടെയാണിത്. തായ്ലന്‍ഡില്‍ നടന്ന മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ 2025-ന്റെ കിരീടധാരണ ചടങ്ങിനിടെയാണ് സംഭവം. വീഡിയോ വൈറലായതോടെ മത്സരാര്‍ഥിക്ക് പിന്തുണയുമായി നിരവധിപേര്‍ രംഗത്തെത്തി. പാനമയെ പ്രതിനിധീകരിക്കുന്ന 31-കാരിയായ ഇസമര്‍ ഹെരേരയാണ് ചെറുയൊരു അബദ്ധം സംഭവിച്ചെങ്കിലും മനസാന്നിധ്യത്തോടെ അതിനെ നേരിട്ട് കൈയടിവാങ്ങിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 76 മത്സരാര്‍ഥികള്‍ക്കൊപ്പം വേദിയില്‍ നില്‍ക്കവെ ആയിരുന്നു സംഭവം. അവതാരകന്‍ ടോപ്പ് 22-ല്‍ ഇടം നേടിയവരുടെ പേരുകള്‍ വായിച്ചതിനിടെ പരാഗ്വേ എന്ന് പറഞ്ഞത് അവര്‍ പാനമ എന്ന് തെറ്റിദ്ധരിച്ചു. പുഞ്ചിരിച്ചുകൊണ്ട് മുന്നോട്ടുവന്ന് കൈ ഉയര്‍ത്തി അവര്‍ ആഹ്ലാദം പ്രകടിപ്പിച്ചു. ഈ സമയം ക്യാമറകള്‍ അവരെ സൂം ചെയ്യുന്നു. എന്നാല്‍ നിമിഷങ്ങള്‍ക്കകം സദസ് നിശ്ശബ്ദമായി. യഥാര്‍ഥത്തില്‍ പ്രഖ്യാപിച്ച പേര് പരാഗ്വേയുടെ സിസിലിയ റൊമേറോയുടേതായിരുന്നു. 'ക്ഷമിക്കണം, ഞാന്‍ മിസ് ഗ്രാന്‍ഡ് പരാഗ്വേയുടെ പേരാണ് പ്രഖ്യാപിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആരാധകരെക്കൊണ്ട് നിറഞ്ഞ ഈ ഹാളില്‍ വലിയ ബഹളമുണ്ട്,' -അവതാരകന്‍ പ്രഖ്യാപിച്ചു.
ഇതോടെയാണ് ഹെരേര വിഷമത്തോടെ തന്റെ സ്ഥാനത്തേക്ക് തിരികെ നടന്നത്. അതേസമയം, യഥാര്‍ത്ഥത്തില്‍ യോഗ്യത നേടിയ റൊമേറോ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് വേദിക്ക് മുന്നിലേക്ക് വരികയും ചെയ്തു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ യുവതിയെ പരിഹസിക്കുന്നതിന് പകരം അവരോട് സഹാനുഭൂതി കാണിക്കണമെന്ന് ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു.
'പാനമ, കാനഡ, പരാഗ്വേ എന്നൊക്കെ കേള്‍ക്കാന്‍ ഒരുപോലെയാണ്, അവരെ കുറ്റപ്പെടുത്തരുത്' - ഒരു ഉപയോക്താവ് എഴുതി. ഭാഷയുടെ പരിമിതി കാരണം അവര്‍ക്ക് ശരിയായി മനസിലായിട്ടുണ്ടാവില്ലെന്ന് മറ്റുചിലര്‍ പറഞ്ഞു. 'നിങ്ങള്‍ ഒരു മികച്ച മത്സരാര്‍ത്ഥിയായിരുന്നു, ഓരോ തവണയും വേദിയിലെത്തിയപ്പോള്‍ കുറ്റമറ്റ പ്രകടനമായിരുന്നു. നിങ്ങള്‍ യോഗ്യത അര്‍ഹിച്ചിരുന്നു. നിങ്ങളുടെ ജീവിതത്തില്‍ ഇതിലും നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്ന് എനിക്കുറപ്പുണ്ട്' ഒരാള്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ മത്സരാര്‍ത്ഥി സംഭവിച്ചതൊന്നും അത്ര കാര്യമായെടുത്തിട്ടില്ല. 'ഇങ്ങനെയൊക്കെ സംഭവിക്കും. അതൊരു തെറ്റായിരുന്നു, ഇതൊരു മത്സരമാണ്. എങ്ങനെ തോല്‍ക്കണമെന്നും മറ്റുള്ളവരുടെ വിജയം അംഗീകരിക്കണമെന്നും അറിഞ്ഞിരിക്കണം,' എന്ന് അവര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഫിലിപ്പീന്‍സിന്റെ എമ്മ ടിഗ്ലാവോ ആണ് മത്സരത്തിനൊടുവില്‍ മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ 2025 കിരീടം സ്വന്തമാക്കിയത്.
Content Highlights: Watch the viral moment Miss Grand International contestant Isamar Herrera mistakenly celebrates making the Top 22, only for the announcement to be for Miss Grand Paraguay. Her reaction and social media`s response.