ജനിച്ചയുടൻ ശൗചാലയത്തിൽ ഉപേക്ഷിക്കപ്പെട്ടു; 40 വര്‍ഷത്തിനുശേഷം സ്വന്തം കുടുംബത്തെ കണ്ടുമുട്ടി യുവാവ്

ഭൂമിയില്‍ പിറന്നുവീണ ഉടന്‍ ഉപേക്ഷിക്കപ്പെടുന്ന ദുരവസ്ഥ അനുഭവിക്കേണ്ടിവരുന്ന ഒട്ടേറെ കുഞ്ഞുങ്ങളുണ്ട്. നമ്മുടെ അമ്മത്തൊട്ടിലുകളില്‍ ഇടയ്ക്കിടെ ലഭിക്കുന്ന നവജാതശിശുക്കളെ കുറിച്ച് വാര്‍ത്തകള്‍ വരുന്നത് പതിവാണ്. പലപ്പോഴും മാതാപിതാക്കളും ബന്ധുക്കളും തന്നെയാണ് കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നത് എന്നതാണ് സങ്കടകരമായ കാര്യം. ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങള്‍ പിന്നീട് കാലങ്ങള്‍ക്കുശേഷം സ്വന്തം കുടുംബത്തെ കണ്ടുമുട്ടിയ സംഭവങ്ങള്‍ അത്യപൂര്‍വമായി ഉണ്ടാകാറുണ്ട്. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.
ജോണ്‍ സ്‌കാര്‍ലെറ്റ് ഫിലിപ്‌സ് എന്ന 40-കാരനാണ് നാലുപതിറ്റാണ്ടിന് ശേഷം സ്വന്തം കുടുംബവുമായി ഒത്തുചേര്‍ന്നത്. യുകെ സ്വദേശിയാണ് ജോണ്‍. 40 വര്‍ഷം മുമ്പ് മില്‍ട്ടണ്‍ കെയ്‌നെസിലെ സ്വിമ്മിങ് പൂളിന്റെ കാര്‍പാര്‍ക്കിങ്ങിന്റെ ഭാഗമായുള്ള ശൗചാലയത്തിലാണ് പിറന്നുവീണയുടന്‍ ഇദ്ദേഹം ഉപേക്ഷിക്കപ്പെട്ടത്. 1984 സെപ്റ്റംബറിലായിരുന്നു ഇത്.
Also Read: 'ഡയറ്റല്ല, വ്യായാമവുമല്ല, പിന്നെയോ...'; ദീർഘായുസ്സിന്റെ രഹസ്യം വെളിപ്പെടുത്തി 115-കാരിയായ മുത്തശ്ശി
ജന്മം നല്‍കിയ അമ്മയാണ് കുഞ്ഞുജോണിനെ ഉപേക്ഷിച്ചത്. പുതപ്പില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് സഞ്ചിയിലാക്കിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. ആ സമയത്ത് കുഞ്ഞിന്റെ പ്ലാസന്റെ പോലും നീക്കം ചെയ്തിരുന്നില്ല. പിന്നീട് എപ്പോഴോ മൂന്ന് കൗമാരക്കാരികളാണ് കുഞ്ഞുജോണിനെ കണ്ടെത്തിയത്. അവര്‍ ഉടന്‍ ആംബുലന്‍സിനെ വിളിച്ചാണ് കുഞ്ഞിനെ രക്ഷിച്ചത്.
40 വര്‍ഷത്തിനിപ്പുറം 'ലോങ് ലോസ്റ്റ് ഫാമിലി' എന്ന ടെലിവിഷന്‍ ഷോയാണ് ജോണിനെ സ്വന്തം കുടുംബവുമായി കൂട്ടിമുട്ടിച്ചത്. അന്ന് തന്റെ കരച്ചില്‍ കേട്ടെത്തി രക്ഷിച്ച മൂന്ന് കൗമാരക്കാരികള്‍ക്ക് ഷോയില്‍ ജോണ്‍ നന്ദി പറഞ്ഞു. അവരാണ് തന്റെ ജീവന്‍ രക്ഷിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't Miss: 'വിവാഹം വളരെ കഠിനമാണ്'; ഒടുവിൽ ബരാക്ക് ഒബാമയുമായുള്ള വിവാഹമോചന അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി മിഷേല്‍
വര്‍ഷങ്ങളായി പിരിഞ്ഞവരെ കുടുംബവുമായി ഒന്നിക്കാന്‍ സഹായിക്കുന്ന ഷോയായ 'ലോങ് ലോസ്റ്റ് ഫാമിലി'യില്‍ വെച്ച് തന്റെ അര്‍ധസഹോദരങ്ങളെ കണ്ടുമുട്ടി. അതേസമയം തനിക്ക് ജന്മം നല്‍കിയ അമ്മയെ അന്ന് കാണാന്‍ ജോണിന് കഴിഞ്ഞില്ല. അമ്മയ്ക്ക് ഏകദേശം 20 വയസുള്ളപ്പോഴാണ് ജോണുണ്ടായതെന്ന് സഹോദരങ്ങള്‍ പറഞ്ഞു. അമ്മ ദീര്‍ഘകാലമായി രോഗിയാണ്. മാനസികമായും ശാരീരികമായും വയ്യാത്തതിനാലാണ് അമ്മയ്ക്ക് വരാന്‍ കഴിയാതിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അമ്മ ജോണിനായി ഒരു സന്ദേശം അയച്ചിരുന്നു.
ജോണിനെ അമ്മ ഉപേക്ഷിക്കാനുള്ള കാരണമെന്തായിരുന്നുവെന്ന് ഇനിയും വ്യക്തമല്ല. ദത്തെടുക്കപ്പെട്ട ജോണ്‍ ഇപ്പോഴൊരു ഷെഫാണ്. ഭാര്യയ്ക്കും 17-കാരനായ മകനുമൊപ്പമാണ് ഇപ്പോള്‍ ജോണ്‍ കഴിയുന്നത്.
Content Highlights: UK Man Abandoned As Newborn In Plastic Bag Reunites With Birth Family After Four Decades