‘സുസ്മിത പണംതേടി പോകുന്നവളല്ല; പ്രണയത്തിലാണെന്ന പോസ്റ്റ് പങ്കുവെച്ചത് നടിയുടെ മുന്നിൽവെച്ചുതന്നെ’

ബോളിവുഡ് താരം സുസ്മിത സെന്നും ബിസിനസ്സുകാരനായ ലളിത് മോദിയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത വന്നതുമുതൽ നടിക്കെതിരെ സാമൂഹികമാധ്യമത്തിൽ അധിക്ഷേപങ്ങളും ഉയർന്നിരുന്നു. 2022-ലാണ് സുസ്മിതയുമായുള്ള പ്രണയം ലളിത് മോദി പരസ്യമാക്കിയത്. അധികകാലം കഴിയുംമുമ്പേ ആ ബന്ധം വേർപിരിയുകയും ചെയ്തിരുന്നു. എന്നാൽ, ലളിത് മോദിയുമായുള്ള ബന്ധം പുറത്തുവന്നതുമുതൽ സുസ്മിതയ്ക്ക് സമ്പത്ത് തേടിപ്പോകുന്നയാളാണെന്ന അർഥം വരുന്ന ‘ഗോൾഡ് ഡിഗർ’ എന്ന ടാഗും പലരും ചാർത്തിയിരുന്നു. ഇപ്പോഴിതാ അക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ലളിത് മോദി.
മുൻമിസ് യൂണിവേഴ്സ് കൂടിയായ സുസ്മിതയെ പിന്തുണച്ച ലളിത് മോദി നടി ഗോൾഡ് ഡിഗറല്ല മറിച്ച് താൻ ഡയമണ്ട് ഡിഗറാണെന്ന് പറഞ്ഞു. തങ്ങളുടെ ബന്ധം ഒരിക്കലും സമ്പത്തിനെ അധിഷ്ഠിതമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സുസ്മിത സ്വയം ജീവിതം കെട്ടിപ്പടുത്ത സമ്പന്നയായ സ്ത്രീയാണെന്നും അവർ ഒരിക്കലും പണം തേടി പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹ്യൂമൻസ് ഓഫ് ബോംബെയോട് സംസാരിക്കവേയാണ് ലളിത് മോദി ഇക്കാര്യങ്ങൾ പങ്കുവെച്ചത്. സുസ്മിത സുന്ദരിയും സമ്പന്നയുമായ സ്ത്രീയാണ്. താൻ ഇതുവരെ കണ്ടുമുട്ടിയ ആരെക്കാളും കൂടുതൽ ഡയമണ്ടുകൾ അവർക്കുണ്ട്. അവർ വളരെ സമ്പന്നയായ സ്ത്രീയാണ്. അത് സ്വയം കെട്ടിപ്പടുത്തതുമാണ്. സുസ്മിതയോടൊപ്പം പുറത്തുപോവുമ്പോൾ താൻ ഒരു ബില്ലും അടക്കേണ്ടി വരാറില്ലെന്നും എല്ലാം നടി തന്നെയാണ് ചെയ്യാറുള്ളതെന്നും ലളിത് മോദി പറഞ്ഞു. സുസ്മിത ഗോൾഡ് ഡിഗറല്ല, മറിച്ച് താൻ ഡയമണ്ട് ഡിഗറായിരുന്നുവെന്നും സുസ്മിതയാണ് ആ ഡയമണ്ട് എന്നും ലളിത് പറഞ്ഞു.
ആരിൽനിന്നും ഒന്നും സ്വീകരിക്കുന്നയാളല്ല സുസ്മിതയെന്നും ലളിത് മോദി പറഞ്ഞു. അതുകൊണ്ടുതന്നെ സുസ്മിതയെ ഗോൾഡ് ഡിഗറെന്നു വിളിക്കുന്നത് തെറ്റാണ്. തങ്ങൾ പ്രണയത്തിലാണെന്ന് പ്രഖ്യാപിച്ച പോസ്റ്റ് സുസ്മിതയ്ക്ക് മുമ്പിൽ വച്ചുതന്നെയാണ് സാമൂഹികമാധ്യമത്തിൽ പങ്കുവച്ചതെന്ന് അദ്ദേഹം പറഞ്ഞു. സുസ്മിതയൊരിക്കലും അത് കരുതിയിരുന്നില്ല. വിമാനത്തിൽവച്ച് എന്തിനോ വഴക്കുകൂടിയപ്പോൾ ഇനി ഇത് പോസ്റ്റ് ചെയ്യുന്നുണ്ടാവില്ലെന്ന് സുസ്മിത പറഞ്ഞു. അപ്പോൾ തന്നെ താൻ ചിരിച്ച് പോസ്റ്റ് ചെയ്യുകയാണ് ചെയ്തതെന്നും ലളിത് മോദി പറഞ്ഞു.
ആ പോസ്റ്റ് പരസ്യമായി പങ്കുവെച്ചതിൽ തനിക്ക് ദുഃഖമില്ലെന്നും ലളിത് മോദി പറഞ്ഞു. തങ്ങളുടേത് മനോഹരമായ കഥയായിരുന്നു, അതിൽ ഒരു മിനിറ്റ് പോലും ഖേദം തോന്നുന്നില്ല. തന്നെ ഇന്നത്തെ വ്യക്തിയായി വളരാൻ സഹായിച്ചതിൽ സുസ്മിതയുടെ പങ്ക് വലുതാണ്. സുസ്മിത തനിക്ക് വളരെ സ്പെഷലായിരുന്നു. പക്ഷേ, ദൂരം തങ്ങൾക്കിടയിൽ പ്രശ്നമായിരുന്നു. സുസ്മിതയുടെ കരിയർ ഇന്ത്യയിലും തന്റെ ജീവിതം ലണ്ടനിലുമായിരുന്നു. പക്ഷേ, അതൊരു സ്പെഷലായ ബന്ധമായിരുന്നു.
തന്നെ ഗോൾഡ് ഡിഗർ എന്ന് വിളിക്കുന്നവർക്ക് മറുപടിയുമായി 2022-ൽ തന്നെ സുസ്മിത പോസ്റ്റ് പങ്കുവെച്ചിരുന്നു. സ്വർണത്തേക്കാൾ ആഴത്തിലുള്ളത് തിരയുന്നയാളാണ് താൻ. എപ്പോഴും വജ്രങ്ങളെയാണ് ഇഷ്ടപ്പെടുന്നത്. അവ താൻ സ്വയം വാങ്ങുകയാണ് ചെയ്യുന്നതെന്നുമാണ് സുസ്മിത പറഞ്ഞത്. 2023-ൽ, മിഡ്-ഡേയുമായുള്ള ഒരു അഭിമുഖത്തിൽ, ലളിത് മോദിയുമായുള്ള തന്റെ ബന്ധത്തെ "മറ്റൊരു ഘട്ടം" എന്നാണ് സുസ്മിത പറഞ്ഞത്.
2022-ൽ എക്സിലൂടെ സുസ്മിതയെ തന്റെ നല്ലപാതി എന്ന് വിശേഷിപ്പിച്ചാണ് മോദി ട്വീറ്റ് ചെയ്തത്. ‘മാല ദ്വീപിലും സർഡീനിയയിലുമുള്ള സന്ദർശനം കഴിഞ്ഞ് ലണ്ടനിൽ മടങ്ങി എത്തിയതേയുള്ളൂ. അവസാനം പുതിയ ജീവിതത്തിന് പുതിയ തുടക്കമായിരിക്കുന്നു' എന്നാണ് ലളിത് മോദി ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. 46-കാരിയായ സുസ്മിതയും 31-കാരനായ മോഡൽ രോഹ്‌മാനും തമ്മിലുള്ള പ്രണയവും ഏറെ ചർച്ചയായിരുന്നു. എന്നാൽ, മൂന്നു വർഷത്തെ പ്രണയത്തിന് ശേഷം അവർ വേർപിരിഞ്ഞു.
Just back in london after a whirling global tour #maldives # sardinia with the families - not to mention my #betterhalf @sushmitasen47 - a new beginning a new life finally. Over the moon. 🥰😘😍😍🥰💕💞💖💘💓 pic.twitter.com/Vvks5afTfz
— Lalit Kumar Modi (@LalitKModi) July 14, 2022
സുസ്മിതയുടെ വിവാഹവാർത്ത പലപ്പോഴായി പ്രചരിച്ചിരുന്നെങ്കിലും വിവാഹത്തിൽനിന്ന് പിന്മാറി താരം രണ്ട് കുട്ടികളെ ദത്തെടുക്കുകയായിരുന്നു. റെനീ, അലീസ എന്നു പേരുള്ള ഈ മക്കൾക്കൊപ്പമുള്ള മനോഹര നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോയും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്.
1994-ൽ മനിലയിൽവെച്ചു നടന്ന മിസ് യൂണിവേഴ്‌സ് മത്സരത്തിൽ കിരീടം നേടിയതോടെയാണ് സുസ്മിത ശ്രദ്ധാകേന്ദ്രമായത്. 1996-ൽ മഹേഷ് ഭട്ടിന്റെ ദസ്തക് എന്ന ചിത്രത്തിലൂടേയായിരുന്നു ബോളിവുഡിലെ അരങ്ങേറ്റം.
Content Highlights: Lalit Modi clarified that Sushmita Sen is financially independent and not a gold digger., Modi stated he was the one who admired her as a 'diamond' rather than seeking wealth.