‘യുഎസ് ജീവിതം ശാന്തമായിരുന്നു’, ഇന്ത്യയിലേക്ക് മടങ്ങിയതിൻ്റെ കാരണം വ്യക്തമാക്കി മാധുരി ദീക്ഷിത്

തൊണ്ണൂറുകളിൽ കരിയറിൻ്റെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് ബോളിവുഡ് താരം മാധുരി ദീക്ഷിത് വിവാഹിതയാകുന്നത്.1999-ൽ ഡോ. ശ്രീറാം നെനെയെ വിവാഹം കഴിച്ച ശേഷം ഇന്ത്യ വിട്ട് അമേരിക്കയിലേക്ക് പോയ മാധുരി, ഏകദേശം ഒരു പതിറ്റാണ്ടോളം അവിടെ താമസിച്ച ശേഷമാണ് തിരികെ മടങ്ങിയത്.
ഭർത്താവ് ശ്രീറാമുമായി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതിൻ്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം. വിവാഹശേഷം മാധുരി അഭിനയ ജീവിതത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. രൺവീർ അലഹബാദിയയുടെ യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ അമേരിക്കയിലെ ജീവിതം "അതിശയിപ്പിക്കുന്നതും ശാന്തവുമായിരുന്നു" എന്ന് മാധുരി പറയുന്നുണ്ട്. "ഞാൻ എൻ്റെ മക്കളോടൊപ്പം സമയം ചെലവഴിച്ചു, അവരെ പാർക്കിൽ കൊണ്ടുപോയി, അവരോടൊപ്പം കളിച്ചു. ഇക്കാര്യങ്ങൾ ചെയ്ത് എൻ്റെ സ്വപ്നം ജീവിക്കുകയായിരുന്നു," അവർ പറഞ്ഞു.
ഇന്ത്യയിലേക്ക് മടങ്ങിയെത്താനുള്ള തീരുമാനത്തിന് പിന്നിൽ പല ഘടകങ്ങളുണ്ടായിരുന്നുവെന്ന് മാധുരി വ്യക്തമാക്കി.
മാതാപിതാക്കൾ തന്നോടൊപ്പമാണ് താമസിച്ചിരുന്നതെന്നും പ്രായമായി വരുന്നതുകൊണ്ടുതന്നെ അവർ ഇന്ത്യയിലേക്ക് തിരികെ വരാൻ ആഗ്രഹിച്ചിരുന്നെന്നും മാധുരി പറയുന്നുണ്ട്.. തൻ്റെ കരിയറിൽ ഉടനീളം അവർ തനിക്കൊപ്പം ഉണ്ടായിരുന്നുവെന്നും അവരെ തനിച്ചാക്കാൻ താൻ ആഗ്രഹിച്ചില്ലെന്നും മാധുരി കൂട്ടിച്ചേർത്തു. മാധുരിയുടെ സഹോദരങ്ങളും ഭർത്താവിൻ്റെ കുടുംബവും ഇപ്പോഴും അമേരിക്കയിലാണ് താമസിക്കുന്നത്.
ഇടയ്ക്കിടെ ജോലിക്കായി ഇന്ത്യയിലേക്ക് വരികയും തിരികെ അമേരിക്കയിലേക്ക് മടങ്ങുകയും ചെയ്യുന്നത് വളരെ ബുദ്ധിമുട്ടായി മാറിയിരുന്നതും സ്ഥിരമായി നാട്ടിലേക്ക് മടങ്ങാൻ ഒരു കാരണമായി പറയുന്നുണ്ട്. ഭർത്താവ് ശ്രീറാമിനും മാറ്റം ആവശ്യമായിരുന്നു എന്നത് പരിഗണിച്ചതായും അവർ പറയുന്നു.
Content Highlights: Madhuri Dixit explains why she returned to India after a decade in the US with husband Dr. Sriram Nene.