'എന്റെ ശരീരത്തിന്റെ നിറം നഷ്ടമാകുന്നു'; രോഗാവസ്ഥയിലും ആത്മവിശ്വാസത്തോടെ മംമ്ത മോഹന്‍ദാസ്

അര്‍ബുദത്തോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ചുവന്ന നടിയാണ് മംമ്ത മോഹന്‍ദാസ്. ഈ രോഗാവസ്ഥ നേരിട്ട ഒരുപാട് പേരുടെ ആത്മവിശ്വാസം ഉയര്‍ത്തിയ വ്യക്തി കൂടിയാണ് അവര്‍. എന്നാലിപ്പോള്‍ മറ്റൊരു പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് അവര്‍.
വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് മംമ്ത. തന്റെ നിറം നഷ്ടപ്പെടുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നുവെന്നും തനിക്ക് ഓട്ടോ ഇമ്മ്യൂണ്‍ ഡിസീസാണെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ നടി പറയുന്നു. തൊലിപ്പുറത്തെ യഥാര്‍ഥ അവസ്ഥ കാണിക്കുന്ന തരത്തില്‍ സെല്‍ഫി ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
'നിന്നെ ഞാന്‍ മുമ്പെങ്ങുമില്ലാത്ത വിധം ചേര്‍ത്തുപിടിക്കുന്നു' എന്ന് സൂര്യനോട് സംസാരിക്കുന്നതു പോലെയാണ് മംമ്തയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ്. 'പ്രിയപ്പെട്ട സൂര്യന്‍, മുമ്പെങ്ങുമില്ലാത്ത വിധം ഇപ്പോള്‍ നിന്നെ ഞാന്‍ സ്വീകരിക്കുന്നു. എനിക്ക് നിറം നഷ്ടപ്പെടുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു. മൂടല്‍മഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങള്‍ മിന്നിമറയുന്നത് കാണാന്‍ നിന്നേക്കാള്‍ നേരത്തെ എല്ലാ ദിവസവും ഞാന്‍ എഴുന്നേല്‍ക്കും. നിനക്കുള്ളതെല്ലാം തരൂ. നിന്റെ അനുഗ്രഹത്താല്‍ ഇന്ന് മുതല്‍ എന്നും ഞാന്‍ കടപ്പെട്ടവളായിരിക്കും.'-കുറിപ്പില്‍ മംമ്ത പറയുന്നു.
ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന അവസ്ഥയാണ് ഓട്ടോ ഇമ്മ്യൂണല്‍ ഡിസോര്‍ഡര്‍. ശരീരത്തിലെ നിറം നഷ്ടമാകുന്ന വിറ്റിലിഗോ എന്ന ഓട്ടോ ഇമ്യൂണല്‍ ഡിസോര്‍ഡര്‍ ആണ് മംമ്തയെ ബാധിച്ചത്. മെലാനിന്റെ കുറവ്മൂലം ഇവ ബാധിക്കാം.
Content Highlights: mamta mohandas says she has been diagnosed with autoimmune disease vitiligo