കണ്ണ് തുടിച്ചാൽ ദുരന്തമെന്ന് വിശ്വാസം; ഒഴിവാക്കാൻ തുടർച്ചയായി കണ്ണിൽ അടിച്ച യുവാവിന് കാഴ്ച നഷ്ടമായി

#Lifestyle Desk
പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

കണ്ണ് തുടിക്കുന്നത് ദുശ്ശകുനമാണെന്ന് വിശ്വസിച്ച്, അതൊഴിവാക്കാൻ കണ്ണിൽ അടിച്ച യുവാവിന് കാഴ്ച നഷ്ടമായി. ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാനിലാണ് അന്ധവിശ്വാസം കാരണം യുവാവിന് കാഴ്ച പോയ സംഭവമുണ്ടായത്. ഇടത് കണ്ണ് തുടിക്കുന്നത് സമ്പത്ത് കൊണ്ടുവരുമെന്നും എന്നാൽ വലത് കണ്ണ് തുടിക്കുന്നത് ദുരന്തത്തെ വിളിച്ചുവരുത്തുമെന്നും അർഥമുള്ള, ഏറെ പ്രചാരമുള്ള ചൈനീസ് പഴഞ്ചൊല്ലിൽ നിന്നാണ് ചൈനയിൽ ഈ വിശ്വാസമുണ്ടായത്.

ലെ എന്നാണ് കാഴ്ച നഷ്ടമായ യുവാവിന്റെ പേര്. ഇയാളുടെ വലത് കണ്ണ് ദിവസങ്ങളായി തുടിക്കുന്നുണ്ടായിരുന്നു. ചൈനയിലെ വിശ്വാസം അനുസരിച്ച് ഇത് തനിക്ക് അപകടമാണെന്ന് ലെ ഉറച്ചുവിശ്വസിച്ചു. ഇത് മാറ്റാനായി കണ്ണുകൾക്ക് വിശ്രമം നൽകുകയും ചൂട് പിടിക്കുകയുമെല്ലാം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഇതിനൊരു 'പരിഹാരം' കാണണമെന്ന് ഉറപ്പിച്ചാണ് ലെ അറ്റകൈ പ്രയോഗം നടത്തിയത്.

ഡോക്ടറെ സമീപിക്കുന്നതിന് പകരം ഇന്റർനെറ്റിൽ തിരയുകയാണ് ലെ ചെയ്തത്. കൺപോളയിൽ അടിക്കുന്നത് ദുരന്തത്തെ അകറ്റുമെന്ന് തിരച്ചിലിൽ ഇയാൾ കണ്ടെത്തി. തുടർന്ന് മൂന്ന് ദിവസം ഇയാൾ കൺപോളയിൽ അടിക്കുകയായിരുന്നു. ഇതോടെ യുവാവിന്റെ ഇരുവശങ്ങളിലേയും കാഴ്ച നഷ്ടമായി. നേരെ മുന്നിലുള്ളത് മാത്രമാണ് ഇയാൾക്ക് കഷ്ടിച്ച് കാണാൻ കഴിഞ്ഞത്.

തുടർന്ന് ലെ ഉടൻ വൈദ്യസഹായം തേടി. പരിശോധനയിൽ റെറ്റിനൽ ഡിറ്റാച്ച്‌മെന്റ് എന്ന അവസ്ഥയാണ് ലെയ്‌ക്കെന്ന് കണ്ടെത്തി. ഇതിനായി ശസ്ത്രക്രിയ നടത്തിയതോടെ ഇയാളുടെ കാഴ്ചശക്തി പുനഃസ്ഥാപിക്കപ്പെടുകയായിരുന്നു. ശരാശരി 0.3 മില്ലിമീറ്റർ മാത്രം കനമുള്ള പാളിയാണ് റെറ്റിന. ശക്തമായ അടി കണ്ണിലേൽക്കുന്നത് റെറ്റിന തകരാൻ വരെ കാരണമാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

ലെയുടെ കഥ ചൈനയിലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. 'വലംകണ്ണ് തുടിക്കുന്നത് ദുരന്തം കൊണ്ടുവരും എന്ന പഴഞ്ചൊല്ലിനെ ലെ യാഥാർഥ്യമാക്കി' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. 'കണ്ണ് തുടിക്കുന്നത് ശരീരം നൽകുന്ന ഒരു മുന്നറിയിപ്പ് മാത്രമാണ്, അല്ലാതെ ദുരന്തത്തിന്റെ പ്രവചനമല്ല. ശാസ്ത്രത്തെ വിശ്വസിക്കൂ, അല്ലാതെ അന്ധവിശ്വാസത്തെ പിന്തുടരുകയല്ല വേണ്ടത്' -മറ്റൊരാൾ കുറിച്ചു. 

കണ്ണ് തുടിക്കുന്നതിന്റെ യഥാർഥ കാരണം

കൺപോളയിലെ പേശികളുടെ അനിയന്ത്രിതമായ ചലനമാണ് കണ്ണ് തുടിപ്പുണ്ടാക്കുന്നത്. ഇതിന് പലകാരണങ്ങളുണ്ടെന്നാണ് വിദഗ്ധർ പറയുന്നു. ഉറക്കക്കുറവ്, മാനസിക സമ്മർദം, ചായ, കാപ്പി, കഫീൻ എന്നിവയുടെ അമിത ഉപയോഗം, ദീർഘനേരം മൊബൈൽ/കമ്പ്യൂട്ടർ/ടെലിവിഷൻ തുടങ്ങിയവ ഉപയോഗിക്കുന്നതിനെ തുടർന്ന് കണ്ണുകൾ ക്ഷീണിക്കുന്നത്, കണ്ണ് വരണ്ട് പോകുന്നത് എന്നിവയെല്ലാം കണ്ണ് തുടിപ്പിന് കാരണമാണ്.

ആവശ്യത്തിന് ഉറക്കം ഉറപ്പുവരുത്തുക, വിശ്രമിക്കുക, വ്യായാമം ചെയ്യുക, കഫീൻ കുറയ്ക്കുക, 20-20-20 നിയമം പാലിച്ച് മാത്രം സ്‌ക്രീൻ ഉപയോഗിക്കുക, വരണ്ട കണ്ണിന് ഡോക്ടറുടെ നിർദേശപ്രകാരം ഐ ഡ്രോപ്പ് ഉപയോഗിക്കുക എന്നിവയെല്ലാം ചെയ്യുന്നതിലൂടെ കണ്ണ് തുടിക്കുന്നത് ഒഴിവാക്കാവുന്നതാണ്. എന്നാൽ കണ്ണ് തുടിക്കുന്നത് ദിവസങ്ങളോളം നീണ്ടുനിൽക്കുകയാണെങ്കിൽ ഉടൻ ഡോക്ടറെ സമീപിക്കേണ്ടതാണ്.

Content Highlights: A man named Le from Wuhan, China, nearly lost his eyesight after repeatedly hitting his own eyelid to stop it from twitching, which he believed was a bad omen. Doctors diagnosed him with retinal detachment caused by the physical trauma.