മമ്മൂട്ടിയെ ചേര്‍ത്തുപിടിച്ച് സുല്‍ഫത്ത്; 46-ാം വിവാഹ വാര്‍ഷികാശംസ നേര്‍ന്ന് ദുല്‍ഖര്‍

ദുല്‍ഖര്‍ സല്‍മാന്‍/ മമ്മൂട്ടിയും സുല്‍ഫത്തും | Photo: instagram/ dulquer salmaan
ദുല്‍ഖര്‍ സല്‍മാന്‍/ മമ്മൂട്ടിയും സുല്‍ഫത്തും | Photo: instagram/ dulquer salmaan

46-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന മമ്മൂട്ടിക്കും സുല്‍ഫത്തിനും ആശംസ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍. ഇരുവരുടേയും മനോഹരമായൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ്‌ ദുല്‍ഖര്‍ ആശംസ അറിയിച്ചത്. മമ്മൂട്ടിയെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന സുല്‍ഫത്തിനെ ചിത്രത്തില്‍ കാണാം. 1979 മെയ് ആറിനായിരുന്നു മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റേയും വിവാഹം.

'ഉമ്മയ്ക്കും പായ്ക്കും സന്തോഷകരമായ വിവാഹ വാര്‍ഷികം ആശംസിക്കുന്നു. നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു.' ദുല്‍ഖര്‍ കുറിച്ചു. ഏറ്റവും മനോഹരമായ ദമ്പതികള്‍, ഒരിക്കലും പറയപ്പെടാത്ത മഹത്തായ പ്രണയം എന്നീ ഹാഷ്ടാഗുകളും ദുല്‍ഖറിന്റെ പോസ്റ്റിനൊപ്പമുണ്ട്. 

ഇതിന് താഴെ ഒട്ടേറെ ആരാധകരാണ് ഇരുവര്‍ക്കും ആശംസ അറിയിച്ചത്. കാത്തിരുന്ന പോസ്റ്റായിരുന്നു ഇതെന്നും മമ്മൂട്ടിയും സുല്‍ഫത്തും ഇണക്കുരുവികളെ പോലെയുണ്ടെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. 

മെയ് മാസത്തിലെ മൂന്ന് ദിവസങ്ങള്‍ ജീവിതത്തില്‍ വളരെ സ്‌പെഷ്യല്‍ ആണെന്ന് ദുല്‍ഖര്‍ നേരത്തെ പറഞ്ഞിരുന്നു. മെയ് നാലിനാണ് സുല്‍ഫത്തിന്റെ പിറന്നാള്‍. മെയ് അഞ്ചിനാണ് ദുല്‍ഖറിന്റെ മകള്‍ മറിയം അമീറ സല്‍മാന്റെ പിറന്നാള്‍. തൊട്ടടുത്ത മെയ് ആറിന് മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റേയും വിവാഹ വാര്‍ഷികവും.

സുല്‍ഫത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് 'ചക്കര ഉമ്മ' എന്ന് കുറിച്ചാണ് ദുല്‍ഖര്‍ ഉമ്മയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ചത്. ഭാര്യ അമാലിനും മകള്‍ മറിയത്തിനുമൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് മകളുടെ പിറന്നാള്‍ ആശംസയും കുറിച്ചു. 'എട്ടാം പിറന്നാള്‍ ആഘോഷിക്കുന്ന ഞങ്ങളുടെ രാജകുമാരിക്ക് ആശംസകള്‍, എല്ലാ ദിവസവും നിന്നോട് കടപ്പെട്ടിരിക്കുന്നു' എന്നാണ് ദുല്‍ഖര്‍ പോസ്റ്റ് ചെയ്തത്.
 

Content Highlights: mammootty and sulfath wedding anniversary