'പുരുഷന്‍ ഗ്യാസ് കുറ്റി പൊക്കുമെന്ന് കരുതി സ്ത്രീ അത് ചെയ്യണമെന്നില്ല, അതല്ല തുല്യത'; നിലപാട് വ്യക്തമാക്കി മീനാക്ഷി

സാമൂഹ്യമാധ്യമങ്ങളിലെ രസകരമായ പോസ്റ്റുകളിലൂടെ ആരാധകരുടെ മനസില്‍ ഇടംപിടിച്ച താരമാണ് മീനാക്ഷി. എന്നാല്‍ തമാശ പോസ്റ്റുകള്‍ക്കൊപ്പം ഇടയ്ക്ക് അതീവഗൗരവമായ വിഷയങ്ങളെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും മീനാക്ഷി പോസ്റ്റ് ചെയ്യാറുണ്ട്. ബാലതാരമായി വെള്ളിത്തിരയിലെത്തി മലയാളികളുടെ മനസില്‍ ഇടംപിടിച്ച മീനാക്ഷിയുടെ അത്തരമൊരു പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
തുല്യത എന്ന ഏറെ സാമൂഹ്യപ്രാധാന്യമുള്ള വിഷയത്തെ കുറിച്ചാണ് മീനാക്ഷി കുറിപ്പെഴുതിയത്. മറ്റൊരു പോസ്റ്റില്‍ ഒരാൾ ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് ഈ പോസ്റ്റ് എന്ന ആമുഖത്തോടെയാണ് മീനാക്ഷി പറഞ്ഞുതുടങ്ങുന്നത്. നീതിയേയും ന്യായത്തേയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും താരം കുറിപ്പിലൂടെ പങ്കുവെക്കുന്നു.
ജീവിതം കൂടുതല്‍ പ്രശ്‌നരഹിതമായിരിക്കാന്‍ വേണ്ടിയാണ് നീതിയും ന്യായവും കൊണ്ടുവന്നതെന്നാണ് മീനാക്ഷി പറയുന്നത്. ഇതിനായി ചില ഉദാഹരണങ്ങളും പോസ്റ്റില്‍ പറയുന്നു. തുടര്‍ന്നാണ് തുല്യതയെ കുറിച്ച് പറയുന്നത്. വീട്ടിലെ പുരുഷന്‍ ഗ്യാസ് കുറ്റി എടുത്ത് പൊക്കുമെന്ന് കരുതി ആ വീട്ടിലെ സ്ത്രീയും അതെടുത്ത് പൊക്കണമെന്നില്ല എന്ന് പറഞ്ഞ മീനാക്ഷി, ഇതല്ല തുല്യതയുടെ നിര്‍വചനമെന്നും വ്യക്തമാക്കുന്നു.
Also Read: 'ലാലങ്കിള്‍ വന്ന് ചോദിച്ചു എന്റെ നന്ദിനിക്കുട്ടി അല്ലേ എന്ന്, അതെനിക്ക് വളരെ സ്‌പെഷ്യലായിരുന്നു’
നമ്മള്‍ മാത്രമല്ല ജീവിക്കേണ്ടത്, അപ്പുറത്തിരിക്കുന്നയാളും ഒരേ പ്രാധാന്യത്തോടെ തുല്യരാണ്, നമ്മള്‍ അവര്‍ക്ക് ശല്യമാകരുത് എന്ന നീതിയും ന്യായവും സ്വയം തോന്നിയാല്‍ ജീവിതം സുന്ദരമാകും എന്ന് പറഞ്ഞുകൊണ്ടാണ് മീനാക്ഷി പോസ്റ്റ് അവസാനിപ്പിക്കുന്നത്. വികസിതരാജ്യങ്ങള്‍, പ്രത്യേകിച്ച് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ ഈ നിലയിലാണെന്ന നിരീക്ഷണം പങ്കുവെച്ച മീനാക്ഷി, മനസ് വെച്ചാല്‍ ഇത്തരം രാജ്യങ്ങള്‍ക്ക് തുല്യമാകാന്‍ സകലസാധ്യതയുമുള്ള നാടാണ് കേരളമെന്നും കൂട്ടിച്ചേര്‍ത്തു.
മീനാക്ഷിയുടെ കുറിപ്പ് പൂർണരൂപത്തിൽ
നീതീയും ന്യായവും എങ്ങനെ കാണുന്നു? (മുന്‍പത്തെ ഒരു കമന്റിലെ ചോദ്യമാണ്)
വിഷയം വളരെ വിശദീകരിക്കേണ്ട ഒന്നാണ് എനിക്കറിയുന്നത് ചെറുതായി ഒന്ന് വിശദീകരിക്കാന്‍ ശ്രമിക്കാം. മനുഷ്യന്‍ അവന്റെ ജീവിതം കൂടുതല്‍ പ്രശ്‌നരഹിതമായി ഇരിക്കുവാന്‍ വേണ്ടി കൊണ്ടുവന്നതാണ് നീതിയും ന്യായവും. ഉദാഹരണത്തിന്, ഇന്നത്തെ ചെറുപ്പക്കാര്‍ നാളത്തെ വയസ്സന്മാരാണ് എന്ന് തിരിച്ചറിവില്‍, ശക്തന്മായി ഇരിക്കുമ്പോഴുള്ള സുരക്ഷ അല്ലാത്തപ്പോഴും ഉണ്ടായിരിക്കുക അഥവാ ശക്തനായിരുന്നപ്പോള്‍ തനിക്കുണ്ടായിരുന്നതൊക്കെ ആ ശക്തി ക്ഷയിക്കുമ്പോള്‍ അല്ലെങ്കില്‍ തന്നേക്കാള്‍ ശക്തനായി മറ്റൊരുവന്‍ വന്ന് കീഴ്‌പ്പെടുത്തി തന്റേതെല്ലാം കൊണ്ടുപോവാതിരിക്കുക എന്നതിനുള്ള ബുദ്ധി.
Don’t Miss: 'എന്റെ വീട്ടിലെ 'നട പടി'കള്‍ ഇങ്ങനെയാണ്'; രസകരമായ ചിത്രം പങ്കുവെച്ച് മീനാക്ഷി, വൈറൽ
മനുഷ്യന്‍ വനവാസിയായിരുന്ന കാലത്താവട്ടെ കാട്ടു നീതിയായിരുന്നു. ആധുനിക പൗരബോധത്തില്‍ കൂടുതല്‍ സുരക്ഷിതരായിരിക്കുക എന്നതിനു വേണ്ടി നീതിയും ന്യായവും കൂടുതല്‍ വ്യക്തതയോടെ പറയേണ്ടി വരുന്നു എന്നതാണ് സത്യം. ആധുനിക പൗരബോധത്തില്‍ തുല്യത എന്നൊന്നിനെ നിര്‍വചിക്കുമ്പോള്‍ ഒരു വീട്ടിലെ പുരുഷന്‍ ഗ്യാസ് കുറ്റിയെടുത്തു പൊക്കും എന്ന് പറഞ്ഞ് ആ വീട്ടിലെ സ്ത്രീ അതെടുത്തു പൊക്കണമെന്നില്ല. പുരുഷന്റെ പിന്നിലാണ് സ്ഥാനം എന്ന നിലയില്ലാതെ തുല്യത എന്ന നീതി. മറ്റൊന്ന് ഫിസിക്കലി ഡിസേബിള്‍ഡ് ആയ ഒരാള്‍ക്ക് തന്റെ വീല്‍ചെയറില്‍ ഒരു സാധാരണ ഒരാള്‍ക്ക് സാധിക്കുന്നതു പോലെ വീല്‍ചെയറില്‍ എടിഎമ്മിലോ മാളുകളിലോ കോളേജിലോ ബാങ്കുകളിലോ ഒക്കെ എത്താന്‍ കഴിയും വിധം വീല്‍ചെയര്‍ റാമ്പുകള്‍ ഉറപ്പാക്കി അവരെയും തുല്യതയില്‍ എത്തിക്കുക എന്ന ന്യായം.
നമുക്ക് തോന്നുക ഇതൊക്കെ സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണെന്നാണ്. യഥാര്‍ഥത്തില്‍ ഇത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണെന്നതാണ് സത്യം. ഒരുനാട്ടില്‍ ഉള്ള സൗകര്യങ്ങള്‍ ആ നാട്ടിലുള്ളവരേയും അഭിമാനാര്‍ഹരാക്കും. ഉദാഹരണത്തിന്, നമ്മുടെ നാട്ടിലെത്തുന്ന അമേരിക്കന്‍ ടൂറിസ്റ്റുകളേയും മറ്റും കാണുമ്പോള്‍ അവരെന്തോ ഉയര്‍ന്ന നിലയിലാണ് എന്ന ഫീല്‍ അവര്‍ക്കും നമുക്കും, ഏതാണ്ടിതേ ഫീല്‍ മറ്റ് സ്റ്റേറ്റുകളില്‍ നാം പോകുമ്പോള്‍ നമുക്കും തോന്നാറുണ്ട് എന്നതാണ് സത്യം. ഇത് ശരിയാണോ എന്നത് മറ്റൊരു കാര്യം. ചുരുക്കത്തില്‍ നമ്മള്‍ മാത്രമല്ല ജീവിക്കേണ്ടത് അപ്പുറത്തിരിക്കുന്ന ആളും നമ്മെപ്പോലെ പ്രധാനമാണ് അഥവാ തുല്യരാണ് നമ്മള്‍ ശല്യമാവരുത് എന്ന നീതിയും ന്യായവും സ്വയം തോന്നിയാല്‍ ജീവിതം സുന്ദരം. അതിനു വേണ്ടുന്നതായ ആധുനിക പൗരബോധത്തിനു വേണ്ട വിദ്യാഭ്യാസവും മറ്റു സൗകര്യങ്ങളും ഉറപ്പാക്കിയാല്‍ മതിയാവും. മിക്ക വികസിത, പ്രത്യേകിച്ച് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ ഈ നിലയിലാണ് എന്നു കാണാം. എന്തു കൊണ്ടും സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ക്ക് തുല്യമാവാന്‍ സകല സാധ്യതകളും നിലനില്‍ക്കുന്ന നാടു തന്നെയാണ് കേരളം; മനസ്സ് വെച്ചാല്‍.