ആരോഗ്യമാണ് എല്ലാം; സൈക്ലിങ് വ്യായാമമാക്കി മലപ്പുറം കളക്ടര്‍ വി.ആര്‍ വിനോദ്

മലപ്പുറം ജില്ലാ കളക്ടര്‍വി.ആര്‍. വിനോദ് പ്രഭാത സൈക്കിള്‍ സവാരിക്കിടെ | ഫോട്ടോ: കെ.ബി സതീഷ് കുമാര്‍
മലപ്പുറം ജില്ലാ കളക്ടര്‍വി.ആര്‍. വിനോദ് പ്രഭാത സൈക്കിള്‍ സവാരിക്കിടെ | ഫോട്ടോ: കെ.ബി സതീഷ് കുമാര്‍

സിഗ്‌നല്‍ നല്‍കുന്ന സൈക്കിളും ലൈറ്റ് പിടിപ്പിച്ച ഹെല്‍മെറ്റും. ഇതിന് എന്താണിത്ര പ്രത്യേകത എന്നല്ലേ? രാവിലെ ആറ് മുതല്‍ 7.15 വരെ മലപ്പുറം കളക്ടര്‍ വി.ആര്‍. വിനോദിന്റെ 'ഔദ്യോഗിക' വാഹനമാണിത്. സംശയിക്കേണ്ട. രണ്ടര വര്‍ഷമായി കളക്ടര്‍ തുടരുന്ന പ്രഭാത വ്യായാമമാണ് സൈക്ലിങ്. ദിവസവും ശരാശരി 26 കിലോമീറ്ററോളമാണ് യാത്ര. മലപ്പുറത്ത് നിന്ന് പെരിന്തല്‍മണ്ണയിലേക്കോ മഞ്ചേരിയിലേക്കോ ആയിരിക്കും മിക്കപ്പോഴുമുള്ള യാത്ര. നല്ല ആരോഗ്യവും മനസ്സുമുണ്ടാകാന്‍ വ്യായാമം നിര്‍ബന്ധമാണെന്ന തിരിച്ചറിവാണ് കളക്ടറുടെ ഈ സവാരിക്ക് പ്രചോദനം.

സൈക്ലിങ് വസ്ത്രവുമിട്ട് പരമാവധി സുരക്ഷയോടെ ഒറ്റയ്ക്കാണ് യാത്ര. 90,000 രൂപയുടെ ട്രക്ക് സൈക്കിളില്‍ ദൂരത്തിന്റെ കണക്കറിയാന്‍ സ്റ്റ്രാവ ആപ്പിന്റെ സഹായവുമുണ്ട്. യാത്രയിലൂടെ നാട്ടിന്‍പുറങ്ങളെ പരിചയപ്പെടാനുള്ള ശ്രമവും ഇദ്ദേഹം നടത്തുന്നുണ്ട്.

ജിമ്മില്‍ ചെയ്തിരുന്ന വ്യായാമം ശുദ്ധമായ ഓക്‌സിജനും കാറ്റും ലഭിക്കാന്‍ വേണ്ടിയാണ് സൈക്കിളിലേക്ക് മാറ്റിയത്. തിരുവനന്തപുരത്ത് ഉണ്ടായിരുന്നപ്പോള്‍ തുടങ്ങിയ ശീലമാണ് ഈ സൈക്ലിങ്. പരമാവധി 50 കിലോമീറ്റര്‍ വേഗതയില്‍ വരെ സൈക്കിള്‍ ചവിട്ടും. ആവേശം കയറി 60 കിലോമീറ്ററോളം ദൂരം യാത്ര പോയ ദിവസങ്ങളുമുണ്ട്. അത്യാവശ്യയാത്രകളുള്ളപ്പോള്‍ മാത്രമാണ് ഈ സൈക്ലിങ്ങിന് മുടക്കം സംഭവിക്കാറുള്ളത്. യാത്രയ്ക്കിടയില്‍ രണ്ട് തവണ ചെറിയ പരിക്കുകളുണ്ടായ അനുഭവവും ഇദ്ദേഹത്തിനുണ്ട്.

സൈക്ലിങ് നടത്താറുള്ള ചീഫ് സെക്രട്ടറി വി. വേണുവടക്കം അംഗമായ വാട്‌സാപ്പ് ഗ്രൂപ്പിലും അംഗമാണ് കളക്ടര്‍. ഓരോ വീട്ടിലും ഒരു സൈക്കിളെങ്കിലും ഉണ്ടായിരിക്കുക എന്നത് തന്റെ ആഗ്രഹമാണെന്നും കളക്ടര്‍ പറഞ്ഞു. ചെറുദൂരത്തിലുള്ള യാത്രകള്‍ക്ക് സൈക്കിള്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളും ഇദ്ദേഹത്തിനുണ്ട്. ചെസ്സും വായനയുമാണ് മറ്റ് ഹോബികള്‍.

നെല്ലിക്കയ്ക്ക് കിട്ടുന്നത് മികച്ച പ്രതികരണം

ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെ തുടങ്ങിയ നെല്ലിക്ക പദ്ധതിക്ക് മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്നുണ്ടാകുന്നതെന്ന് കളക്ടര്‍ വി.ആര്‍. വിനോദ്. അവബോധം ലഭിച്ചതോടെ ജനങ്ങള്‍ ആരോഗ്യത്തെക്കുറിച്ച് കുറച്ചുകൂടി ഗൗരവമുള്ളവരായി. ഡോക്ടര്‍മാരും ഹോട്ടലുകാരും വിവിധ വിഭാഗങ്ങളും നല്ല സഹകരണവുമായി മുന്നോട്ടുവരുന്നു. -അദ്ദേഹം പറഞ്ഞു.

Content Highlights: malappuram district collector vr vinod cycling exercise