സിംഗിളാണ്, വിദേശിയെ വിവാഹം കഴിക്കാനല്ല വിരമിക്കുന്നത്; വിശദീകരിച്ച് 'നാഷണൽ ക്രഷ്' ഋഷഭ്

'നാഷണൽ ക്രഷ്' എന്ന് സോഷ്യൽ മീഡിയ വിശേഷിപ്പിച്ച, രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ മുൻ എ.ഡി.സി (എയ്ഡ്-ഡി-ക്യാംപ്) മേജർ ഋഷഭ് സിങ് സംബ്യാൽ സൈനിക സേവനത്തിൽനിന്ന് വിരമിച്ചു. 12 വർഷത്തെ സേവനത്തിനു ശേഷമാണ് അദ്ദേഹം ഇന്ത്യൻ സൈന്യത്തിന്റെ യൂണിഫോം അഴിച്ചുവെക്കുന്നത്. സൈന്യത്തിൽനിന്നു വിരമിക്കാനുള്ള തീരുമാനം ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയത ഒന്നായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യക്തിപരവും കുടുംബപരവുമായ കാരണങ്ങളാലാണ് ഈ പിന്മാറ്റമെന്നും അദ്ദേഹം പറഞ്ഞു.
'എല്ലാവരുടെയും ജീവിതത്തിൽ തികച്ചും അപ്രതീക്ഷിതമായി ചില സാഹചര്യങ്ങളും സംഭവങ്ങളും ഉണ്ടാകും, അത് നിങ്ങളുടെ ജീവിതത്തെ എന്നെന്നേക്കാമായി മാറ്റിമറിക്കും.' വിരമിക്കൽ വാർത്തകൾക്ക് പിന്നാലെ ഇൻസ്റ്റാഗ്രാം ലൈവിലൂടെ അദ്ദേഹം പ്രതികരിച്ചു. തനിക്കെതിരെ ഉയരുന്ന അനാവശ്യ ഊഹാപോഹങ്ങൾക്ക് മറുപടിയായി, താൻ ഉടനെയൊന്നും വിവാഹിതനാകാൻ പദ്ധതിയിട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഞാൻ വിവാഹിതനാണോ എന്ന് ഒരുപാട് പേർ ചോദിച്ചിരുന്നു. അല്ല, വിവാഹിതനല്ല, എനിക്ക് ഗേൾഫ്രണ്ടുമില്ല. പലരും ഞാൻ വിരമിക്കുന്നത് വിദേശിയെ വിവാഹം കഴിക്കുന്നതിനു വേണ്ടിയാണെന്നും പറഞ്ഞിരുന്നു. അതിലും സത്യമില്ല. എനിക്ക് അങ്ങനെ ഒരു പ്ലാനുമില്ല. അടുത്തൊന്നും വിവാഹം കഴിക്കാൻ ഉദ്ദേശ്യമില്ല. വിവാഹിതനാകുമ്പോൾ നിങ്ങളെ എല്ലാവരെയും അറിയിച്ചുകൊണ്ടായിരിക്കും വിവാഹം.' ഋഷഭ് പറഞ്ഞു.
സൈനിക യൂണിഫോം എന്ന സ്വപ്നത്തിന് പിന്നിലെ കഠിനാധ്വാനത്തെക്കുറിച്ചും മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും പിന്തുണയെക്കുറിച്ചുമെല്ലാം ഈ വീഡിയോയിൽ ഋഷഭ് സംസാരിക്കുന്നുണ്ട്.
ഓഗസ്റ്റ് 21-നാണ് അദ്ദേഹം രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് നന്ദിയറയിച്ചതും അനുഗ്രഹം തേടിയതും. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് അദ്ദേഹം ഔദ്യോഗികമായി സേവനമവസാനിപ്പിച്ച വിവരം പുറംലോകമറിയുന്നത്.
ജമ്മു കശ്മീരിലെ സാംബ ജില്ലയിലുള്ള ഗുര സ്ലാത്തീയ ഗ്രാമത്തിലെ ഡോഗ്ര രാജ്പുത് കുടുംബത്തിലാണ്ഋഷഭ് ജനിച്ചത്. സൈനിക പശ്ചാത്തലമുള്ള കുടുംബത്തിലെ മൂന്നാം തലമുറക്കാരനായ അദ്ദേഹം 2013-ൽ എൻ.ഡി.എ പരീക്ഷ പാസ്സായി 2014-ൽ പരിശീലനം ആരംഭിച്ചു. 2017-ൽ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ (ഐ.എം.എ) നിന്ന് പ്രതിരോധ മാനേജ്മെന്റിൽ ബിരുദം നേടി സൈന്യത്തിന്റെ ഭാഗമായി. 2021-ലെ റിപ്പബ്ലിക് ദിന പരേഡിൽ മികച്ച മാർച്ചർമാർക്കുള്ള ട്രോഫി കരസ്ഥമാക്കിയതാണ് അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായത്.
തുടർന്ന്, കരസേനയിലെ അതിവിശിഷ്ടമായ '4 പാരാ സ്പെഷ്യൽ ഫോഴ്സ്' വിഭാഗത്തിൽ സേവനമനുഷ്ഠിച്ച അദ്ദേഹം, കഠിനമായ പരിശീലനം പൂർത്തിയാക്കുന്നവർക്ക് മാത്രം ലഭിക്കുന്ന അഭിമാനകരമായ 'ബലിദാൻ ബാഡ്ജും' സ്വന്തമാക്കി. 2023 മാർച്ച് മാസത്തിലാണ് രാഷ്ട്രപതിയുടെ എ.ഡി.സി ആയി അദ്ദേഹം നിയമിതനാകുന്നത്.
രാഷ്ട്രപതിയുടെ പ്രോട്ടോക്കോൾ മാനേജ്മെന്റ്, സുരക്ഷ, പ്രമുഖ വിദേശ നേതാക്കളുടെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ഔദ്യോഗിക സന്ദർശനങ്ങൾ ഏകോപിപ്പിക്കൽ തുടങ്ങിയ നിർണായക ചുമതലകൾ അദ്ദേഹം കാര്യക്ഷമമായി നിർവ്വഹിച്ചു. എട്ട് വിദേശ രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക നയതന്ത്ര സന്ദർശനങ്ങളിലും രാഷ്ട്രപതിയെ അനുഗമിച്ചു. രാഷ്ട്രപതിയുടെ വിശിഷ്ട സേവന ബാഡ്ജ്, ആർമി ചീഫിന്റെയും വൈസ് ചീഫിന്റെയും അഭിനന്ദനക്കത്തുകൾ എന്നിവയും നേടിയിട്ടുണ്ട്.
ഔദ്യോഗിക ചുമതലകൾ കൃത്യതയോടെ നിർവ്വഹിക്കുന്നതിനിടയിലും, അദ്ദേഹത്തിന്റെ ഗൗരവമാർന്ന പെരുമാറ്റവും 'ജെന്റിൽമാൻ ലുക്കും' സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.
രാഷ്ട്രപതി ഭവനിലെ ചടങ്ങുകളിലെ ചിത്രങ്ങൾ വൈറലായതോടെയാണ് ഇൻസ്റ്റാഗ്രാമിലും മറ്റും ആരാധകർ അദ്ദേഹത്തെ 'നാഷണൽ ക്രഷ്' എന്ന് വിശേഷിപ്പിക്കാൻ തുടങ്ങിയത്. ഇൻസ്റ്റാഗ്രാമിൽ മാത്രം നാലര ലക്ഷത്തോളം ഫോളോവേഴ്സാണ് ഋഷഭിനുള്ളത്.
സൈനികസേവനം അവസാനിപ്പിച്ചെങ്കിലും സ്ട്രാറ്റജിക് ലീഡർഷിപ്പ്, റിസ്ക് ആൻഡ് ക്രൈസിസ് മാനേജ്മെന്റ്, ഓപ്പറേഷണൽ പ്ലാനിങ് എന്നീ മേഖലകളിൽ തന്റെ 12 വർഷത്തെ പരിചയസമ്പത്തുമായി കരിയറിലെ പുതിയ അധ്യായത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് മേജർ ഋഷഭ് സിങ് സാംബിയാൽ എന്നും റിപ്പോർട്ടുകളുണ്ട്.