ഇങ്ങനെയുമുണ്ടോ ഒരു ബോസ്! മീറ്റിങ്ങിനിടെ പറഞ്ഞ ആഗ്രഹം; ലണ്ടനിലിരുന്ന് രണ്ട് പെട്ടി മാങ്ങാ അയച്ച് ബോസ്

കോർപ്പറേറ്റ് ലോകത്തെ സമ്മർദ്ദങ്ങൾക്കിടയിൽ പലപ്പോഴും മനുഷ്യത്വപരമായ ബന്ധങ്ങൾക്കും സ്നേഹപ്രകടനങ്ങൾക്കും ഇടം കുറവാണെന്ന പരാതി പരക്കെയുണ്ട്. എന്നാൽ മറിച്ചും സംഭവിക്കാമെന്ന് കാണിക്കുന്നതാണ് മുംബൈ സ്വദേശിനിയായ മുദ്രിക കൗഡിയ എക്സിൽ പങ്കുവെച്ച പോസ്റ്റ്.
ലണ്ടൻ ആസ്ഥാനമായുള്ള ബോസിൽ നിന്ന് ലഭിച്ച അപ്രതീക്ഷിത സമ്മാനമാണ് കഥയിലെ താരം.
ജോലി സംബന്ധമായ ഒരു മീറ്റിങ്ങിനിടെ മുദ്രിക പറഞ്ഞ ചെറിയ പരിഭവമാണ് തുടക്കം. തന്റെ നാട്ടിൽ ഇപ്പോഴും നല്ല മാമ്പഴങ്ങൾ വിപണിയിൽ എത്തിത്തുടങ്ങിയിട്ടില്ലെന്നും താനും മുത്തശ്ശിയും മാമ്പഴം കഴിക്കാൻ കൊതിച്ചിരിക്കുകയാണെന്നും മുദ്രിക മീറ്റിങ്ങിനിടെ വെറുതെ പറഞ്ഞുപോയി. ലണ്ടനിലിരുന്ന് മീറ്റിങ്ങിൽ പങ്കെടുത്ത കമ്പനി ഡയറക്ടർ ആഗ്രഹം തമാശയായി തള്ളിക്കളഞ്ഞില്ല. അദ്ദേഹം അത് കൃത്യമായി ഓർത്തുവെച്ചു.
മുംബൈ സ്വദേശി കൂടിയായ ഡയറക്ടർ ലണ്ടനിലിരുന്ന് തന്നെ ഇതിനായി വേണ്ട കാര്യങ്ങൾ ചെയ്തു. രണ്ട് ദിവസത്തിനുള്ളിൽ മുദ്രികയുടെ വീട്ടിൽ രണ്ട് വലിയ പെട്ടികൾ നിറയെ മികച്ച ഗുണനിലവാരമുള്ള വിപണിയിൽ ലഭ്യമായ മാമ്പഴങ്ങൾ എത്തിച്ചുനൽകി. തന്റെ ആഗ്രഹം ഇത്രവേഗം ഇത്രയും മനോഹരമായി നിറവേറ്റപ്പെടുമെന്ന് മുദ്രിക സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
‘ഞാൻ മീറ്റിങ്ങിനിടെ വെറുതെ പറഞ്ഞതായിരുന്നു അത്. അദ്ദേഹം ലണ്ടനിലിരുന്ന് രണ്ട് ദിവസത്തിനുള്ളിൽ എന്റെ വീട്ടിലേക്ക് രണ്ട് പെട്ടി മാമ്പഴം എത്തിച്ചു. ഇത്തരം ലീഡർമാരെ ദൈവം അനുഗ്രഹിക്കട്ടെ’- വീട്ടുപടിക്കൽ എത്തിയ മാമ്പഴപ്പെട്ടികളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് മുദ്രിക എക്സിൽ കുറിച്ചതിങ്ങനെ.
മുദ്രികയുടെ പോസ്റ്റ് വൈറലായതോടെ രസകരമായ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇതുപോലൊരു ബോസിനെ കിട്ടാൻ ഭാഗ്യം ചെയ്യണം, ജീവനക്കാരെ യന്ത്രങ്ങളായല്ല മനുഷ്യരായാണ് ഇദ്ദേഹം കാണുന്നത് എന്നിങ്ങനെ പോകുന്നു കമന്റുകൾ. ദൂരങ്ങൾക്കപ്പുറത്തിരുന്നും തന്റെ ടീമിലെ ഓരോരുത്തരുടെയും ചെറിയ ഇഷ്ടങ്ങളെപ്പോലും മാനിക്കുന്ന ഇത്തരം മേലധികാരികൾ തൊഴിലിടങ്ങളിലെ പോസിറ്റീവ് സംസ്കാരത്തിന്റെ പ്രതീകമാണെന്ന് സൈബർ ലോകം വിലയിരുത്തുന്നു.
Content Highlights: Boss Surprises Employee With Mangoes After A Casual Meeting Comment