ചെറുപ്പത്തിലേ വിവാഹം കഴിച്ച് മണ്ടത്തരത്തിലേക്ക് ചാടരുത്, വിവാഹ ജീവിതത്തെക്കുറിച്ച് മലൈക അറോറ

#Lifestyle desk
മലൈക അറോറ| ഫോട്ടോ: Instagram/@malaikaaroraofficial
മലൈക അറോറ| ഫോട്ടോ: Instagram/@malaikaaroraofficial

ചെറുപ്പത്തിലേ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് തന്റെ അനുഭവം പങ്കുവെച്ച് ബോളിവുഡ് താരം മലൈക അറോറ. 25-ാം വയസ്സിലാണ് മലൈക, അർബാസ് ഖാനുമായി വിവാഹിതയാകുന്നത്. താൻ വിവാഹിതയായ സമയത്ത് കുടുംബജീവിതത്തിലേക്ക് കടക്കാൻ വളരെ ചെറുപ്പമായിരുന്നുവെന്ന് മലൈക പറയുന്നു. സ്ത്രീകൾ ജീവിതം അനുഭവിച്ചറിയണമെന്നും അതിനുശേഷം മാത്രമേ വിവാഹത്തെക്കുറിച്ച് തീരുമാനമെടുക്കാവൂ എന്നും ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ മലൈക അഭിപ്രായപ്പെട്ടു.

വിവാഹത്തിന് മുമ്പ് സ്ത്രീകൾ സാമ്പത്തികമായും വൈകാരികമായും സ്വതന്ത്രരാകണമെന്നതാണ് മലൈകയുടെ നിർദ്ദേശം. ചെറുപ്പത്തിൽ വിവാഹം കഴിച്ചത് വഴി നേരത്തെ അമ്മയാകാൻ കഴിഞ്ഞു എന്നത് മനോഹരമായ കാര്യമായി താരം കരുതുന്നു. എങ്കിലും ജീവിതം ആസ്വദിച്ച ശേഷം മാത്രം കുടുംബജീവിതത്തിലേക്ക് കടക്കുന്നതാണ് ഉചിതമെന്ന് താരം വ്യക്തമാക്കി.

1990-കളുടെ പകുതിയിൽ പ്രണയം തുടങ്ങിയ മലൈകയും അർബാസ് ഖാനും 1998-ലാണ് വിവാഹിതരായത്. ദീർഘകാലത്തെ ദാമ്പത്യത്തിന് ശേഷം 2017-ലാണ് ഇവർ നിയമപരമായി വിവാഹമോചിതരായത് . അർഹാൻ എന്ന് പേരുള്ള 23 വയസ്സുള്ള ഒരു മകനുണ്ട്. അർബാസുമായുള്ള വേർപിരിയലിന് ശേഷം 2016 മുതൽ 2024 വരെ നടൻ അർജുൻ കപൂറുമായി മലൈക പ്രണയത്തിലായിരുന്നു.

പരാജയപ്പെട്ട ഒരു വിവാഹം തന്റെ ജീവിതത്തിൽ ഉണ്ടായെങ്കിലും വിവാഹം എന്ന സ്ഥാപനത്തിൽ ഇപ്പോഴും വിശ്വാസമുണ്ടെന്ന് മലൈക പറയുന്നു. തന്റെ ജീവിതത്തിൽ വളരെയധികം സംതൃപ്തയാണെന്നും വിവാഹത്തിനായി ഇപ്പോൾ അന്വേഷിച്ചു നടക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. എങ്കിലും ഭാവിയിൽ പ്രണയത്തിനോ പുതിയൊരു ബന്ധത്തിനോ താൻ എതിരല്ലെന്നും വിവാഹത്തിനുള്ള അവസരം വന്നാൽ അത് സ്വീകരിക്കുമെന്നും താരം വ്യക്തമാക്കി.

Content Highlights: Bollywood star Malaika Arora shares her experience with early marriage.