'ആദ്യമായി പെരുമ്പാമ്പിനെ കൈകൊണ്ട് എടുത്തു, ഇല്ല്യാന ഇഴയുന്നതിന് അനുസരിച്ച് ക്യാമറ ക്ലിക്ക് ചെയ്തു'

പെരുമ്പാമ്പിനൊപ്പം മണിക്കുട്ടന്റെ ഫോട്ടോഷൂട്ട്‌ | Photo: Special Arrangement
പെരുമ്പാമ്പിനൊപ്പം മണിക്കുട്ടന്റെ ഫോട്ടോഷൂട്ട്‌ | Photo: Special Arrangement

വ്യത്യസ്തമായ പല ഫോട്ടോഷൂട്ടുകളും നമ്മള്‍ കണ്ടിട്ടുണ്ട്. ഫാഷനില്‍ നൂതന പരീക്ഷണങ്ങള്‍ നടത്തിയും ഒരുപാട് ചിത്രങ്ങളിലൂടെ ഒരു കഥ പറയുന്ന ഫോട്ടോഷൂട്ടുകളുമെല്ലാം ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ പെരുമ്പാമ്പുമൊത്തുള്ള ഫോട്ടോഷൂട്ട് കണ്ടിട്ടുണ്ടോ? മലയാളത്തില്‍ ഒരു നടന്‍ ആദ്യമായി അങ്ങനെയൊരു സാഹസം ചെയ്തിരിക്കുന്നു.

നടന്‍ മണിക്കുട്ടനാണ് പെരുമ്പാമ്പിനൊപ്പം ക്യാമറയ്ക്കു മുന്നില്‍ പോസ് ചെയ്തത്. ഇല്ല്യാന എന്നാണ് ഈ പാമ്പിന്റെ പേര്. ഇല്ല്യാനയെ ശരീരത്തില്‍വെച്ച് അത് ഇഴഞ്ഞുപോകുന്നതിന് അനുസരിച്ചായിരുന്നു ചിത്രങ്ങള്‍ എടുത്തത്. ഏറെ നേരമെടുത്ത് ക്ഷമയോടെ ചെയ്ത വര്‍ക്കാണെന്ന് ഫോട്ടോഗ്രാഫര്‍ ഗിരീഷ് അമ്പാടി പറയുന്നു.

ബാലരാമപുരത്തുള്ള മുഹമ്മദ് ഷാജിയാണ് പെരുമ്പാമ്പിനെ ഷൂട്ടിനായി സംഘടിപ്പിച്ചുതന്നത്. ഷാജി സിനിമകള്‍ക്കും സീരിയലുകള്‍ക്കും മൃഗങ്ങളെ നല്‍കുന്ന വ്യക്തിയാണ്. അതിനാലാണ് ഇയാളെ സമീപിച്ചതെന്നും ഗിരീഷ് പറയുന്നു. തിരുവനന്തപുരം വെള്ളാല്‍ ആദിശക്തി ആയുര്‍വേദ വില്ലേജായിരുന്നു ലൊക്കേഷന്‍. 

പാമ്പിനൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങള്‍ മണിക്കുട്ടനും പങ്കുവെച്ചു. ജീവിതത്തില്‍ ആദ്യമായാണ് ഒരു പാമ്പിനെ കൈകൊണ്ട് എടുക്കുന്നത്. അതും പെരുമ്പാമ്പ്. എനിക്ക് പേടിയുണ്ടായിരുന്നു. എന്നാല്‍ കണ്‍സെപ്റ്റ് ഇഷ്ടമായതോടെ ഫോട്ടോഷൂട്ട് നടത്താമെന്ന് സമ്മതിച്ചു. ഷൂട്ടിന് രണ്ടുദിവസം മുമ്പ് ഇല്ല്യാനയെ പോയികണ്ടു. ആദ്യം കണ്ടപ്പോള്‍ അടുപ്പമൊന്നും കാണിച്ചില്ല. രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ ഞങ്ങള്‍ കൂട്ടായി. ഇതു ഷൂട്ടിന് ഏറെ സഹായകമായി. മണിക്കുട്ടന്‍ പറയുന്നു.
 

Content Highlights: manikuttans viral photoshoot with snake illyana