മാനസികോല്ലാസവും വ്യായാമവും; ‘കളി’ കാര്യമായി, നാട്ടിലെങ്ങും തിരുവാതിരത്താളം

മാറനല്ലൂർ: തിരുവാതിരയില്ലാതെ എന്തുത്സവം എന്നായിരിക്കുന്നു നാട്ടിൻപുറങ്ങളിലെ കാര്യം. വീട്ടുമുറ്റങ്ങളിൽനിന്നു ക്ഷേത്രങ്ങളിലേക്കും പൊതുപരിപാടികളിലേക്കും തിരുവാതിരത്താളമെത്തിയപ്പോൾ സജീവമായത് ഈ കലാരൂപം മാത്രമല്ല, പ്രാദേശിക വനിതാക്കൂട്ടായ്മകൾ കൂടിയാണ്. ബാലരാമപുരം, മാറനല്ലൂർ പഞ്ചായത്തുകളിൽ മാത്രം പത്തിലധികം തിരുവാതിരസംഘങ്ങളാണ് സ്ത്രീകളുടെ നേതൃത്വത്തിലുള്ളത്.
ക്ഷേത്രോത്സവത്തോടനുബന്ധിച്ചാണ് ഗ്രാമങ്ങളിൽ തിരുവാതിരകളിസംഘങ്ങൾ പേരെടുത്തുതുടങ്ങിയത്. മാറനല്ലൂർ പഞ്ചായത്തിലെ നീറമൺകുഴി കേന്ദ്രമാക്കി തുടങ്ങിയ മഹാദേവ തിരുവാതിരസംഘത്തിന്റെ ലീഡർ 60 വയസ്സുകഴിഞ്ഞ അനിതയാണ്. വീട്ടുജോലികൾ കഴിഞ്ഞ് ടിവി കാണലും മൊബൈൽഫോൺ നോക്കലും മാത്രമായി മടുത്തുതുടങ്ങിയപ്പോഴാണ് ഒത്തുകൂടാൻ തീരുമാനിച്ചത്. തിരുവാതിരക്കൂട്ടമെന്ന ആശയം പങ്കുവെച്ചപ്പോൾ എല്ലാവർക്കും താത്പര്യമായി. പിന്നെ സംഘമുണ്ടാക്കി.
പത്തുപേരുമായി തുടങ്ങിയ കൂട്ടായ്മയിൽ ഇപ്പോൾ 25 പേരുണ്ട്. യൂട്യൂബ് നോക്കിയാണ് ആദ്യം തിരുവാതിര പഠിച്ചിരുന്നതെങ്കിൽ ഇവർക്ക് ഇപ്പോൾ പരിശീലനം നൽകുന്നത് പ്ലസ്ടു വിദ്യാർഥിനി വൈഗ ഷാജിയാണ്. സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുത്ത് വിജയിച്ച പരിചയസമ്പത്താണ് വൈഗയെ അധ്യാപികയായി തിരഞ്ഞെടുക്കാൻ കാരണം.
അനിതയുടെ നീറമൺകുഴിയിലെ വീട്ടുമുറ്റത്താണ് പരിശീലനം നടക്കുന്നത്. ദിവസവും വൈകീട്ട് ആറുമണിയോടുകൂടിയെത്തുന്ന സ്ത്രീകൾ പരിശീലനം കഴിഞ്ഞ് രാത്രി ഒൻപതുമണിയാകും മടങ്ങാൻ.
ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ തിരുവാതിര അവതരിപ്പിച്ചതാണ് നീറമൺകുഴിയിലെ തിരുവാതിരസംഘത്തിനു പ്രചോദനമായത്. അന്വേഷണങ്ങളും അഭിനന്ദനങ്ങളും കൂടുതലായി എത്തിയതോടെ എല്ലാവർക്കും ആത്മവിശ്വാസമായി.
നാട്ടിലെ പല ക്ഷേത്രങ്ങളിലും ഇവർ ഇപ്പോൾ തിരുവാതിര അവതരിപ്പിക്കുന്നു. ചിലയിടങ്ങളിൽനിന്നു ചെറിയ പ്രതിഫലം ലഭിക്കും. പണത്തേക്കാളും മാനസികോല്ലാസവും നല്ലൊരു വ്യായാമവുമാണ് ഇതിന്റെ വലിയ മെച്ചമെന്ന് സംഘാംഗങ്ങൾ പറയുന്നു. ഗുരുവായൂരിൽ ഒരു പരിപാടി നടത്തണമെന്ന് ആഗ്രഹമുണ്ടെന്നും എല്ലാവരും അതിനുള്ള തയ്യാറെടുപ്പിലാണെന്നും അനിത പറഞ്ഞു. മാറനല്ലൂർ കൂവളശ്ശേരിയിലെ നവോദയ വിമെൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തുടങ്ങിയ സംഘത്തിൽ ഇപ്പോൾ പത്തുപേരുണ്ട്. അടുത്തിടെ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടുനടന്ന ആറാട്ടുഘോഷയാത്രിൽ മാറനല്ലൂർ കവലയിൽ അവതരിപ്പിച്ച കൈകൊട്ടിക്കളി ശ്രദ്ധ നേടിയിരുന്നു.
നാടൻപാട്ടുകൾ കോർത്തിണക്കിയാണ് കൈകൊട്ടിക്കളി നടത്തുന്നത്. കലാഭവൻ മണിയുടെ ഉൾപ്പെടെയുള്ള നാടൻപാട്ടുകളിലെ കുറച്ചു ഭാഗങ്ങളെടുത്ത് ഒരുമിച്ച് ചേർത്താണ് കൈകൊട്ടിക്കളി നടത്തുന്നത്. 40-നും 50-നുമിടയിൽ പ്രായമുള്ള അഞ്ചുപേർ നവോദയ ക്ലബ്ബിലുണ്ട്. മുതിർന്ന സ്ത്രീകളാണ് തിരുവാതിരസംഘങ്ങളിൽ സജീവമെങ്കിലും അടുത്തിടെ പുതുതലമുറകളിൽപ്പെട്ടവരും ഇവരോടൊപ്പമെത്തുന്നത് കൂട്ടായ്മയെ കൂടുതൽ ശക്തമാക്കുന്നു.
Content Highlights: Kerala's Thriving Thiruvathira: Reviving Tradition and Empowering Women in Maranalloor