സിനിമ കണ്ടാൽ കരയും, വൈനിൽ സ്‌പ്രൈറ്റ് ഒഴിച്ച് കുടിക്കാനാണ് ഇഷ്ടം- സ്വകാര്യ ജീവിതത്തെ കുറിച്ച് മെസ്സി

ഫുട്‌ബോൾ ചരിത്രത്തിലെ ഇതിഹാസ താരങ്ങളിൽ ഒരാളാണ് ലയണൽ മെസ്സി. രാജ്യത്തിനൊപ്പവും ക്ലബ്ബുകൾക്കൊപ്പവും മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ മെസ്സി 2026 ലോകകപ്പിലേക്ക് പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. മേജർ ലീഗ് സോക്കർ ഈ സീസണിൽ ഇന്റർ മയാമിക്കൊപ്പം മെസ്സി കിരീടം നേടിയിരുന്നു. അതിനുശേഷം ചെറിയ ഇടവേള എടുത്ത താരം ഫുട്‌ബോളിന് പുറത്തുള്ള തന്റെ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ്. അർജന്റീനൻ മാധ്യമമായ ലുസു ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് മെസ്സി തുറന്നു സംസാരിച്ചത്.
സ്വകാര്യ ജീവിതത്തിൽ താൻ ഏകാന്തത ആഗ്രഹിക്കുന്ന വ്യക്തിയാണെന്നും ഭാര്യക്കും കുട്ടികൾക്കുമൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നയാളാണെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ റീലും മറ്റും കാണാനായി കുറേയധികം സമയം ചെലവഴിക്കാറുണ്ട്. സെലിബ്രിറ്റി ഗോസിപ് വീഡിയോകളും ഇടയ്ക്ക് കാണാറുണ്ടെന്നും മെസ്സി പറയുന്നു.
വൈൻ ഒറ്റയ്ക്ക് കുടിക്കുന്നത് ഇഷ്ടമല്ലെന്നും അതിൽ സ്‌പ്രൈറ്റ് കലർത്തിയാണ് കുടിക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങനെയാകുമ്പോൾ വേഗത്തിൽ അതിന്റെ ഗുണം ലഭിക്കുമെന്നും മെസ്സി പറയുന്നു. വളരേയധികം സെൻസിറ്റീവായ വ്യക്തിയായതിനാൽ സിനിമിയലെ വൈകാരിക സീനുകൾ കാണുമ്പോഴേക്കും താൻ കരയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രൊഫഷണൽ ഫുട്‌ബോളിൽനിന്ന് വിരമിച്ചശേഷം പരിശീലകനാകാൻ താത്പര്യമില്ലെന്നും മെസ്സി വ്യക്തമാക്കി. ഒരു ഫുട്‌ബോൾ ക്ലബ്ബ് സ്വന്തമാക്കാൻ ആഗ്രഹമുണ്ട്. അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് ആലോചിക്കുന്നത്. സാധാരണ ക്ലബ്ബിനെ സ്വന്തമാക്കി അതിനെ ലോകനിലവാരത്തിലേക്ക് വളർത്തിക്കൊണ്ടു വരണമെന്നാണ് ആഗ്രഹം. വളർന്നുവരുന്ന താരങ്ങൾക്ക് അവസരം നൽകണം. അവരുടെ സ്വപ്ങ്ങൾക്ക് പിന്തുണ നൽകണമെന്നും മെസ്സി വ്യക്തമാക്കുന്നു.
Content Highlights: lionel messi reveals what he will do when he leaves football