600 രൂപ നല്‍കിയാല്‍ സ്ത്രീകള്‍ക്ക് ആലിംഗനം, എത്തുക പരിശീലനം നേടിയ പുരുഷന്മാര്‍; എന്താണ് ‘മാന്‍ മം ട്രെന്‍ഡ്?’

#Lifestyle Desk
പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാകുന്ന ട്രെന്‍ഡാണ് മാന്‍ മം ട്രെന്‍ഡ്. ചൈനയിലെ വന്‍ നഗരങ്ങളില്‍ പ്രചരിക്കുന്ന സാമൂഹികമായ ട്രെന്‍ഡാണ് ഇത്. വൈകാരികമായ പിന്തുണ ലഭ്യമാക്കുന്നതിനുള്ള മികച്ച മാര്‍ഗമെന്ന നിലയിലാണ് ഇതിനെ പലരും വിലയിരുത്തുന്നത്.

കേവലം ആലിംഗനമാണ് ഈ ട്രെന്‍ഡിലുള്ളത്. എന്നാല്‍ ഇതില്‍ ഉള്‍പ്പെട്ടവര്‍ക്ക് അത് വെറുമൊരു കെട്ടിപ്പിടുത്തം മാത്രമല്ല. വൈകാരികമായ ആശ്വാസമാണ്. പണം നല്‍കി തേടാവുന്ന സേവനമാണ് യഥാര്‍ഥത്തില്‍ ഈ മാന്‍ മം കെട്ടിപ്പിടുത്തം.

വൈകാരികമായ പ്രശ്‌നങ്ങളും ജോലിസ്ഥലത്തെയോ വിദ്യാഭ്യാസ സ്ഥാപനത്തിലെയോ സമ്മര്‍ദവുമെല്ലാം കൊണ്ട് ബുദ്ധിമുട്ടുന്ന സ്ത്രീകള്‍ക്ക് ആശ്വാസമേകിക്കൊണ്ട് ജിമ്മില്‍ നിന്ന് പരിശീലനം നേടിയ യുവാക്കളാണ് ആലിംഗനത്തിനായി എത്തുക. പ്രണയരഹിതമായ ആലിംഗനമാണ് ഇവര്‍ നല്‍കുക. മെട്രോ സ്‌റ്റേഷനുകള്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ വെച്ചാണ് ആലിംഗന തെറാപ്പി നടക്കുക.

അഞ്ചുമിനുറ്റ് നേരം നീളുന്ന ആലിംഗനമാണ് ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാന്‍ സാധിക്കുക. 20 മുതല്‍ 50 യുവാന്‍ (ഏകദേശം 250 മുതല്‍ 600 രൂപ) വരെയാണ് ഇതിനായുള്ള ചെലവ്. ഓണ്‍ലൈനില്‍ ചെറിയതോതില്‍ തുടങ്ങിയ ഈ ട്രെന്‍ഡ് ഇപ്പോള്‍ ചെറുബിസിനസ് എന്നരീതിയിലേക്ക് വളര്‍ന്നുകഴിഞ്ഞു.

ഒരു കോളേജ് വിദ്യാര്‍ഥിനിയുടെ പോസ്റ്റില്‍ നിന്നാണ് ഈ ട്രെന്‍ഡ് ആരംഭിക്കുന്നത്. തന്റെ തിസീസുമായി ബന്ധപ്പെട്ട് താങ്ങാനാകാത്ത ഭാരമാണ് അനുഭവിക്കുന്നതെന്നായിരുന്നു പോസ്റ്റ്. എന്നാല്‍ ഒരു സുഹൃത്തിനെ ആലിംഗനം ചെയ്തതോടെ തനിക്ക് വലിയ സമാശ്വാസം ലഭിച്ചുവെന്നും പെണ്‍കുട്ടി പോസ്റ്റില്‍ പറയുന്നു.

ഒരുലക്ഷത്തിലേറെ പേരാണ് പോസ്റ്റില്‍ കമന്റിട്ടത്. ക്രമേണെ നിരവധി പേര്‍ ഈ 'ഹഗ് തെറാപ്പി' സൗഹൃദപരമായി വാഗ്ദാനം ചെയ്തുകൊണ്ട് രംഗത്തെത്തി. പിന്നീട് വളരെ പെട്ടെന്നാണ് ചാറ്റ് ആപ്പുകള്‍ മുഖേനെയുള്ള പെയ്ഡ് സര്‍വീസായി ഇത് മാറുന്നത്.

മാന്‍ മം എന്ന പേരിന് പിന്നില്‍

ജിമ്മില്‍ പരിശീലനം നേടിയ കായികക്ഷമതയുള്ള പുരുഷന്മാരാണ് ഇവിടെ ആലിംഗനത്തിനായി എത്തുന്നത്. എന്നാല്‍ ഇവരുടെ ആലിംഗനം അമ്മയുടെ വാത്സല്യത്തിന് തുല്യമായതും വൈകാരികമായ പിന്തുണ നല്‍കുന്നതുമാണ്. ഇത് രണ്ടും ഒന്നിച്ചുചേര്‍ത്താണ് മാന്‍ മം എന്ന പേര് ഈ ആലിംഗന തെറാപ്പിക്ക് നല്‍കിയത്.

Content Highlights: The 'Man Mum' Trend: Women Pay ₹600 for a Hug from Trained Men in China; A Look at the Paid Emotional Support Service