അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയാണെന്ന് സഹപാഠി പരിഹസിച്ചിട്ടുണ്ട് - മസാബ ഗുപ്ത

മസാബ ഗുപ്ത അച്ഛൻ വിവിയൻ റിച്ചാർഡ്സിനൊപ്പം, മസാബ അമ്മ നീന ഗുപ്തയോടൊപ്പം| ഫോട്ടോ: Instagram/ @masabagupta
മസാബ ഗുപ്ത അച്ഛൻ വിവിയൻ റിച്ചാർഡ്സിനൊപ്പം, മസാബ അമ്മ നീന ഗുപ്തയോടൊപ്പം| ഫോട്ടോ: Instagram/ @masabagupta

സിംഗിൾ പാരൻ്റായി കുട്ടിയെ വളർത്തുന്നവരും സിംഗിൾ പാരൻ്റിൻ്റെ കുട്ടിയായി വളരുന്നവരും പിന്നിടേണ്ടി വരുന്ന കടമ്പകൾ ഏറെയായിരിക്കും. ജീവിതം മുന്നോട്ടുവെക്കുന്ന പ്രിതിസന്ധികളെ കൂട്ടായി തുഴഞ്ഞ് മുന്നോട്ട് പോയവരാണ് ഇക്കൂട്ടർ. ഇത്തരത്തിൽ താനും അമ്മയും പിന്നിട്ട ജീവിതത്തെ പറ്റി മനസ്സുതുറക്കുകയാണ്  സെലിബ്രിറ്റി ഫാഷൻ ഡിസൈനറും നടിയുമായ മസാബ ഗുപ്ത അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ. 

ഒരു കാലത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴികൊടുത്തതാണ് ക്രിക്കറ്റ് താരം വിവിയന്‍ റിച്ചാര്‍ഡ്സിന്റെയും ബോളിവുഡ് നടി നീന ഗുപ്തയുടെയും ബന്ധം. ഇരുവരും പിരിഞ്ഞശേഷം സിംഗിള്‍ മദറായി മകളെ വളര്‍ത്തിയത് നീനയാണ്. സമൂഹത്തിൽ നിന്നുള്ള സമ്മർദ്ദത്തിനിടയിലും അമ്മ തന്നെ വളർത്തിയതിനെ പറ്റി, സഹപാഠികളിൽ നിന്ന് നേരിടേണ്ടി വന്നിട്ടുള്ള കളിയാക്കലുകൾ, ബിസിനസ്, അച്ഛനും അമ്മയുമായുള്ള ബന്ധം , പ്രൊഫഷണൽ ടെന്നീസ് പ്ലെയറായിരുന്ന  കാലം, നേരിടേണ്ടി വന്ന പ്രതിസന്ധികൾ എന്നിങ്ങനെ നിരവധി കാര്യങ്ങൾ മസാബ അഭിമുഖത്തിൽ  പറയുന്നുണ്ട്. 

അവിഹിത ബന്ധത്തിലുണ്ടായ കുട്ടി എന്ന കുത്തുവാക്കുകള്‍ സഹപാഠികളില്‍ നിന്ന് നിരന്തരം കേള്‍ക്കേണ്ടി വരുമായിരുന്നെന്നും മസാബ പങ്കുവെക്കുന്നു. വീട്ടില്‍ മാതാപിതാക്കളിൽ നിന്ന് കേട്ടു പരിചയിച്ച അതേ രീതിയില്‍ കുട്ടികള്‍ സ്‌കൂളില്‍ വന്ന് തന്നെ കളിയാക്കുമായിരുന്നു.

'നീ അച്ഛനാരെന്നറിയാത്ത കുട്ടിയാണ് എനിക്കറിയാമെന്ന്' ഒരു സഹപാഠി ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നോട് നേരിട്ട്  പറഞ്ഞതിന്റെ ദുരനുഭവം മസാബ പറയുന്നുണ്ട്. പ്രൊഫഷണല്‍ ടെന്നീസ് പ്ലെയര്‍ ആയിരുന്നതുകൊണ്ടു തന്നെ ശാരീരികമായിയുള്ള വളര്‍ച്ചയെ ക്ലാസിലെ ആണ്‍കുട്ടികള്‍ വളരെ മോശമായി കണ്ടിരുന്നതായും അവര്‍ പറയുന്നു. ഒട്ടും സ്‌ത്രൈണതയില്ലാത്ത ശരീരവും ഇരുണ്ട നിറത്തിലുള്ള ചര്‍മ്മവും കുട്ടികളില്‍ നിന്ന് തന്നെ വേര്‍തിരിച്ച് നിര്‍ത്തിയിരുന്നു.  സ്‌കൂളിൽ സുഹൃത്തുക്കൾ കുറവായിരുന്നെന്നും അടുപ്പമുണ്ടായിരുന്ന സുഹൃത്തുക്കളില്‍ താന്‍ സന്തുഷ്ടയായിരുന്നുവെന്നും മസാബ പറയുന്നു.

മസാബ ഗുപ്ത അമ്മ നീന ഗുപ്തയോടൊപ്പം| ഫോട്ടോ: Instagram/@ masabagupta

പങ്കാളിയും അമ്മയും കൂടെയില്ലായിരുന്നെങ്കില്‍ ഗര്‍ഭകാലം എത്രമാത്രം ദുഷ്‌കരമായേനെ എന്ന് താന്‍  പലപ്പോഴും  ചിന്തിക്കാറുണ്ട്. അമ്മ ഗര്‍ഭിണിയാകുമ്പോള്‍ വിവാഹിതയല്ലാതിരുന്നതുകൊണ്ടു തന്നെ അമ്മയുടെ മാതാപിതാക്കള്‍ ഗര്‍ഭകാലത്ത് അമ്മയുടെ ഒപ്പമുണ്ടായിരുന്നില്ല. അച്ഛനും അന്ന് അമ്മയുടെ കൂടെ ഉണ്ടായിരുന്നില്ല. വ്യക്തിപരമായ കാരണങ്ങള്‍ക്കൊണ്ട് അമ്മയുടെ സുഹൃത്തുക്കളും അവരുടെ കൂടെ അന്നുണ്ടായിരുന്നില്ല.ഗര്‍ഭിണിയാണെന്ന് പുറത്തു പറയാന്‍ പറ്റാത്ത അവസ്ഥയായതു കൊണ്ടുതന്നെ അതൊളിച്ചുവെക്കേണ്ടി വന്നിട്ടുണ്ട്. കുട്ടിയെ വളര്‍ത്താനുള്ള പണവും അമ്മക്കുണ്ടായിരുന്നില്ല.

കുട്ടിയെ എങ്ങനെ വളര്‍ത്തുമെന്നോ ഏത് സ്‌കൂളില്‍ വിടുമെന്നോ തുടങ്ങി ഒരു ധാരണയില്ലാതിരുന്നിട്ടും സ്വന്തമായി ഒരു കുഞ്ഞുണ്ടാകുന്നു എന്നതായിരുന്നു തന്റെ ഏറ്റവും വലിയ സന്തോമെന്ന് ഈ അവസ്ഥയിലും എങ്ങനെയാണെന്ന് അതിജീവിച്ചതെന്ന് അമ്മയോട് ചോദിക്കുമ്പോള്‍ അവര്‍ പറയുമെന്ന് മസാബ പറയുന്നു. 

അച്ഛന്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് ജീവിതത്തിലുണ്ടാക്കിയ സ്വാധീനത്തെ കുറിച്ചും മസാബ സംസാരിക്കുന്നുണ്ട്. മറ്റുള്ളവരെ ആശ്രയിക്കാതെ എല്ല കാര്യങ്ങളും സ്വന്തമായി ചെയ്യാന്‍ അറിയുന്ന ആളാണ് അദ്ദേഹം. കായിക വിനോദങ്ങള്‍ എന്നും പരാജയങ്ങള്‍ ഒറ്റയ്ക്ക് നേരിടാന്‍ പര്യാപ്തമാക്കുമെന്നും ടെന്നീസ് തനിക്ക് അങ്ങനെയായിരുന്നുവെനനും മസാബ പങ്കുവെക്കുന്നു.

നടന്‍ സത്യദീപ് മിശ്രയാണ് സെലിബ്രിറ്റി ഫാഷന്‍ ഡിസൈനറായ മസാബയുടെ പങ്കാളി. ഇരുവരും ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. 

Content Highlights: masaba gupta opens up about how her mother neena gupta dealth with solo pregnancy