50 കോടിയുടെ മാനനഷ്ടക്കേസ് നൽകി കുമാർ സാനു, ഇനിയും ഉപദ്രവിക്കരുതെന്ന് മുൻഭാര്യ

മുൻഭാര്യ റിത ഭട്ടാചാര്യയ്‌ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ഗായകൻ കുമാർ സാനു. റിതയുടെ പ്രസ്താവനകൾ തന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയെന്ന് ആരോപിച്ചാണ് കേസ്. ചില റിപ്പോർട്ടുകളിൽ കാണുന്നതുപോലെ 30 ലക്ഷം രൂപയുടെ മാനനഷ്ടക്കേസ് അല്ലെന്നും 50 കോടി രൂപയാണ് ആവശ്യപ്പെട്ടതെന്നും റിത പ്രതികരിച്ചു.
'ഞെട്ടിപ്പോയി. അദ്ദേഹം തന്റെ മൂന്ന് മുതിർന്ന മക്കളുടെ അമ്മയ്ക്കെതിരെയാണ് കേസ് നൽകിയിരിക്കുന്നത്. അദ്ദേഹം എനിക്ക് അയച്ച കടലാസിൽ 50 കോടി രൂപയാണ് ആവശ്യപ്പെടുന്നത്. ഇത്രയധികം പണം എന്റെ കൈയിലുണ്ടെന്ന് സാനു എങ്ങനെയാണ് സ്വപ്നം കാണുന്നതെന്ന് എനിക്കറിയില്ല. ഇത് വളരെ സങ്കടകരമാണ്.'-ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിൽ റിത പറയുന്നു.
2001-ലാണ് കുമാർ സാനുവും റിതയും വേർപിരിഞ്ഞത്. ഇരുവർക്കും മൂന്ന് മക്കളാണുള്ളത്. ഏറ്റവും ഇളയ മകന് 31 വയസാണ് പ്രായം. ഈ നിയമനടപടി മക്കളുടെ ജീവിതത്തെ ബാധിക്കുന്നുണ്ടെന്നും റിത കൂട്ടിച്ചേർത്തുത്തു. 'ഞാൻ അദ്ദേഹത്തെ കോടതിയിൽ കാണും. നല്ല മനുഷ്യനായിരിക്കാനും ഞങ്ങളെ സ്‌നേഹിച്ചിട്ടില്ലെങ്കിലും ഉപദ്രവിക്കരുതെന്നും അദ്ദേഹത്തോട് കൈകൂപ്പി അഭ്യർഥിക്കും.'-റിത പറയുന്നു.
ഒരാഴ്ച്ച മുമ്പാണ് കുമാർ സാനു ബോംബെ ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലേയും സമീപകാല അഭിമുഖങ്ങളിലേയും റിതയുടെ പ്രസ്താവനകൾ തന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയതായി അദ്ദേഹം ആരോപിക്കുന്നു. വൈറൽ ഭയാനി, ഫിലിം വിൻഡോ എന്നിവരുമായുള്ള അഭിമുഖങ്ങളിൽ, ഗർഭകാലത്ത് സാനു തന്നെ ദുരുപയോഗം ചെയ്‌തെന്നും ഭക്ഷണം നിഷേധിക്കുകയും വൈദ്യസഹായം നിഷേധിക്കുകയും ചെയ്‌തെന്നും റിത ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾ വ്യാജവും വിദ്വേഷപരവുമാണെന്ന് സാനുവിന്റെ അഭിഭാഷകൻ പ്രതികരിച്ചു.
2001-ലെ വിവാഹമോചന കരാർ പ്രകാരം ഇരുവർക്കും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കാൻ കഴിയില്ലെന്നും റിത ഈ കരാർ ലംഘിച്ചിരിക്കുകയാണെന്നും കേസിൽ പറയുന്നു. 1986-ൽ റിതയും സാനുവും വിവാഹിതരായെങ്കിലും ഏഴ് വർഷത്തിന് ശേഷം അവർ വേർപിരിഞ്ഞു. 2001-ലാണ് ഔദ്യോഗികമായി വിവാഹമോചിതരായത്.
Content Highlights: kumar sanu has sued his ex wife rita bhattacharya for defamation