'സെറ്റിലാവുക എന്നാല്‍ വിവാഹം കഴിക്കുകയും കുട്ടികളുണ്ടാകുകയും ചെയ്യുക എന്നതല്ല'-നടി മനീഷാ കൊയ്‌രാള

ജീവിതത്തില്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ സെറ്റിലാവാനാണ് എല്ലാവരും ശ്രമിക്കുക. അതിന്റെ ആദ്യ പടിയായി ഒരു ജോലി കണ്ടെത്തുകയും പിന്നീട് വിവാഹം കഴിക്കുകയും കുഞ്ഞുങ്ങളുണ്ടാകുകയും ചെയ്യുന്നു. എന്നാല്‍ ഇത് ഇന്ത്യയിലെ ആശയമാണെന്നും ഓരോ വ്യക്തിയേയും സംബന്ധിച്ച് ഈ കാഴ്ച്ചപ്പാടില്‍ വ്യത്യാസമുണ്ടാകുമെന്നും നടി മനീഷ കൊയ്‌രാള വ്യക്തമാക്കുന്നു.
'ജീവിതത്തില്‍ സെറ്റിലാവുക എന്നാല്‍ നിങ്ങള്‍ നിങ്ങളായിരിക്കുന്നതില്‍ സംതൃപ്തരാകുക എന്നതാണ്. നിങ്ങള്‍ ആരാണെന്നും എങ്ങനെ ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും നിങ്ങളെത്തന്നെ എങ്ങനെ കാണുന്നുവെന്നുമുള്ള കാര്യങ്ങളില്‍ നിങ്ങള്‍ സംതൃപ്തരാണ് എന്നാണ് അര്‍ത്ഥമാക്കുന്നത്.'-മനീഷ കൊയ്‌രാള വ്യക്തമാക്കുന്നു. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
'സന്തോഷമായിരിക്കുക, നിങ്ങളുടെ ജീവിതം ജീവിക്കുക, നിങ്ങള്‍ ആരാണെന്ന് അംഗീകരിക്കുക, അതില്‍ അഭിമാനിക്കുക. കൂടാതെ, നിങ്ങളില്‍ പൂര്‍ണമായി സംതൃപ്തരായിരിക്കുക. അതാണ് ജീവിതത്തില്‍ സെറ്റിലാവുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വിവാഹം കഴിക്കുകയും കുട്ടികളുണ്ടാകുകയും ചെയ്യുക എന്നതല്ല.'-നടി കൂട്ടിച്ചേര്‍ത്തു.
Content Highlights: manisha koirala redefines settling down says its not about getting married or having kids