പ്രായത്തിലെ ആശയക്കുഴപ്പം, ഗോവയിലെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് വ്യക്തത വരുത്തി മലൈക അറോറ

ഒടുവില്‍ തന്റെ പ്രായത്തില്‍ വ്യക്തത വരുത്തി നടി മലൈക അറോറ. ഗോവയില്‍ നടന്ന ജന്മദിനാഘോഷങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചാണ് മലൈക തന്റെ പ്രായം വെളിപ്പെടുത്തിയത്. തന്റെ അമ്പതാം പിറന്നാള്‍ മനോഹരമാക്കിയ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നന്ദി അറിയിക്കുന്നുവെന്നാണ് മലൈക ഇതിനൊപ്പം കുറിച്ചത്.
മലൈകയുടെ പിറന്നാളിന് ഒന്നിലധികം പാര്‍ട്ടികളാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും സംഘടിപ്പിച്ചത്. മലൈക ചിരിക്കുന്നതും നൃത്തം ചെയ്യുന്നതും ക്യാമറയ്ക്ക് പോസ് ചെയ്യുന്നതുമെല്ലാം ചിത്രങ്ങളില്‍ കാണാം. അമ്മ ജോയ്‌സ്, സഹോദരി അമൃത അറോറ, മകന്‍ അര്‍ഹാന്‍ ഖാന്‍ എന്നിവരും ആഘോഷങ്ങളില്‍ പങ്കെടുത്തു. കറുപ്പും വെളുപ്പും കലര്‍ന്ന പോള്‍ക്ക ഡോട്ട് വസ്ത്രം, ഒരു പിങ്ക് ഔട്ട്ഫിറ്റ്, ഒരു ഗോള്‍ഡന്‍ ഗൗണ്‍ എന്നിവയായിരുന്നു താരത്തിന്റെ ഔട്ട്ഫിറ്റുകള്‍.
'എന്റെ ഹൃദയം നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും ആശംസകള്‍ക്കും, എന്റെ 50-ാം പിറന്നാള്‍ സവിശേഷമാക്കിയതിനും എല്ലാവര്‍ക്കും നന്ദി. ഇത്രയും മനോഹരമായ ഒരു ആഘോഷം ആസൂത്രണം ചെയ്യാനും ഒരുക്കാനും എന്നെ സഹായിച്ച പ്രിയപ്പെട്ടവര്‍ക്കും, എന്നോടൊപ്പം ആഘോഷിച്ച എന്റെ സുഹൃത്തുക്കള്‍ക്കും പ്രത്യേക നന്ദി. എനിക്ക് ഇതില്‍ കൂടുതല്‍ ഒന്നും ചോദിക്കാനില്ല!'-മലൈക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആളുകള്‍ മലൈക 2019-ല്‍ തന്റെ 46-ാം ജന്മദിനമാണ് ആഘോഷിച്ചതെന്നും ഇപ്പോള്‍ അവര്‍ക്ക് 52 വയസായെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അവരുടെ പ്രായത്തെച്ചൊല്ലി ആശയക്കുഴപ്പങ്ങളുണ്ടാക്കി. ഇതിന് പിന്നാലെ മലൈകയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് അമൃത പ്രായത്തെ കുറിച്ച് കുറിപ്പ് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. 'എല്ലാ വര്‍ഷവും 50 ആണെന്ന് പറഞ്ഞിട്ട് നീ ഒടുവില്‍ 50-ലെത്തി. എന്റെ സുന്ദരിയായ സഹോദരീ, ഇതിലും മികച്ചൊരു അമ്പത് വയസുകാരിയുണ്ടാകുമോ' എന്നായിരുന്നു അവര്‍ കുറിച്ചത്.
Content Highlights: malaika arora finally addresses confusion over her age