1.5കോടിയുടെ വാച്ചില്ല,5 കൊല്ലം കഴിയാനുള്ള തുക കിട്ടിയിട്ടും അംബാനിക്കല്യാണത്തിൽ മിക സിങ്ങിന് നിരാശ

Photo | theindianhorology screengrab, PTI
Photo | theindianhorology screengrab, PTI

ഇന്ത്യ കണ്ട ഏറ്റവും ആര്‍ഭാടമായ വിവാഹാഘോഷങ്ങളിലൊന്നായിരുന്നു ആനന്ദ് അംബാനിയുടേതും രാധിക മെര്‍ച്ചന്റിന്റേതും. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പ്രമുഖരാണ് കല്യാണത്തില്‍ പങ്കെടുത്തത്. ക്ഷണം സ്വീകരിച്ചെത്തിയവരില്‍ തിരഞ്ഞെടുത്ത അതിഥികള്‍ക്ക് ആനന്ദ് അംബാനി വക സമ്മാനവും നല്‍കിയിരുന്നു. ഒന്നരക്കോടിയോളം രൂപ വിലയുള്ള വാച്ചായിരുന്നു നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് മറ്റൊരു തലവദനയ്ക്ക് കാരണമായിരിക്കുകയാണ്. 

ഗാനാലാപനത്തിനായി ഗായകന്‍ മിക സിങ്ങിനെയും വിവാഹത്തിന് ക്ഷണിച്ചിരുന്നു. എന്നാല്‍ ആഡംബര വാച്ച് ലഭിച്ച അതിഥികളില്‍ മിക ഉള്‍പ്പെട്ടില്ല. ഇതിന്റെ നിരാശയിലാണ് അദ്ദേഹം. എങ്കിലും തന്റെ പ്രകടനത്തിന് നല്‍കിയ ഫീസില്‍ സംതൃപ്തനാണെന്ന് അദ്ദേഹം അറിയിച്ചു. ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മിക ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 

'ആനന്ദ് അംബാനിയുടെ വിവാഹത്തില്‍ പരിപാടി അവതരിപ്പിക്കുന്നതിനായി ഞാന്‍ പോയിരുന്നു. എനിക്കും, എല്ലാവര്‍ക്കും അദ്ദേഹം വന്‍ തുക നല്‍കി. പക്ഷേ, ഒരു കാര്യത്തില്‍ എനിക്ക് ദേഷ്യമുണ്ട്. മറ്റെല്ലാ അടുത്ത ആളുകള്‍ക്കും നല്‍കിയ വാച്ച് എനിക്ക് നല്‍കിയില്ല. ആനന്ദ് ഭായ് ഞാന്‍ നിങ്ങളുടെ ഇളയ സഹോദരനാണ്. നിങ്ങള്‍ എല്ലാവര്‍ക്കും വാച്ചുനല്‍കി. യു.എസിലെ ഒരു  സംഗീത പരിപാടിയില്‍വെച്ച് ഞാന്‍പോലും പ്രതീക്ഷിക്കാതെ, എനിക്കൊരു വാച്ചും സ്വര്‍ണ ചെയിനും സമ്മാനമായി ലഭിച്ചു. പക്ഷേ, അംബാനിക്കല്യാണത്തിന് എന്തെങ്കിലും കിട്ടുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. അതുകൊണ്ട് അടുത്ത തവണ വീട്ടില്‍ വരുമ്പോള്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന എന്തെങ്കിലും എനിക്ക് തരൂ' - മിക സിങ് പറഞ്ഞു. 

കല്യാണ ചടങ്ങിനോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ പാട്ടുപാടിയതിന് തനിക്ക് വന്‍ തുക നല്‍കിയെന്നും മിക പറഞ്ഞു. അതെത്രയാണെന്ന് വെളിപ്പെടുത്താനാവില്ല. അഞ്ചുവര്‍ഷം എളുപ്പത്തില്‍ ചെലവഴിക്കാന്‍ കഴിയുന്നത്ര പണമാണ് ലഭിച്ചതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് പ്രത്യേക ചെലവുകളൊന്നുമില്ല. അതുകൊണ്ട് ആ പണം കൊണ്ട് അഞ്ചുവര്‍ഷം കഴിയാനാവുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ കഴിഞ്ഞ ജൂലായ് 12-നായിരുന്നു മുകേഷ് അംബാനിയുടെ ഇളയമകന്‍ ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹം.

Content Highlights: mika singh angry over anant ambani not gifting luxury watch at wedding