ഞാന്‍ ഒരു സാധ്വിയാണ്,ഇനിയും അങ്ങനെ തുടരും; മഹാമണ്ഡലേശ്വര സ്ഥാനമൊഴിഞ്ഞ് മംമ്ത കുല്‍ക്കര്‍ണി

മുന്‍ ബോളിവുഡ് താരവും സന്യാസിനിയുമായ മംമ്ത കുല്‍ക്കര്‍ണി മഹാ കുംഭമേളയില്‍ കിന്നര്‍ അഖാഡ മഹാമണ്ഡലേശ്വര സ്ഥാനം രാജിവെച്ചതായി അറിയിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം 2025 ജനുവരി 24-നാണ് അവരെ ഈ സ്ഥാനത്ത് അവരോധിച്ചത്. മംമ്ത സന്യാസം സ്വീകരിച്ചതുമുതല്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. മംമ്തയുടെ പൂര്‍വകാല ജീവിതവും ഇപ്പോള്‍ സന്യാസം സ്വീകരിക്കാനുള്ള യോഗ്യതയുമെല്ലാം വ്യാപക ചര്‍ച്ചയായിരുന്നു. ഈ വിവാദങ്ങള്‍ക്കു പിന്നാലെയാണ് പദവി ഒഴിയുകയാണെന്ന പ്രഖ്യാപനവുമായി അവര്‍ രംഗത്തെത്തിയത്.
'ഞാന്‍, മഹാമണ്ഡലേശ്വര്‍ മമത നന്ദഗിരി ഈ സ്ഥാനം രാജി വയ്ക്കുന്നു. ചേരിതിരിഞ്ഞുളള ഈ തര്‍ക്കം ശരിയല്ല. 25 വര്‍ഷമായി ഞാന്‍ ഒരു സാധ്വിയാണ്, ഇനിയും അങ്ങനെ തുടരും,' മമത വീഡിയോയില്‍ പറഞ്ഞു.
'25 വര്‍ഷമായി ഞാന്‍ അഭിനയവും ബോളിവുഡും ഉപേക്ഷിച്ച് എന്റെ വഴി കണ്ടെത്തിയിട്ട്. സന്യാസത്തിലേക്ക് എത്തുവാനായാണ് ഞാന്‍ അങ്ങനെ ചെയ്തത്. അല്ലെങ്കില്‍ ഇത്രയും കാലം മേക്കപ്പില്‍ നിന്നും ഗ്ലാമറില്‍ നിന്നും അകന്നു നില്‍ക്കുമോയെന്നും അവര്‍ ചോദിച്ചു.
പദവിയില്‍ നിന്ന് രാജി വയ്ക്കുകയാണെന്നാണ് അവര്‍ പറയുന്നതെങ്കിലും അവരെ ആ സ്ഥാനത്തു നിന്നു പുറത്താക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു,. കിന്നര്‍ അഖാഡ സന്യാസി സമൂഹത്തിലെ നിരവധി പേര്‍ മമത കുല്‍ക്കര്‍ണിക്ക് മഹാമണ്ഡലേശ്വരി പദവി നല്‍കിയതിനെ എതിര്‍ത്തിരുന്നു. തുടര്‍ന്ന് സന്യാസി സമൂഹം സ്ഥാപകന്‍ ഋഷി അജയ് ദാസ്, മംമതയേയും അവരെ പദവിയിലേക്ക് നിയമിച്ച ലക്ഷ്മി നാരായണ്‍ ത്രിപാഠിയേയും ആ സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ കാരണം നിയമങ്ങള്‍ മറികടന്ന്, നടിക്ക് ഒറ്റരാത്രികൊണ്ടാണ് മഹാമണ്ഡലേശ്വര്‍ പോലുള്ള വലുതും അഭിമാനകരവുമായ സ്ഥാനം നല്‍കിയെന്ന് ലക്ഷ്മി നാരായണ്‍ ത്രിപാഠിക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. ഈ സ്ഥാനത്ത് എത്താന്‍ സന്യാസിമാര്‍ക്ക് 12 വര്‍ഷമോ അതില്‍ കൂടുതലോ എടുക്കും. ജീവിതകാലം മുഴുവന്‍ മതത്തിന്റെ പാത പിന്തുടര്‍ന്നിട്ടും പലര്‍ക്കും ഈ അഭിമാനകരമായ സ്ഥാനം നേടാന്‍ കഴിയുന്നില്ല.
20 വര്‍ഷത്തിലേറെ വിദേശത്ത് കഴിഞ്ഞ, മയക്കുമരുന്ന് കള്ളക്കടത്തുകാരുമായും അധോലോകവുമായും ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നതുമായ ഒരു നടിക്കാണ് മഹാമണ്ഡലേശ്വര്‍ സ്ഥാനം നല്‍കിയതെന്ന് അജയ് ദാസ് ആരോപണം ഉന്നയിച്ചിരുന്നു. 12 മണിക്കൂറിനുള്ളില്‍ നടി മംമ്ത കുല്‍ക്കര്‍ണിക്ക് മഹാമണ്ഡലേശ്വര്‍ സ്ഥാനം ലഭിച്ചു. ഇത് തെളിയിക്കുന്നത് ഇതിന് പിന്നില്‍ ചില അത്യാഗ്രഹമോ വ്യക്തിപരമായ താല്‍പ്പര്യമോ ഒളിഞ്ഞിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
90-കളില്‍ ബോളിവുഡ് ഗ്ലാമര്‍ വേഷങ്ങളില്‍ നിറഞ്ഞുനിന്ന നടിയാണ് മംമ്ത കുല്‍ക്കര്‍ണി. 1992-ല്‍ ' തിരംഗ' എന്ന ചിത്രത്തിലൂടയായിരുന്നു ബോളിവുഡിലെ അരങ്ങേറ്റം. 2002-ല്‍ പുറത്തിറങ്ങിയ 'കഭീ തും കഭീ ഹം' എന്ന സിനിമയ്ക്ക് ശേഷം മമതയുടേതായി സിനിമകളൊന്നും പുറത്തിറങ്ങിയില്ല. സിനിമാമേഖലയില്‍നിന്നു വിട്ടുനില്‍ക്കുന്ന മമത വിവാഹത്തിനു ശേഷം കെനിയയിലാണ് ജീവിച്ചത്. 25 വര്‍ഷത്തിനുശേഷം ജനുവരി ആദ്യമാണ് താരം ഇന്ത്യയിലെത്തിയത്. മമതയ്ക്കും ഭര്‍ത്താവ് വിക്കി ഗോസാമിക്കും എതിരെയുള്ള 2,000 കോടി രൂപയുടെ ലഹരിമരുന്ന് കേസ് ബോംബെ ഹൈക്കോടതി കഴിഞ്ഞ ഓഗസ്റ്റില്‍ റദ്ദാക്കിയിരുന്നു. 2016-ല്‍ താനെയില്‍നിന്ന് ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ നടിക്കും ഭര്‍ത്താവിനും പങ്കുണ്ടെന്നായിരുന്നു കേസ്.
മഹാ കുംഭമേളയില്‍ എത്തി സന്യാസം സ്വീകരിച്ചുകൊണ്ട് അവര്‍ എല്ലാവരെയും നടി അത്ഭുതപ്പെടുത്തി. ഈ കുംഭമേളയില്‍ ബ്രഹ്‌മാവിനെയും വിഷ്ണുവിനെയും മഹേശ്വരനെയും കണ്ടതായി അവര്‍ പറഞ്ഞിരുന്നു. ഇനി ശിവ-പാര്‍വതിയുടെ അര്‍ദ്ധനാരി രൂപത്തില്‍ സനാതനനെ സേവിക്കണം. ഞാന്‍ നേടിയതെല്ലാം ഉപേക്ഷിച്ചതുപോലെ തോന്നി. ഇനി ഞാന്‍ സനാതന പാതയിലൂടെ മുന്നോട്ട് പോകും. എന്റെ ഗുരു 23 വര്‍ഷം മുമ്പ് എനിക്ക് ദീക്ഷ നല്‍കിയതിനാല്‍ ഞാന്‍ സനാതന ധര്‍മ്മം ശക്തിപ്പെടുത്തുമെന്നുമാണ് മംമ്ത അന്ന് വ്യക്തമാക്കിയത്.
Content Highlights: Mamta Kulkarni Resigns Mahamandaleshwar Post