വിവാഹശേഷം ഒരുമിച്ചുള്ള ആദ്യ ചിത്രം; മീരയ്ക്ക് സ്‌നേഹചുംബനം നല്‍കി വിപിന്‍

മീര വാസുദേവും വിപിന്‍ പുതിയങ്കവും | Photo: instagram/ vipin puthiyankam
മീര വാസുദേവും വിപിന്‍ പുതിയങ്കവും | Photo: instagram/ vipin puthiyankam

വിവാഹശേഷം ആദ്യമായി നടി മീരാ വാസുദേവനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഭര്‍ത്താവും ഛായാഗ്രാഹകനുമായ വിപിന്‍ പുതിയങ്കം. മീരയെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ചിത്രങ്ങളാണ് വിപിന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇതിനൊപ്പം 'ഇന്‍ഫിനിറ്റി'  ഇമോജിയും നല്‍കിയിരുന്നു.

കഴിഞ്ഞ ഏപ്രില്‍ 21-നായിരുന്നു ഇരുവരുടേയും വിവാഹം. കോയമ്പത്തൂരിലെ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കുശേഷം ഇരുവരും വിവാഹം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇതിന് പിന്നാലെ മീര വിവാഹ ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് ആരാധകര്‍ വാര്‍ത്തയറിഞ്ഞത്.

എന്നാല്‍ അതിനുശേഷം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ഒരുപാട് പരിഹാസങ്ങള്‍ കേട്ടിരുന്നു. രണ്ടുപേരുടേയും പ്രായം ചൂണ്ടിക്കാട്ടിയും മീരയുടെ മുന്‍ വിവാഹങ്ങള്‍ പരമാര്‍ശിച്ചുമായിരുന്നു പരിഹാസം. ഇപ്പോഴിതാ ഇതിനെല്ലാം റൊമാന്റിക് ചിത്രങ്ങളിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് വിപിന്‍.

പാലക്കാട് സ്വദേശിയായ വിപിന്‍ മീര പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് ഉള്‍പ്പെടെയുള്ള സീരിയലുകളുടെ ഛായാഗ്രാഹകനാണ്. ഒരു വര്‍ഷത്തെ സൗഹൃദത്തിനുശേഷം ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

42-കാരിയായ മീരയുടെ മൂന്നാം വിവാഹമാണിത്. 2005ലാണ് വിശാല്‍ അഗര്‍വാളിനെ മീര വിവാഹം ചെയ്തത്. അഞ്ച് വര്‍ഷത്തിന് ശേഷം ഇരുവരും വിവാഹമോചിതരായി. 2012-ല്‍ മോഡലും നടനുമായ ജോണ്‍ കൊക്കനെ വിവാഹം ചെയ്തു. 2016-ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും അരീഹ എന്നൊരു മകനുണ്ട്.

Content Highlights: meera vasudevan and husband vipin puthiyankam post their first photo after wedding