ഞാന്‍ എന്ത് ജോലിയാണ് ചെയ്യുന്നത് എന്നതില്‍ മകന് ഇപ്പോഴും ആശയക്കുഴപ്പം - മലൈക അറോറ

മലൈക അറോറ മകന്‍ അര്‍ഹാന്‍ ഖാനൊപ്പം | Photo: instagram/ malaika arora
മലൈക അറോറ മകന്‍ അര്‍ഹാന്‍ ഖാനൊപ്പം | Photo: instagram/ malaika arora

പാരീസ് യാത്രയുടെ ചിത്രങ്ങള്‍ അടുത്തിടെ നടി മലൈക അറോറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. പാരീസിലെ തെരുവുകളിലൂടെ നടക്കുന്ന ചിത്രങ്ങളും ഒളിമ്പിക്‌സില്‍ നീരജ് ചോപ്രയുടെ ജാവലിന്‍ ത്രോ മത്സരം കാണുന്നതിന്റെ വീഡിയോയും നടി പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ മകന്‍ അര്‍ഹാന്‍ ഖാന് തന്റെ ജോലിയെ കുറിച്ച് വ്യക്തതയില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മലൈക. അമേരിക്കന്‍ വിമന്‍ ഫാഷന്‍ മാഗസിനായ ഹാര്‍പേഴ്‌സ് ബസാറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തന്റെ യഥാര്‍ഥ ജോലി എന്താണെന്നതില്‍ മകന് എപ്പോഴും സംശയമുണ്ടായിരുന്നുവെന്നും സുഹൃത്തുക്കളുടെ ചോദ്യങ്ങള്‍ക്ക് അവന്‍ പല ഉത്തരമാണ് നല്‍കാറുള്ളതെന്നും മലൈക പറയുന്നു.

'കഴിഞ്ഞ ദിവസം എന്റെ മകന്‍ എന്നോട് പറഞ്ഞു ഞാന്‍ എന്ത് ജോലിയാണ് ചെയ്യുന്നതെന്ന കാര്യത്തില്‍ അവനും അവന്റെ സുഹൃത്തുക്കളും ആശയക്കുഴപ്പത്തിലാണെന്ന്. ഞാന്‍ സിനിമകളും പാട്ടുകളും ചെയ്തിട്ടുണ്ട്. വിജെ ആയിരുന്നു. ഒരു മോഡലും ടിവി ഷോയിലെ വിധികര്‍ത്താവുമാണ്. ഇത്തരത്തില്‍ വ്യത്യസ്ത ജോലികള്‍ ചെയ്യുന്നതിനാണ് ഈ ആശയക്കുഴപ്പമെന്നും മകന്‍ എന്നോട് പറഞ്ഞു. സുഹൃത്തുക്കളുടെ ചോദ്യത്തിന് ഏത് ഉത്തരം നല്‍കണമെന്ന് മകന് അറിയില്ലെന്നും മലൈക  അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

നടി, ടിവി അവതാരക, ഡാന്‍സ് റിയാലിറ്റി ഷോ വിധികര്‍ത്താവ്, നര്‍ത്തകി, മോഡല്‍ എന്നിങ്ങനെ വിവിധ മേഖലകളിലാണ് മലൈക കഴിവ് തെളിയിച്ചത്. തനിക്ക് നല്ലതായി തോന്നുന്നത് താന്‍ ചെയ്യുന്നുണ്ടെന്നും ഒരൊറ്റ കാര്യംകൊണ്ട് സ്വയം നിര്‍വചിക്കേണ്ട ആവശ്യമില്ലെന്നും മലൈക അഭിമുഖത്തില്‍ പറയുന്നു. 48 വയസ്സായിട്ടും ഇത്ര സുന്ദരിയായിരിക്കാന്‍ എങ്ങനെ കഴിയുന്നു എന്ന് ആളുകള്‍ പറയുമ്പോള്‍ ഒരുപാട് സന്തോഷം തോന്നാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഹാര്‍പേഴ്‌സ് ബസാറിന്റെ കവര്‍ ചിത്രത്തിനായി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും മലൈക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. മലൈകയുടേയും നടന്‍ അര്‍ബാസ് ഖാന്റേയും മകനാണ് അര്‍ഹാന്‍ ഖാന്‍. 1998-ല്‍ വിവാഹിതരായ ഇരുവരും 18 വര്‍ഷത്തെ ദാമ്പത്യത്തിന്‌ശേഷം 2016-ല്‍ വേര്‍പിരിയുകയായിരുന്നു. 

Content Highlights: malaika arora reveals her son arhaan gets confused when his friends ask what his moms job