മാതൃത്വം തിരഞ്ഞെടുത്തപ്പോൾ നഷ്ടമായത് സാമ്പത്തിക സ്വാതന്ത്ര്യം; തുറന്നുപറഞ്ഞ് മരിയ ഗൊരെട്ടി

മരിയ ഗൊരേട്ടി|photo:instagram.com/mariagorettiz/
മരിയ ഗൊരേട്ടി|photo:instagram.com/mariagorettiz/

അമ്മയായതിന് ശേഷം സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലെന്ന കാര്യം ഓർത്ത് വിഷമിക്കാറുണ്ടെന്ന് അർഷാദ് വാർസിയുടെ ഭാര്യയും മുൻ വിജെയുമായ മരിയ ഗൊരേട്ടി. മാതൃത്വം തിരഞ്ഞെടുത്തതിൽ നിരാശ ഇല്ലെന്ന് വെളിപ്പെടുത്തിയെങ്കിലും, സാമ്പത്തിക സ്വയംപര്യാപ്തതയും ലഭിച്ചിരുന്ന അംഗീകാരങ്ങളും താൻ ചിലപ്പോൾ ഓർക്കാറുണ്ടെന്നും അവർ തുറന്നുപറഞ്ഞു.

ഒരുകാലത്ത് പോപ്പുലായ വിജെയായിരുന്നു മരിയ ഗൊരേട്ടി. തന്റെ കരിയറിൽ നിരവധി മികച്ച ഷോകൾ അവർ അവതരിപ്പിച്ചിട്ടുണ്ട്. ബോളിവുഡ് നടനുമായുള്ള വിവാഹത്തിന് ശേഷം, കുടുംബത്തിനും കുട്ടികൾക്കും ശ്രദ്ധ നൽകുന്നതിനായി ഗൊരേട്ടി ഗ്ലാമർ ലോകത്തുനിന്ന് പിൻവാങ്ങി.

അദിതി ഗോവിത്രികർ അവതരിപ്പിക്കുന്ന ഒരു ടോക്ക് ഷോയിൽ സംസാരിക്കവെയാണ്, മാതൃത്വത്തിന് വേണ്ടി കരിയർ ഉപേക്ഷിക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് മരിയ സംസാരിച്ചത്.

ഇന്റർവ്യൂവിൽ തനിക്ക് സ്വന്തമായി പണം സമ്പാദിക്കാൻ കഴിയാത്ത അവസ്ഥയെക്കുറിച്ച് സംസാരിക്കവെ അവർ പറഞ്ഞു: 'ഒരു സമയത്ത് എനിക്ക് ലഭിച്ചിരുന്ന പണത്തിന്റെ മൂല്യം എനിക്കറിയാം. എന്നാൽ ഞാൻ വിജെ ആയി ജോലി ചെയ്തിരുന്നപ്പോൾ എനിക്ക് ലഭിച്ചിരുന്ന വലിയ അംഗീകാരങ്ങൾ എന്നെ പൂർണ്ണമായും സംതൃപ്തയാക്കിയിരുന്നു.'

അവർ തുടന്നു: 'കുട്ടികൾ ഉണ്ടായപ്പോൾ എനിക്ക് വീട്ടിലിരിക്കാനാണ് തോന്നിയത്. എന്നാൽ ഇന്ന് വീട്ടിലിരിക്കുകയും കൗമാരക്കാരായ മക്കളുടെ മുറിയുടെ വാതിലിൽ മുട്ടുകയും ചെയ്യുമ്പോൾ ചിലപ്പോൾ തോന്നും, ഞാൻ എന്തിനാണ് ഇതിനായി വീട്ടിലിരുന്നതെന്ന്. പക്ഷെ അതൊരു മികച്ച സമയമായിരുന്നു.’-മരിയ പറഞ്ഞു.

ജോലി ഉപേക്ഷിച്ച ശേഷമാണ് സ്വന്തം വ്യക്തിത്വത്തിന്റെ മറ്റൊരു വശം തിരിച്ചറിഞ്ഞതെന്നും അവർ വെളിപ്പെടുത്തി. വിജെ എന്ന നിലയിൽ എല്ലാവർക്കും മുന്നിൽ ധൈര്യശാലിയായ ഒരു വ്യക്തിത്വമായിരുന്നു തനിക്കുണ്ടായിരുന്നത്, എന്നാൽ ആ തൊഴിലിന് പുറത്ത് ആളുകളോട് ഇടപഴകാൻ താൻ ബുദ്ധിമുട്ടിയിരുന്നുവെന്ന് ഗൊരേട്ടി വ്യക്തമാക്കി.

'എന്റെ അടുത്ത് ഒരു ക്യാമറയുള്ളപ്പോൾ ഞാൻ വളരെ ധൈര്യശാലിയായിരുന്നുവെന്നും, അത് ആ ജോലിയുടെ ഭാഗമായി വന്നതുകൊണ്ട് എല്ലാവരോടും സൗഹൃദത്തിലും തുറന്ന മനസ്സോടെയും സംസാരിച്ചിരുന്നുവെന്നും ഞാൻ തിരിച്ചറിഞ്ഞു. അഭിമുഖങ്ങൾ എടുക്കേണ്ടി വരുമ്പോൾ എല്ലാവരുമായും കൂട്ടുകൂടാൻ എനിക്ക് കഴിഞ്ഞിരുന്നു, എന്നാൽ അതൊന്നുമില്ലാതെ എനിക്ക് പുതിയ കൂട്ടുകാരെ ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. യഥാർത്ഥത്തിൽ ഞാൻ വളരെ ഇൻട്രോവെർട്ടായ ഒരു വ്യക്തിയായിരുന്നു,' -അവർ വിശദീകരിച്ചു.

ഭർത്താവ് അർഷാദ് വർസിയുടെ കരിയറിലെ ഉയർച്ച താഴ്ചകളെക്കുറിച്ചും അവർ സംസാരിച്ചു. ജീവിതത്തിലെ പ്രയാസകരവും വിജയകരവുമായ ഘട്ടങ്ങൾ പ്രശസ്തിയെ യാഥാർത്ഥ്യബോധത്തോടെ കാണാൻ തങ്ങളെ എങ്ങനെ സഹായിച്ചുവെന്നും അവർ പറഞ്ഞു. 'അദ്ദേഹത്തിന്റെ ജന്മദിനത്തിന് എത്രമാത്രം പൂച്ചെണ്ടുകൾ വരുന്നു എന്നതായിരുന്നു അളവുകോൽ. ചില വർഷങ്ങളിൽ വീട്ടിൽ സ്ഥലം തികയാത്തത്ര പൂക്കൾ വരുമായിരുന്നു, എന്നാൽ മറ്റു ചില വർഷങ്ങളിൽ ഒന്നുപോലും കാണില്ല-അവർ വെളിപ്പെടുത്തി.

താൻ ചെയ്യാൻ ആഗ്രഹിച്ച കഥാപാത്രങ്ങൾ ലഭിക്കാൻ നടൻ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് ഗൊരേട്ടി പങ്കുവെച്ചു: 'അദ്ദേഹം വളരെ ജനപ്രിയനായിരുന്നു, എന്നാൽ താൻ ചെയ്യാൻ ആഗ്രഹിച്ചത് ലഭിക്കാത്ത ഒരു കാലവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. 'ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യരുത്, കാരണം അത് നിങ്ങളുടെ മനസ്സിനെ വേദനിപ്പിക്കും എന്ന് ഞാൻ അദ്ദേഹത്തോട് പറയുമായിരുന്നു.'

'അതൊക്കെ വളരെ ബുദ്ധിമുട്ടുള്ള വർഷങ്ങളായിരുന്നു, എന്നാൽ ആ വർഷങ്ങളിൽ എന്നെ അത്ഭുതപ്പെടുത്തിയ കാര്യം, അത് അദ്ദേഹത്തെ ഒരു മോശം മനുഷ്യനാക്കി മാറ്റിയില്ലയെന്നതാണ്. അദ്ദേഹത്തിന് ആരോടും ഒരു വിരോധവുമില്ല. അർഷാദിനെ നോക്കിക്കണ്ട് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. ജീവിതത്തിന്റെ ഏറ്റവും താഴ്ന്ന അവസ്ഥകൾ കണ്ടിട്ടുണ്ട്, അതുകൊണ്ട് തന്നെ നിങ്ങൾ എന്തിനാണ് അഹങ്കരിക്കുന്നതെന്നും മരിയ ചോദിച്ചു.

1991-ൽ കോളേജിലെ ഒരു ഡാൻസ് മത്സരത്തിൽ അർഷാദ് ജഡ്ജ് ആയി എത്തിയപ്പോഴാണ് ഗൊരെട്ടിയും വാർസിയും ആദ്യമായി കണ്ടുമുട്ടുന്നത്. ഗൊരെട്ടി ആ മത്സരത്തിലെ ഒരു മത്സരാർത്ഥിയായിരുന്നു. 1996-ൽ ഇരുവരും വിവാഹിതരായി. ഇരുവർക്കും സീക്ക് വാർസി എന്ന മകനും സീൻ സോയി വാർസി എന്ന മകളുമുണ്ട്.

Content Highlights: Maria Goretti reflects on the trade-offs between motherhood and a flourishing VJ career., The realization of lost financial independence while raising teenagers., Discovery of her true introverted personality outside the camera's lens., Supportive role in Arshad Warsi's career during his professional highs and lows., Lessons learned from navigating life's challenges with humility.