അമ്മയുടെ പിറന്നാളിന് കാമുകിക്കൊപ്പം; ലെസ്ബിയനാണെന്ന് വെളിപ്പെടുത്തി മെറില്‍ സ്ട്രീപ്പിന്റെ മകൾ

ലെസ്ബിയനാണെന്ന് വെളിപ്പെടുത്തി ഹോളിവുഡ് താരം മെറില്‍ സ്ട്രീപ്പിന്റെ മകളും നടിയുമായ ലൂയിസ ജേക്കബ്‌സണ്‍ ഗമ്മര്‍. തന്റെ കാമുകി അന്ന ബ്ലന്‍ഡലിനെ പരിചയപ്പെടുത്തിയാണ് ലൂയിസ ലെസ്ബിയനാണെന്ന് വ്യക്തമാക്കിയത്. നിര്‍മാതാവ് കൂടിയായ അന്നയോടൊപ്പമുള്ള ചിത്രങ്ങള്‍ ലൂയിസ ഇന്‍സ്റ്റഗ്രാമല്‍ പങ്കുവെയ്ക്കുകയും ചെയ്തു.
കഴിഞ്ഞ ജൂണ്‍ 22-ന് എടുത്തതാണ് ഈ ചിത്രങ്ങള്‍. അന്ന് മെറിലിന്റെ 75-ാം പിറന്നാളായിരുന്നു. ആഘോഷത്തിനിടയില്‍ എടുത്ത അന്നയോടൊപ്പമുള്ള ചിത്രങ്ങളാണ് ലൂയിസ പോസ്റ്റ് ചെയ്തത്. 'സന്തോഷകരമായ പുതിയ യുഗത്തിലേക്ക് പ്രവേശിക്കുന്നത് അനുഗ്രഹീതമാണ്' എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇതിനൊപ്പം ഹാര്‍ട്ട് ഇമോജിയും മഴവില്‍ നിറമുള്ള പതാകയും കാണാം.
നേരത്തേയും അന്നയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ 33-കാരിയായ താരപുത്രി പങ്കുവെച്ചിട്ടുണ്ട്. 'ജീവിതം വളരെ രസകരമാണ്. ഞാന്‍ ഭാഗ്യവതിയാണ്' എന്ന ക്യാപ്ഷനോടെ ഈ മാസം ആദ്യം ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. മെറിലിന്റെ മകള്‍ ലെസ്ബിയനാണെന്ന തരത്തില്‍ അന്ന് തന്നെ ചര്‍ച്ചകള്‍ വന്നിരുന്നു.
ഡോണ്‍ ഗമ്മറിന്റേയും മെറിലിന്റേയും ഏറ്റവും ഇളയ മകളാണ് ലൂയിസ. 2019-ല്‍ ഗോണ്‍ ഹോളിവുഡ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെ അരങ്ങേറ്റം. എച്ച്ബിഒയുടെ പരമ്പരയായ ദ ഗില്‍ഡഡ് ഏജിലും അവര്‍ അഭിനയിച്ചു.
Content Highlights: meryl streeps daughter louisa comes out announces relationship with girlfriend