എസിയില്ലാതെ ചൂടെടുത്ത് ലണ്ടൻ ട്യൂബിലൂടെ യാത്ര; ബെംഗളൂരു മെട്രോ എത്രയോ മികച്ചതാണെന്ന് യുവതി

ഇന്ത്യയിലെ മെട്രോ സംവിധാനവും ലണ്ടൻ ട്യൂബുമായി താരതമ്യം ചെയ്ത് യുവതി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ബെംഗളൂരിലെ മെട്രോ സൗകര്യം ലണ്ടനിലെ അണ്ടർഗ്രൗണ്ട് റെയിൽവേ സംവിധാനമായ ലണ്ടൻ ട്യൂബിനേക്കാൾ മികച്ചതും ആഡംബരം നിറഞ്ഞതുമാണെന്ന് യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. 'ഇതുവരെ ആരും ചർച്ച ചെയ്യാത്ത മെട്രോ താരതമ്യം' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്.
ലണ്ടൻ ട്യൂബിൽ യാത്ര ചെയ്യുമ്പോൾ ഇന്ത്യയിൽ സാധാരണയായി കാണുന്ന സൗകര്യങ്ങൾ ഒരു ആഡംബരമായി തോന്നുന്നുവെന്ന് അവർ വീഡിയോയിൽ പറയുന്നു. 'നിങ്ങൾ ഇത് വിശ്വസിക്കില്ല. ലണ്ടനിൽ നിന്ന് ടവർ ബ്രിഡ്ജിലേക്ക് മെട്രോയിൽ സഞ്ചരിക്കുമ്പോൾ ഞാൻ ശരിക്കും അതിന്റെ പ്രശ്‌നങ്ങൾ അനുഭവിച്ചു. എനിക്ക് വിയർക്കാനും ചൂടെടുക്കാനും തുടങ്ങി. ലണ്ടൻ ട്യബിലെ പല ട്രെയ്‌നുകളിലും സ്റ്റേഷനുകളിലും എസി ഇല്ലെന്ന് അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്.
ലോകത്തിലെ ഏറ്റവും മികച്ച നഗങ്ങളിലൊന്നായ ലണ്ടനിലെ പ്രധാന യാത്രസൗകര്യത്തിൽ എസി ഇല്ലാത്തത് എന്നെ ശരിക്കും അദ്ഭുതപ്പെടുത്തി. അത്രയും തിരക്കുള്ള സമയത്ത് ചൂടിൽ ഇരുന്ന് യാത്ര ചെയ്യേണ്ടി വരുന്ന അവസ്ഥ ആലോചിക്കാനാവില്ല. എന്നാൽ ഇന്ത്യയിൽ ഇതല്ല അവസ്ഥ. ഇവിടെ പൊതുഗതാഗത സംവിധാനം കൂടുതൽ മെച്ചപ്പെടുകയാണ്. ബെംഗളൂരുവിലെ മെടോയിൽ സ്‌റ്റേഷനിലും തീവണ്ടികളിലും എസിയുണ്ട്. അത് തണുപ്പുള്ളതും സുഖപ്രദവും കാലാവസ്ഥയ്ക്ക് അനുയോജ്യവുമാണ്. ഈ യാത്ര പുതിയ കാഴ്ച്ചപ്പാടാണ് നൽകിയത്. നാട്ടിൽ ഏറ്റവും നിസാരമായി കാണുന്ന കാര്യങ്ങൾ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നമുക്ക് ആഡംബരമായി തോന്നാം.'-യുവതി വീഡിയോയിൽ പറയുന്നു.
ഇതിന് താഴെ ഒട്ടേറെപ്പേരാണ് പ്രതികരിച്ചത്. വിദേശത്ത് ചില ലോബികൾ കാരണമാണ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടാത്തതെന്ന് ചിലർ കുറിച്ചു. ഇന്ത്യയിലെ സൗകര്യങ്ങൾ ചിലർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും കമന്റുകളുണ്ട്.